പയർ ചെടിയുടെ പ്രധാന ശത്രുക്കളിലൊന്നാണ് കായ്തുരപ്പൻ പുഴു. നനഞ്ഞ പാടുകളോട് കൂടിയ പൂമൊട്ടുകളും, കായകളിലും പൂവുകളിലും കാഷ്ടം നിറഞ്ഞ ദ്വാരങ്ങളും കാണുകയാണെങ്കിൽ കായ്തുരപ്പൻപുഴുക്കളുടെ സാന്നിധ്യം ഉറപ്പാക്കാം. പൂക്കളും പൂമൊട്ടുകളും ധാരാളമായി നിലത്ത് കൊഴിഞ്ഞു വീണു കിടക്കുന്നതു കാണാം. ഇത്തരം കായ്തുരപ്പൻ പുഴുക്കൾ മറഞ്ഞിരുന്ന് ആക്രമിക്കുന്നവയാണ്. അതിനാൽ നിയന്ത്രണവും ബുദ്ധിമുട്ടുള്ളതാണ്.
കൃഷിയിടം പഴയ കൃഷിയുടെ അവശിഷ്ടങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കണം. കേട് ബാധിച്ച പൂക്കളും കായ്കളും പറിച്ചെടുത്തു നശിപ്പിക്കണം. തോട്ടത്തിൽ വീണുകിടക്കുന്ന പൂക്കളും ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കാം. നിലം ഒരുക്കുന്ന സമയത്ത് വേപ്പിൻ പിണ്ണാക്ക് ഒരു സെന്റിന് 10 കിലോഗ്രാം എന്ന തോതിൽ ഇട്ടുകൊടുക്കാം. പൂവിടൽ ആരംഭിക്കുമ്പോൾ 50 ഗ്രാം വേപ്പിൻ കുരു സത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയാകെ തളിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇത് രണ്ടാഴ്ചയിലൊരിക്കൽ ആവർത്തിക്കുക. ജൈവകീടനാശിനിയായ ഗോമൂത്രം- പാൽക്കായം- കാന്താരിമുളക് മിശ്രിതവും കായ്തുരപ്പൻ പുഴുവിനെതിരെ ഫലപ്രദമാണ്. ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് അതിൽ 40 ഗ്രാം പാൽക്കായം ലയിപ്പിച്ച് 10 ഗ്രാം കാന്താരിമുളക് അരച്ചുചേർത്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. കൃത്യമായ നിരീക്ഷണവും പരിപാലനവും കൊണ്ടുമാത്രമേ കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാനാവൂ.
Discussion about this post