കോവിഡ് കാലത്ത് വീട്ടില്‍ വെറുതെയിരിക്കേണ്ടി വന്നപ്പോള്‍ പല താരങ്ങളും മറ്റ് പല വിനോദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.വീട്ടില്‍ പച്ചക്കറികൃഷിയും, പൂന്തോട്ടമൊരുക്കലുമൊക്കെയായും അതെല്ലാം സ്വന്തം യൂട്യൂബില്‍ അപ്ലോഡ് ചെയ്തുമാണ് പലരും സമയം ചിലവഴിക്കുന്നത്. നേരത്തെ നടി അഹാന കൃഷ്ണ
വീട്ടിലെ ഗാര്‍ഡനും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ നടി അനു സിത്താരയും തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വീടിനോട് ചേര്‍ന്ന ഏദന്‍തോട്ടത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ്. പച്ചക്കറികളും, ഫലവര്‍ഗങ്ങളും, ഔഷധസസ്യങ്ങളും, കുളവുമെല്ലാം ചേര്‍ന്നതാണ് അനുവിന്റെ വയനാട്ടിലെ വീട്ടിലെ ഏദന്‍തോട്ടം.
ഓറഞ്ച്, സപ്പോര്‍ട്ട, ലൂബിക്ക, അമ്പഴങ്ങ, വ്യത്യസ്തയിനം പേരയ്ക്കകള്‍, റംബൂട്ടാന്, മുന്തിരി, ചെറിയ നാരങ്ങ, ബ്രസീലിയന്‍ സപ്പോര്‍ട്ട, ബ്രസീലിയന്‍ മള്‍ബറി, ചാമ്പയ്ക്ക എന്നിവയാണ് അനുവിന്റെ ഏദന്തോട്ടത്തില് വെച്ചുപിടിപ്പിച്ചിട്ടുള്ള പഴങ്ങള്‍. വീടിന്റെ മുന്‍വശത്തും ഇരുഭാഗത്തുമെല്ലാമായാണ് പഴവര്‍ഗങ്ങള്‍ വളര്‍ത്തിയത്. കറിവേപ്പില, മുരിങ്ങ, മാവ്,ഇരുമ്പാപുളി,അരിനെല്ലിക്ക എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
വീടിന്റെ പുറകിലായി ഒരു കുളമുണ്ട്. അതില്‍ ആമ്പലുണ്ടാകാറുണ്ട്. കുളത്തിന്റെ വശങ്ങളിലായി മുള, കരിമ്പ്, വാഴ, ചീര എന്നിവയുമുണ്ട്. കൂടാതെ തുമ്പ, രാമതുളസി, തണ്ണിമത്തന്, ചെറുപയര്‍, ചേമ്പ്, ആര്യവേപ്പ്, എള്ള്, കടല, മഞ്ഞള്‍, മല്ലി, തക്കാളി എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് അനു സിത്താരയുടെ ഏദന്‍തോട്ടം.
Discussion about this post