ഗാര്‍ഡനിംഗ് ഇന്ന് മിക്കവര്‍ക്കും ഇഷ്ടവിനോദമാണ്. പൂച്ചെടികള്‍ക്കൊപ്പം തന്നെ ഇലച്ചെടികളും ഇന്ന് ട്രെന്‍ഡാണ്. അതില്‍ മുന്‍പന്തിയിലാണ് ടര്‍ട്ടില്‍ വൈന്‍. കൂടുതലും തൂക്കുച്ചട്ടികളിലാണ് ടര്‍ട്ടില്‍ വൈന്‍ വളര്‍ത്തുന്നത്. താഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ മനോഹരമാണ്.
പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല, എളുപ്പത്തില്‍ വളരുന്ന ചെടി കൂടിയാണ് ടര്‍ട്ടില്‍ വൈന്‍. വിദേശത്ത് നിന്നെത്തിയ ഈ ചെടി നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും നന്നായി വളരും. അമിത സൂര്യപ്രകാശം ഇഷ്ടമല്ലാത്ത ചെടിയാണിത്. മിതമായ പ്രകാശവും വെള്ളവും ലഭിച്ചാല്‍ തഴച്ചുവളരും. ഇലയില്‍ കുറച്ചു ജലം സംഭരിക്കുന്നതിനാല്‍ കൂടുതല്‍ നനച്ചാല്‍ ചെടി ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ചാണകവെള്ളം തളിച്ചുകൊടുക്കുന്നത് ചെടി എളുപ്പത്തില്‍ തഴച്ചുവളരാന്‍ സഹായിക്കും.
ഇരുണ്ട നിറമുള്ള വട്ടത്തില്‍ ചെറിയ ഇലകളുള്ള ഇനവും മരതകപച്ച നിറമുള്ള അറ്റം കൂര്‍ത്ത ഇലകളോടു കൂടിയ ഇനവുമാണ് സാധാരണയായി കണ്ടുവരുന്നത്. ഒരു ചെറിയ തലപ്പ് കിട്ടിയാല്‍ മതി, ചട്ടി നിറയെ ടര്‍ട്ടില്‍ വൈന്‍ നിറഞ്ഞുവളരാന്‍. തൂക്കുച്ചട്ടിയില്‍ മാത്രമല്ല, ചെറിയ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച് മതിലിനോട് ചേര്‍ന്നും, മുള നീളത്തില്‍ കെട്ടി അതിലും ടയറിലുമെല്ലാം ടര്‍ട്ടില്‍ വൈന്‍ വളര്‍ത്താന്‍ സാധിക്കും. ഭംഗിയായി വെട്ടിനിര്‍ത്തുക കൂടി ചെയ്താല്‍ ടര്‍ട്ടില്‍ വൈന്‍ ഗാര്‍ഡനില്‍ മനോഹാരിത തീര്‍ക്കും.
Discussion about this post