കേരളത്തിലെ വാഴ കൃഷിയിൽ ഈയിടെയായി കണ്ടുവരുന്ന പ്രധാന കീടമാണ് ചുവന്ന മണ്ഡരികൾ. കീടനാശിനികളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഉപയോഗം, ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, വരണ്ട കാലാവസ്ഥ എന്നിവയാണ് ഇവയുടെ ആക്രമണത്തിന് പ്രധാന കാരണങ്ങൾ. വലിപ്പം വളരെ കുറവായതിനാൽ ഇവയുടെ സാന്നിധ്യം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുക ബുദ്ധിമുട്ടുള്ളതാണ്. ആക്രമണ ശേഷം ഇലപ്പുള്ളി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇലകളിൽ ഉണ്ടാവുന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇവയുടെ സാന്നിധ്യം തിരിച്ചറിയാനാവൂ.
ഇവ പ്രായം കൂടിയ ഇലകളുടെ അടിവശത്ത് കൂട്ടംകൂടിയിരുന്ന് നീരൂറ്റി കുടിക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ എണ്ണം പെരുകുകയും അവ ഇലയുടെ താഴ്ഭാഗത്ത് വലകൾ നെയ്യുകയും ചെയ്യും. പിന്നീട് ഇലകളുടെ ഉപരിതലത്തിലേക്കും തളിരിലകളിലേക്കും മറ്റ് വാഴകളിലേക്കും വ്യാപിക്കും.
ഇലയുടെ ഉപരിതലത്തിൽ വെള്ളനിറത്തിലുള്ള പാടുകളായാണ് ആദ്യം ആക്രമണലക്ഷണം പ്രകടമാകുന്നത്. പിന്നീട് അത് മഞ്ഞളിപ്പായി മാറും. മഞ്ഞളിപ്പ് വ്യാപിക്കുകയും ഇല കരിയാൻ തുടങ്ങുകയും ചെയ്യും.
നിയന്ത്രണമാർഗങ്ങൾ
തോട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ തോതിൽ ജലസേചനം നൽകുകയും വേണം. നൈട്രജൻ വളങ്ങൾ അമിതമായി നൽകുന്നത് ഒഴിവാക്കാം. മണ്ണ് പരിശോധന നടത്തി മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ അളവ് വ്യക്തമായി മനസ്സിലാക്കി അതനുസരിച്ച് വളപ്രയോഗം നടത്തണം.സിങ്ക്, ബോറോൺ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം കൃത്യമായ തോതിൽ മണ്ണിലുണ്ടെന്ന് ഉറപ്പുവരുത്തുക. തോട്ടങ്ങളെ കളരഹിതമായി സൂക്ഷിക്കണം. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്യാം. വേപ്പധിഷ്ഠിത കീടനാശിനിയായ അസാടിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. അല്ലെങ്കിൽ വെറ്റബിൾ സൾഫർ മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയുമാവാം.
ആക്രമണം രൂക്ഷമായാൽ പുതുതലമുറയിൽപെട്ട മണ്ഡരിനാശിനികളായ സ്പൈറോമെസിഫെൻ 0.8 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
Discussion about this post