ഷാര്‍ജയിലെ മണ്ണില്‍ ഒരു കൊച്ചു കേരളം ഒരുക്കിയ, മലയാളിയായ സുധീഷ് ഗുരുവായൂര്‍ എന്ന കര്‍ഷകന്‍ ഏവര്‍ക്കും ഒരു കൗതുകമാണ്. 15 സെന്റ് സ്ഥലത്താണ് സുധീഷ് കാര്‍ഷിക കേരളം സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന സുധീഷ് കൃഷിയിലുള്ള താല്‍പ്പര്യം കൊണ്ടാണ് പൂര്‍ണമായും ഈ മേഖലയിലേക്ക് തിരിഞ്ഞത്. നെല്‍ കൃഷി തന്നെയാണ് ഷാര്‍ജയിലെ സുധീഷിന്റെ ഫാമിലെ ഹൈലൈറ്റ്. സുധീഷിന്റെ നെല്‍കൃഷി കണ്ട് ഇത് ഷാര്‍ജ തന്നെയാണോ എന്ന് ആരുമൊന്നു അദ്ഭുതപ്പെട്ടുപോകും. ഇതിനു പുറമെ തക്കാളി, ചീര, വെണ്ട, മുരിങ്ങ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും സുധീഷ് വില്ലയ്ക്ക് ചുറ്റും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പച്ചക്കറിയില്‍ മാത്രം ഒതുങ്ങുന്നതല്ല സുധീഷിന്റെ കൃഷി. കോഴി, താറാവ്, കാട എന്നിവയും പരുത്തിക്കൃഷി വരെയുമുണ്ട്,
മുന്തിരിത്തോട്ടത്തില്‍ ആദ്യമായി മുന്തിരിയുണ്ടായതാണ് സുധീഷിന്റെ തോട്ടത്തിലെ പുതിയ വിശേഷം.വഞ്ചി, കാളവണ്ടി എന്നിവയും ഷാര്‍ജയിലെ ഈ കൃഷിത്തോട്ടത്തെ മനോഹരമാക്കുന്നു. വഞ്ചി സ്ഥാപിച്ചതിന്റെ താഴെയായി ചെറിയൊരു കുളമുണ്ട്. അതില്‍ കരിമീന്‍, ഫിലോപ്പി തുടങ്ങിയ മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്.
ചീര ഇടലകലര്‍ത്തിയാണ് കൃഷി ചെയ്യുന്നത്. ചുവന്ന ചീരയ്‌ക്കൊപ്പം പച്ചച്ചീരയും കൃഷി ചെയ്യുന്നതിലൂടെ കീടങ്ങളുടെ ശല്യം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുധീഷ് പറയുന്നു. കൃഷിത്തോട്ടത്തിന് നിറക്കൂട്ടും സൗരഭ്യവുമൊരുക്കി പത്തുമണി,മുല്ലപ്പൂ തുടങ്ങിയ പൂക്കളും ധാരാളമുണ്ട്. ലിംക ബുക്ക്, ഗിന്നസ് അവാര്‍ഡുകളും പ്രവാസി കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണയും സുധീഷിനെ തേടിയെത്തിയിട്ടുണ്ട്. ഒരു കറിവേപ്പ് മരത്തില്‍ നിന്ന് കട്ടിങ് സിസ്റ്റത്തിലൂടെ 5000 കറിവേപ്പ് തൈകള്‍ ഉണ്ടാക്കി 5,000 കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടായിരുന്നു സുധീഷ് Guinness World Record നേട്ടം കൈവരിച്ചത്.
ദുബൈയില്‍ ഗ്രീന്‍ലൈഫ് ഓര്‍ഗാനിക് ഫാമിംഗ് എന്ന കമ്പനി നടത്തുകയാണ് സുധീഷ്. സ്‌കൂളുകള്‍, ഹോട്ടലുകള്‍ വീടുകള്‍,ഫാം ഹൗസുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൃഷിയും മറ്റും ചെയ്തുകൊടുക്കുന്ന കമ്പനിയാണ് ഗ്രീന്‍ലൈഫ് ഓര്‍ഗാനിക് ഫാമിംഗ്. പൊള്ളുന്ന മരുഭൂമിയില്‍ പച്ചപ്പിന്റെ ശോഭ തീര്‍ത്ത സുധീഷ് ഗുരുവായൂര്‍ എന്ന കര്‍ഷകന്‍ ലോകത്തിന് മുഴുവന്‍ മാതൃകയാണ്. ഒപ്പം മലയാളികളുടെ അഭിമാനവും.
Discussion about this post