ഇംഗ്ലണ്ടിലെ ന്യൂബെറിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ചങ്ങനാശേരി സ്വദേശിനി മനു ബിബിൻ. കുട്ടിക്കാലം ചിലവഴിച്ചത് കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. അതിനാലാവാം ഇംഗ്ലണ്ടിലെത്തിയിട്ടും കൃഷിയോടുള്ള ഇഷ്ടം മനു ഉപേക്ഷിച്ചിട്ടില്ല.
വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളുമെല്ലാം മനു സ്വന്തം തോട്ടത്തിൽ തന്നെ കൃഷിചെയ്യുന്നുണ്ട്. നിറയെ കായ്കളുണ്ടാകുന്ന ആപ്പിൾമരം മുതൽ വീട്ടിലെ പച്ചക്കറിക്കാവശ്യമായ ചീരയും ബീൻസും വരെ വീട്ടു പരിസരത്ത് തന്നെ നട്ടുവളർത്തുന്നുണ്ട്. മധുരമുള്ള മുന്തിരിയും സ്ട്രോബെറിയും കറ്റാർവാഴയും ലെമണുമെല്ലാം നല്ലരീതിയിൽ വിളവ് നൽകുന്നു. പുതിന, പച്ചമുളക്, വെളുത്തുള്ളി, ക്യാപ്സിക്കം, ക്യാബേജ്, ബീറ്റ്റൂട്ട്, പൊട്ടറ്റോ തുടങ്ങി എല്ലാത്തരം പച്ചക്കറികളും മനുവിന്റെ അടുക്കളത്തോട്ടത്തിൽ ആരോഗ്യത്തോടെ വളർന്നുനിൽക്കുന്നു.
പച്ചക്കറി കൃഷി മാത്രമല്ല അലങ്കാര ചെടികളുമുണ്ട്, മനുവിന്റെ തോട്ടത്തിൽ. ഫ്രഞ്ച്, ഇംഗ്ലീഷ് ലാവെൻഡറുകളാണ് പൂന്തോട്ടത്തിലെ പ്രധാന ആകർഷണം.
മഞ്ഞുകാലമായാൽ പിന്നെ ചെടികൾ കൺസർവേറ്ററിൽ സൂക്ഷിച്ചാണ് മനു സംരക്ഷിക്കുന്നത്. മഴക്കാലത്തും പ്രത്യേക പരിചരണം നൽകുന്നുണ്ട്. മുന്തിരിവള്ളികൾ മഞ്ഞുകാലത്ത് ഇലപൊഴിക്കുന്നതും വേനൽകാലമാകുമ്പോൾ പൂത്തു തളിർക്കുന്നതും കാണാൻ പ്രത്യേക ഭംഗിയാണെന്ന് മനു പറയുന്നു. മനുവിന്റെ ഭർത്താവ് ബിബിൻ ജോൺസൺ ഇംഗ്ലണ്ടിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുന്നു. ടോം, ജനിഫർ എന്നിവരാണ് മക്കൾ.
Discussion about this post