ക്യാബേജ്, ക്യാരറ്റ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, സവാള, വെളുത്തുള്ളി, പുതിന, ഉരുളക്കിഴങ്ങ് എന്നിവരാണ് പ്രധാന ശീതകാല വിളകൾ. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. മുൻപ് കേരളത്തിന്റെ മലയോരപ്രദേശങ്ങളിൽ മാത്രമേ ഇത്തരം വിളകൾ കൃഷി ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഉഷ്ണമേഖലകളിൽ കൃഷി ചെയ്യാൻ ഉതകുന്ന ഇനങ്ങൾ വന്നതോടുകൂടി കഥയാകെ മാറി. ഇപ്പോൾ കേരളത്തിലാകമാനം മഞ്ഞുകാലത്ത് ശീതകാല വിളകൾ കൃഷി ചെയ്യാനാകും. മലയാളിയുടെ അടുക്കളത്തോട്ടത്തിൽ ഇന്ന് ശീതകാല വിളകളും സ്ഥാനം നേടിയിരിക്കുന്നു.
ക്യാബേജ് വർഗ വിളകൾ
കോളിഫ്ലവർ, ബ്രോക്കോളി, കാബേജ് എന്നിവയാണ് പ്രധാന ക്യാബേജ് വർഗവിളകൾ. കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത് കാബേജ്, കോളിഫ്ലവർ എന്നീ വിളകളാണ്. പോഷകഗുണം കൊണ്ട് സമ്പന്നമാണ് ഈ പച്ചക്കറികൾ.ഇവയിൽ അടങ്ങിയിട്ടുള്ള ബ്രസിസ്സിൻ എന്ന പദാർത്ഥത്തിന് കാൻസർ വരെ ചെറുക്കാൻ കഴിവുണ്ടത്രേ.
തൈകൾ നിലത്തോ ഗ്രോബാഗിലോ നടാം. വിത്തുപാകി മുളപ്പിക്കുകയാണെങ്കിൽ പ്രോട്രേകളിൽ ചകിരിച്ചോറും കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് മിശ്രിതം നിറച്ചോ അല്ലെങ്കിൽ ഇവയിലേതെങ്കിലുമൊന്ന് നിറച്ചോ വിത്ത് പാകാവുന്നതാണ്. ഒരു സെന്റിന് ഏകദേശം രണ്ട് ഗ്രാം വിത്ത് ആവശ്യമായി വരും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. തൈകൾ നിലത്തു നടുമ്പോൾ ക്യാബേജ് ചെടികൾ 45 സെന്റീമീറ്റർ അകലത്തിലും കോളിഫ്ലവർ, ബ്രോക്കോളി എന്നീ വിളകൾ 60 സെന്റീമീറ്റർ അകലത്തിലും നടാൻ ശ്രദ്ധിക്കാം.
രാസവളങ്ങൾ ചേർത്ത് കൃഷി ചെയ്യുകയാണെങ്കിൽ അടിവളമായി സെന്റിന് 100 കിലോഗ്രാം ചാണകപ്പൊടി, 410 ഗ്രാം യൂറിയ, ഒരു കിലോഗ്രാം രാജ് ഫോസ് 410 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്തു കൊടുക്കാം. കൈകൾ നട്ട മൂന്നാഴ്ചയ്ക്കു ശേഷം 650 ഗ്രാം യൂറിയ, 410 ഗ്രാം പൊട്ടാഷ് എന്നിവ മേൽവളമായി നൽകാം. കോളിഫ്ലവർ വിളകളിൽ പൂക്കൾ വിരിയുന്ന സമയത്ത് ചെടിയിലെ ഇലകൾകൊണ്ട് ചേർത്തു കെട്ടുന്നത് സൂര്യപ്രകാശത്തിൽ നിന്നും പൂക്കളെ സംരക്ഷിക്കും. രണ്ടു മുതൽ മൂന്നു മാസത്തിനുള്ളിൽ ഇവ വിളവെടുപ്പിന് പാകമാകും. കാബേജും കോളിഫ്ലവറും കൂടുതൽ വരുന്നതിനു മുൻപ് തന്നെ വിളവെടുക്കണം.
കിഴങ്ങുവർഗ ശീതകാല പച്ചക്കറികൾ
ബീറ്റ്റൂട്ട്, ക്യാരറ്റ്, റാഡിഷ് എന്നിവ ഈ വിഭാഗത്തിൽ പെടും. ഇവയും സെപ്റ്റംബർ മുതൽ ജനുവരി വരെ കൃഷി ചെയ്യാം. നന്നായി തയ്യാറാക്കിയ പൊടിഞ്ഞ മണ്ണാണ് കൃഷിക്ക് ഉത്തമം. വിത്ത് മണലുമായി ചേർത്ത് വിതയ്ക്കുന്നതാണ് നല്ലത്. കിഴങ്ങ് വിളകളായതിനാൽ പറിച്ചു നടുന്നത് നല്ലതല്ല. ഒരു സെന്റിൽ കൃഷിചെയ്യുന്നതിന് ക്യാരറ്റിന്റെ 25 ഗ്രാം വിത്തും ബീറ്റ്റൂട്ടിന്റെ 35 ഗ്രാം വിത്തും ആവശ്യമാണ്.സെന്റിന് 100 കിലോഗ്രാം ചാണകപ്പൊടിയാണ് അടിവളമായി ചേർക്കേണ്ടത്. മൂന്നു മീറ്റർ നീളത്തിലും 60 സെന്റീമീറ്റർ വീതിയിലും വാരങ്ങൾ എടുത്ത് വിത്തുകൾ പാകാം. വാരങ്ങൾ തമ്മിൽ 30 സെന്റീമീറ്റർ ഇടയകലം വേണം. വാരങ്ങളിൽ 10 സെന്റീമീറ്റർ ഇടയ അകലത്തിൽ വിത്തുകൾ പാകാം.
നേർവളങ്ങൾ ചേർത്ത് കൃഷി ചെയ്യുകയാണെങ്കിൽ ക്യാരറ്റിന് ഒരു സെന്റിന് 300 ഗ്രാം യൂറിയ, 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നീ അളവിൽ ചേർക്കണം. ബീറ്റ്‌റൂട്ടിന് 300 ഗ്രാം യൂറിയ, 200 ഗ്രാം രാജ് ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയും ചേർക്കാം. പകുതി യൂറിയയും മുഴുവൻ ഫോസ്ഫറസും പൊട്ടാഷും അടിവളമായി ചേർക്കാം. ബാക്കിയുള്ള 150 ഗ്രാം യൂറിയ, ചെടി വളർന്നതിനുശേഷം നൽകുന്നതാണ് നല്ലത്. തുടർച്ചയായ ജലസേചനം വേണം. രണ്ടുമാസത്തിനുള്ളിൽ വിളവെടുക്കാനാകും.
Discussion about this post