കോവിഡ് കാലത്ത് വെണ്ട കൃഷിയിൽ സജീവമായതാണ് പാലപ്ര കാലായിൽ കെ വി മാത്യു എന്ന മത്തച്ചൻ. എന്നാൽ വെണ്ടയ്ക്കയുടെ വലിപ്പം മത്തച്ചനേയും കുടുംബത്തെയും ഞെട്ടിച്ചുകളഞ്ഞു. 17.5 ഇഞ്ച് നീളമുള്ള വെളുത്ത നിറമുള്ള വെണ്ടകളാണ് പറമ്പിൽ കായ്ക്കുന്നത്. വമ്പൻ വെണ്ടകൾക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാത്യുവും കുടുംബവും. അതിനായി ഗിന്നസിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
നേരത്തെ കൃഷിചെയ്ത വെണ്ടയുടെ വിത്തുകൾ പാകി മുളപ്പിച്ച ചെടികളിലാണ് വമ്പൻ വെണ്ടകൾ വിളഞ്ഞത്. ഇവ നീളത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയിലും വമ്പൻ തന്നെ എന്ന് മത്തച്ചൻ പറയുന്നു. പുളിപ്പിച്ച ജൈവവളം മാത്രമാണ് വെണ്ടയ്ക്ക് വളമായി നൽകുന്നത്. രാസവളങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാറില്ല. സ്ഥിരമായി നിരീക്ഷിക്കുന്നതും കൃത്യസമയത്ത് രോഗകീടങ്ങൾ ബാധിച്ച ഭാഗങ്ങൾ നശിപ്പിച്ചുകളയുന്നതും വിളയെ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. വെണ്ടയ്ക്കൊപ്പം ആകാശവെള്ളരി, ഇഞ്ചി, കപ്പ, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയ വിളകളും മത്തച്ചൻ കൃഷി ചെയ്യുന്നുണ്ട്.
Discussion about this post