പയർ ചെടിയുടെ വിവിധ ഭാഗങ്ങൾ തിന്നു നശിപ്പിക്കുന്ന അനേകം പുഴുക്കളുണ്ട്. ഇവ ചെടിയുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കുന്നു. ഇത്തരം പുഴുക്കളുടെ നിയന്ത്രണമാർഗങ്ങൾ പരിചയപ്പെടാം.
കായ്തുരപ്പൻ പുഴു
പകുതി ശരീരം മാത്രം കായ്ക്കുള്ളിലാക്കി കായ്കൾ തിന്നു നശിപ്പിക്കുന്ന പുഴുക്കളെ കാണാറില്ലേ. ഇവയാണ് കായ്തുരപ്പൻ പുഴുക്കൾ. ഇത്തരം പുഴുക്കളുടെ പെൺ പ്രാണികൾ പൂക്കളിലും കായകളിലുമാണ് മുട്ടയിടുന്നത്. ഇവയുടെ എണ്ണം വർധിക്കുന്നതോടെ പൂക്കൾ ധാരാളമായി കൊഴിഞ്ഞുപോകും. പൂക്കളിലും കായകളിലും ധാരാളം ദ്വാരങ്ങളും ഒപ്പം പുഴുക്കളുടെ വിസർജ്യവും കാണാം. ആക്രമണഫലമായി പൂക്കളും കായ്കളും മൊത്തമായി നശിച്ചുപോകുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു.
നിയന്ത്രണ മാർഗങ്ങൾ
കേടു ബാധിച്ച പൂക്കളും കായ്കളും പറിച്ചെടുത്ത് നശിപ്പിക്കണം. ആക്രമണം ബാധിച്ചുവീണ പൂക്കളും കായ്കളും ശേഖരിച്ച് നശിപ്പിക്കണം. ഗോമൂത്രം- പാൽക്കായം- കാന്താരിമുളക് മിശ്രിതം കായ്തുരപ്പൻ പുഴുക്കൾക്കെതിരെ ഫലപ്രദമാണ്. ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് അതിലേക്ക് 40 ഗ്രാം പാൽക്കായം ചേർത്ത് ലയിപ്പിക്കണം ഒപ്പം 10 ഗ്രാം കാന്താരിമുളകും അരച്ചു ചേർക്കണം. ഈ മിശ്രിതം കായ്തുരപ്പൻ പുഴുക്കൾക്കും ചാഴിക്കും ഫലപ്രദമാണ്.
ഇലചുരുട്ടി പുഴുക്കൾ
ഇലയിലെ ഹരിതകം കാർന്നു തിന്നുന്ന പുഴുക്കളാണ് ഇലചുരുട്ടി പുഴുക്കൾ. ഇലകൾ ചുരുട്ടി അതിനുള്ളിൽ ഇരുന്ന് ഇവർ ഹരിതകം തിന്നു തീർക്കും. ശേഷം ഇലകളുടെ ഞരമ്പുകൾ മാത്രമാണ് അവശേഷിക്കുക. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങുന്നതും കാണാം.
നിയന്ത്രണ മാർഗങ്ങൾ
ഇല ചുരുളുകൾ യഥാസമയം ശേഖരിച്ച് നശിപ്പിക്കണം. ഒപ്പം രണ്ടാഴ്ചയിലൊരിക്കൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പോലുള്ള വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ചു കൊടുക്കാം.
എപ്പിലാക്ന വണ്ട്
ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള വണ്ടുകളാണിവ. പെൺ വണ്ടുകൾ ഇലയുടെ അടിഭാഗത്ത് മഞ്ഞ നിറത്തിലുള്ള മുട്ടകളിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കളും ഇവ വളർന്ന് ഉണ്ടാകുന്ന വണ്ടുകളും ഇലയിലെ ഹരിതകം കാർന്നു തിന്നും. പിന്നീട് ഞരമ്പ് മാത്രമായി ശേഷിക്കുന്ന ഇലകൾ കരിഞ്ഞുണങ്ങി പോകും
നിയന്ത്രണ മാർഗങ്ങൾ
അസാഡിറാക്ടിൻ എന്ന കീടനാശിനി 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചു കൊടുക്കാം.
കമ്പിളിപ്പുഴു
രോമാവൃതമായ ശരീരഭാഗങ്ങളുള്ള പുഴുക്കളാണ് കമ്പനി പുഴുക്കൾ. ഇവ കൂട്ടം കൂടി ഇരുന്ന് ഇലകളിലെ ഹരിതകം കാർന്നു തിന്നും. ഒപ്പം ഇലയുടെ മറ്റു ഭാഗങ്ങളും പൂക്കളും തിന്നു നശിപ്പിക്കും
നിയന്ത്രണ മാർഗങ്ങൾ
ഇലയുടെ അടിഭാഗത്ത് കൂട്ടംകൂടി ഇരിക്കുന്ന പുഴുക്കളെ ഇലയോടു കൂടി ശേഖരിച്ചു നശിപ്പിക്കണം. ഒപ്പം രണ്ടാഴ്ചയിലൊരിക്കൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ച കൊടുക്കുന്നതും നല്ലതാണ്.
Discussion about this post