മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച വൃക്ഷമാണ് ഞാവൽ. ഇടതൂർന്ന ഇലകൾക്കിടയിൽ മുന്തിരിക്കുലകൾ പോലെ ഇളകിയാടുന്ന ഞാവൽപ്പഴങ്ങൾ പണ്ട് നാട്ടിൻപുറങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഞാവൽപഴം കണ്ണിമയ്ക്കുന്ന വഴിക്കാഴ്ചകൾ ഇന്ന് മലയാളിക്ക് അന്യംനിന്നു പോയിരിക്കുന്നു. ഞാവൽ പഴം കഴിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുത്തുന്ന കായ്കൾ തീവില കൊടുത്ത് വാങ്ങണമെന്നായി.
ഞാറ, ജംബൂ ഫലം, ജാമുൻ എന്നീ പേരുകളിലും ഞാവൽപഴം അറിയപ്പെടുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബുദ്വീപ് എന്നറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽപ്പഴങ്ങളാണത്രേ. പുരാണങ്ങളിലും ഞാവൽ പഴത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. കായകൾ കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറമാകുന്നത് കുട്ടികളിൽ കൗതുകമുണർത്തുന്നു.
അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ ഇടങ്ങളിലും നിത്യഹരിത വൃക്ഷമായി വളരുന്ന ഞാവൽ മുപ്പതു മീറ്ററോളം പൊക്കം വയ്ക്കും. 100 മുതൽ 120 വർഷം വരെ ആയുസ്സുണ്ട്. ഇടതൂർന്ന പച്ച നിറത്തിലുള്ള ഇലകൾ ഉണ്ട്. വേര് പിടിച്ചുകഴിഞ്ഞാൽ അധിക പരിചരണവും ആവശ്യമില്ല. നിറയെ ശാഖകൾ ഉണ്ടാകും.ഏപ്രിൽ മാസത്തിൽ പഴുത്ത് പൊഴിഞ്ഞു വീഴുന്ന കറുത്ത നിറത്തിലുള്ള കായകൾ ആണ് ഞാവലിന്റേത്. പോഷകഗുണം കൊണ്ട് സമ്പന്നമാണ് ഞാവൽപഴം. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിൻ ബി 6, വൈറ്റമിൻ സി , കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചവർപ്പും മധുരവും നിറഞ്ഞ ഞാവൽ പഴം നിരവധി ഔഷധഗുണങ്ങളുള്ളതാണ്. ആയുർവേദ, യൂനാനി മരുന്നുകളിൽ ഞാവൽപഴം ചേർക്കാറുണ്ട്. കായ ഇല കമ്പ് എന്നിവ നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചുവരുന്നു. വയറുവേദന വയറിളക്കം പ്രമേഹം തീപ്പൊള്ളൽ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
നന്നായി മൂത്ത് വിളഞ്ഞ കായ്കൾ പാകി മുളപ്പിച്ചുവേണം ഞാവൽ തൈകൾ ഉണ്ടാക്കാൻ. വിളഞ്ഞു പഴുത്ത കായ്കളിൽ ഓരോന്നിലും 6 വിത്തുകൾവരെ ഉണ്ടാകും. ഇവ ശേഖരിച്ച് പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിക്കാം. പെട്ടെന്ന് മുളയ്ക്കുകയും അങ്കുരണശേഷി വളരെ വേഗം നഷ്ടപ്പെടുകയും ചെയ്യുന്ന വിത്തുകളാണ് ഞാവലിന്റേത്. മൂന്നുനാലു മാസം പ്രായമാകുമ്പോൾ നല്ലനീർവാർച്ചയും വെയിലും ഉള്ള സ്ഥലത്തേക്ക് തൈകൾ മാറ്റി നടാം. പതി വച്ച് മുളപ്പിച്ചും കമ്പ് നട്ട് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. നാലുവർഷംകൊണ്ട് ഞാവൽ പുഷ്പിക്കും. ഞാവൽ മരങ്ങൾക്ക് കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവും മികച്ച രോഗപ്രതിരോധശേഷിയുമുണ്ട്.
Discussion about this post