പാലായിലെ ചക്കാമ്പുഴ എന്ന സ്ഥലത്തിന്റെ പേര് അന്വര്‍ത്ഥമാക്കുകയാണ് തോമസ് കട്ടക്കയം എന്ന തോമസുചേട്ടന്‍. 316 ഓളം ഇനത്തില്‍പ്പെട്ട പ്ലാവുകള്‍ ആണ് തോമസ് ചേട്ടന്റെ ജാക്ഫ്രൂട്ട് പാരഡൈസ് എന്ന ഫാമിലുള്ളത്. പാലായില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെ പാലാ-രാമപുരം റൂട്ടിലാണ് ജാക്ഫ്രൂട്ട് പാരഡൈസ് സ്ഥിതി ചെയ്യുന്നത്. പിതാവില്‍ നിന്നാണ് തോമസേട്ടന് പ്ലാവുകളോടുള്ള പ്രിയം കിട്ടിയത്. അങ്ങനെ കേരളത്തിലുടനീളം യാത്ര ചെയ്ത് ചക്കകളിലെ വൈവിധ്യങ്ങളെ കണ്ടെത്തി തന്റെ ഫാമില്‍ അദ്ദേഹം എത്തിച്ചു കൊണ്ടിരിക്കുന്നു.
ചക്കയിലെ വ്യത്യസ്ത രുചികള്‍ തേടിയുള്ള തോമസേട്ടന്റെ യാത്രകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ന് ചക്ക മുറിച്ചു വെച്ച് ആളുകള്‍ തോമസേട്ടനായി കാത്തിരിക്കും. അദ്ദേഹം ചെന്ന് ചക്ക രുചിച്ചറിയും. പഴം കഴിച്ചും പുഴുങ്ങിയുമാണ് ഓരോ ചക്കയുടെയും രുചിയുടെ വൈവിധ്യം മനസിലാക്കുക. രുചിയില്‍ വ്യത്യസ്തത തോന്നിയാല്‍ അപ്പോള്‍ തന്നെ അതിന്റെ കമ്പോ കുരുവോ എടുത്ത് ഫാമില്‍കൊണ്ടുപോയി നട്ടുപിടിപ്പിക്കും. തോമസേട്ടന്റെ ഫാം കാണാനും തൈകള്‍ വാങ്ങാനുമായി പല സ്ഥലങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തുന്നത്.
70 വ്യത്യസ്തയിനം വരിക്കയുടെയും 5 ഇനം കൂഴയുടെയും തൈകളാണ് ഇപ്പോള്‍ ജാക്ക്ഫ്രൂട്ട് പാരഡൈസില്‍ വില്‍പ്പനയ്ക്കുള്ളത്. ചോക്ലേറ്റ് രുചിയുള്ള ചക്കയുടെ പ്ലാവ്, ആദ്യവിളവിലെല്ലാം വെള്ളനിറത്തില്‍ ചക്കപ്പഴം ലഭിച്ച വെള്ളക്കൂഴ, ഒക്ടോബറില്‍ വിളവാകുന്ന വന്‍ ഡിമാന്റുള്ള ഒരു തേന്‍വരിക്ക, ഡിസംബറില്‍ വിളവാകുന്ന മറ്റൊരു പ്ലാവ്, ചകിണിയില്ലാത്ത ചക്കയുള്ള പ്ലാവ്, സ്ഥലപരിമിതിയുള്ളവര്‍ക്ക് നട്ടുപിടിപ്പിക്കാന്‍ കഴിയുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി… അങ്ങനെ നീളുന്നു തോമസേട്ടന്റെ ജാക്ക്ഫ്രൂട്ട് പാരഡൈസിലെ ചക്കയുടെ രുചിപ്പെരുമ.
ജൈവരീതിയിലാണ് തോമസേട്ടന്‍ പ്ലാവുകളെ നട്ട് പരിപാലിക്കുന്നത്. പച്ചപ്പുല്ല് വെട്ടി ചുവട്ടിലിട്ടു കൊടുത്താല്‍ തന്നെ പലവിധ രോഗങ്ങളില്‍ നിന്നും ചക്കയെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് തോമസേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നത്.
തോമസേട്ടന്റെ ചക്കപ്രിയത്തിനും ജാക്ക്ഫ്രൂട്ട് പാരഡൈസ് എന്ന ഫാമിനും എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. മാത്രമല്ല, ആളുകളുടെ പ്രോത്സാഹനമാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്നും തോമസട്ടേന്‍ പറയുന്നു. പ്ലാവുകളെ സ്‌നേഹിച്ച് പരിപാലിക്കുന്ന തോമസേട്ടനെ തേടി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വ്യത്യസ്തയിനം പ്ലാവുകള്‍ നട്ടുവളര്‍ത്തിയതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡും, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും അടക്കം നിരവധി പുരസ്‌കാരങ്ങളാണ് തോമസേട്ടന് ലഭിച്ചിട്ടുള്ളത്.
പ്ലാവുകള്‍ നട്ടുകഴിഞ്ഞാല്‍ പിന്നെ മുതല്‍മുടക്കില്ല. സീറോ ബജറ്റില്‍ തലമുറകള്‍ക്ക് വരുമാനം കിട്ടുമെന്ന് തോമസേട്ടന്‍ പറയുന്നു. ചക്കയുടെ വിപണി സാധ്യത കൂടിയതുകൊണ്ട് തന്നെ മികച്ച വരുമാനം ഇതുവഴി നേടാന്‍ സാധിക്കുന്നുണ്ട്.
ചക്കാമ്പുഴയില്‍ ജനിച്ച് പ്ലാവുകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച തോമസേട്ടന്‍ ഓരോ ദിവസും പുതിയ ഇനം പ്ലാവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള യാത്രയിലാണ്. തോമസട്ടേന്റെ പ്ലാവുകളുടെ ശേഖരത്തിലേക്ക് ഇനിയുമോറെ വ്യത്യസ്ത ഇനങ്ങള്‍ എത്തട്ടെയെന്ന് ആശംസിക്കുന്നു.
Discussion about this post