മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്ന തിരിച്ചറിവാണ് ആലപ്പുഴയിലെ എഴുപുന്ന സ്വദേശിയായ നിഖിൽ ബോസ് എന്ന യുവാവിനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വീടിന് മുന്നിൽ ഒരു കാട് എന്ന സങ്കൽപത്തിലേക്ക് നീങ്ങാൻ ആ തിരിച്ചറിവ് പ്രചോദനമായി. വെറും കാടല്ല, “അന്നവനം”. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും മത്സ്യവുമെല്ലാം ലഭിക്കുന്ന അന്നവനം.
പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്കയായിരുന്നു നിഖിലിന് പ്രചോദനമായത്. അദ്ദേഹത്തിന്റെ ‘ഒറ്റവൈക്കോൽ വിപ്ലവം’ എന്ന പുസ്തകം നിഖിലിന്റെ ജീവിതത്തിലും വിപ്ലവം സൃഷ്ടിച്ചു. കൃഷിയിലെ തന്റെ പരീക്ഷണങ്ങൾ കണ്ടു ഭ്രാന്താണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും അവയെല്ലാം മുന്നോട്ടുപോകാനും വിജയിച്ച്കാണിക്കാനുമുള്ള ഇന്ധനമായി എന്നും നിഖിൽ പറയുന്നു.
ജൈവവളങ്ങളും മിത്രസൂക്ഷ്മാണുക്കളും നിർമ്മിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു നിഖിൽ ബോസ്. അവിടെനിന്നാണ് ജൈവകൃഷിയെകുറിച്ചും സൂക്ഷ്മാണുക്കളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കുന്നത്. ആറു വർഷങ്ങൾക്ക് മുൻപാണ് നിഖിൽ സമ്പൂർണ്ണ ജൈവകൃഷി ആരംഭിക്കുന്നത് . പിന്നീട് പ്രകൃതിയിലെ സ്വാഭാവിക രീതികളെ അടിസ്ഥാനപ്പെടുത്തിയുള്ള പെർമ കൾച്ചറിലേക്കും തിരിഞ്ഞു. തന്റെ വീടിനു ചുറ്റുമുള്ള 15 സെന്റ് സ്ഥലത്താണ് കൃഷി. ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളിലെ ബിരുദവും ബിരുദാനന്തര ബിരുദവും നിഖിലിന് ഏറെ സഹായകരമായി.
എന്നാൽ നാല് വർഷത്തെ കഷ്ടപ്പാട് മുഴുവൻ പ്രളയത്തിൽ ഒലിച്ചു പോകുന്നത് നിഖിലിനും കുടുംബത്തിനും കണ്ടു നിൽക്കേണ്ടി വന്നു. ആയിടയ്ക്ക് ആക്സിഡന്റ് സംഭവിച്ച് സാരമായി പരിക്കേൽക്കുകയും ചെയ്തു. നടക്കാനാകാതെ ഒരേ കിടപ്പ് കിടക്കുമ്പോഴാണ് പ്രളയത്തിൽ നിന്ന് എങ്ങനെ കൃഷിയെ രക്ഷിക്കാമെന്ന് നിഖിൽ കൂടുതൽ പഠിച്ചത്. കൃഷി ചെയ്യാനുള്ള ആവേശം പ്രതീക്ഷിച്ചതിലും നേരത്തെ നിഖിലിനെ നടക്കാൻ സഹായിച്ചു.
‘ ഒഴുകുന്ന കൃഷിയിടങ്ങൾ ‘എന്നറിയപ്പെടുന്ന മീസോഅമേരിക്കൻ കൃഷി രീതിയായ ചിനംപാസിൽ നിന്നാണ് നിഖിൽ ആദ്യം പ്രചോദനമുൾക്കൊണ്ടത്. അവിടെനിന്ന് ‘ഹ്യൂഗൾകൾച്ചർ’ എന്ന കൃഷിരീതിയിലേക്ക് ശ്രദ്ധ തിരിഞ്ഞു. തറയിൽ നിന്നും ഉയർത്തി കൃഷി ചെയ്യുന്ന രീതിയാണിത്. തറനിരപ്പിൽ നിന്ന് മണ്ണ് മാറ്റി തടികൾ അടുക്കുകയാണ് ഹ്യൂഗൾകൾച്ചറിന്റെ ആദ്യത്തെ പടി. അതിനുമുകളിൽ പച്ചില വളങ്ങളും ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും അറക്കപ്പൊടിയുമെല്ലാം നിശ്ചിത ഉയരത്തിൽ നിറച്ചശേഷം മുകളിൽ 10 സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടും. അതുകഴിഞ്ഞാൽ ഹ്യൂഗൾകൾച്ചർ ബെഡ്‌ഡിനുള്ളിലെ വസ്തുക്കൾ ജീർണിക്കാനുള്ള സമയമാണ്. കാടിനുള്ളിൽ കടപുഴകി വീഴുന്ന മരങ്ങളും അവയുടെ അവശിഷ്ടങ്ങളും മറ്റുള്ള സസ്യങ്ങൾക്ക് വളമാകുകയാണ് പതിവ്. പ്രകൃതിയിലെ ഇതേ രീതി അനുകരിക്കുകയാണ് ഹ്യൂഗൾകൾച്ചറും. ഇത്തരം ബെഡ് കൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടോ കയറു കൊണ്ടോ സംരക്ഷണവലയം തീർക്കാവുന്നതാണ്. ചിലവ് അല്പം കൂടുമെങ്കിലും കയർ നെയ്തെടുത്ത ആവരണം പ്രകൃതിക്ക് അനുയോജ്യമാണ്.
മഴക്കാലമാരംഭിക്കുന്നതിനു തൊട്ടുമുൻപ് ബെഡ്ഡുകൾ തയ്യാറാക്കുന്നത് നല്ലതാണ്. ബെഡ്ഡുകൾക്ക് പ്രത്യേകമായി ജലസേചനം നൽകേണ്ടതില്ല എന്നതാണ് ഉപയോഗം. തടികളും മറ്റ് വസ്തുക്കളും വെള്ളം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ച് പോലെ പ്രവർത്തിക്കും. മിത്രസൂക്ഷ്മാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുന്നതോടെ ജൈവാവശിഷ്ടങ്ങൾ അഴുകാനാരംഭിക്കും. ഈ സമയം പോഷകഗുണം നിറഞ്ഞ ഒരു സൂപ്പ് പോലെ മണ്ണ് പ്രവർത്തിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ നിഖിൽ പറയുന്നു.
വെള്ളം കയറി ചീഞ്ഞു പോകാൻ സാധ്യതയുള്ള പപ്പായ, കപ്പ എന്നിങ്ങനെയുള്ള വിളകൾ ഇത്തരം ബെഡ്ഡുകൾക്ക് മുകളിലാണ് നിഖിൽ കൃഷി ചെയ്യുന്നത്. നാടൻ പച്ചക്കറികളും ഇലക്കറികളും കൃഷി ചെയ്യാനാണ് നിഖിലിന് ഏറെ താൽപര്യം. ഒപ്പം മരങ്ങളുമുണ്ട്. ഈർപ്പം ശേഖരിച്ചുവയ്ക്കാൻ കഴിവുള്ളതിനാൽ വരൾച്ച നേരിടുന്ന സമയങ്ങളിലും ഹ്യൂഗൾകൾച്ചർ ബെഡ്ഡുകൾക്ക്മുകളിലെ കൃഷി ആരോഗ്യത്തോടെ നിലനിൽക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഒന്നര വർഷം കൊണ്ട് ബെഡ്ഡുകളുടെ ഉയരം മൂന്നിലൊന്നായി ചുരുങ്ങും. ഈ സമയം ഇതേ പ്രക്രിയ വീണ്ടും ആവർത്തിക്കും.
വാർഷിക വിളകളെ ടെറസിനു മുകളിലേക്ക് സ്ഥാനം മാറ്റാനുള്ള പദ്ധതിയിലാണ് നിഖിലിപ്പോൾ. കിളയ്ക്കലോ നനയ്ക്കലോ വളപ്രയോഗമോ വേണ്ടാത്ത, സ്വയം പരിപാലിക്കുന്ന അന്നവനം എന്ന സ്വപ്നം പൂർണമായും യാഥാർഥ്യമാവാൻ ഇനി അധികം ദൂരമില്ല. പ്രളയത്തിലും വരൾച്ചയിലും ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് തന്റെ പരീക്ഷണങ്ങളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. തന്റെ കൃഷിപാഠങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി ‘ബാക്ക് ടു എർത്ത്’ എന്ന യൂട്യൂബ് ചാനലും നിഖിൽ ആരംഭിച്ചിട്ടുണ്ട്.
കൃഷി എന്നുപറഞ്ഞ് ചൂണ്ടികാണിച്ചു തരാൻ കുറേ ചേനയും ചേമ്പും കാച്ചിലും കുളവും മരങ്ങളുമാണ് തന്റെ അന്നവനത്തിൽ ഉള്ളതെന്ന് നിഖിൽ പറയുന്നു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുകയാണ് നിഖിൽ. അച്ഛൻ കെ. പി ബോസ്, അമ്മ മഞ്ജു ബോസ്, ഭാര്യ ആര്യ സന്തോഷ് എന്നിവർ നിഖിലിനെ സഹായിക്കാൻ എപ്പോഴും ഒപ്പമുണ്ട്.
Discussion about this post