കാര്‍ഷിക കലണ്ടര്‍ നോക്കിയുള്ള കൃഷി എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് ഇക്കുറി. അതുകൊണ്ട് ജൂലൈ പകുതിയോടെ ആരംഭിക്കാറുള്ള മുണ്ടകന്‍ കൃഷിയുടെ ഒരുക്കങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കര്‍ഷകരും പാടശേഖര സമിതികളും.
സാധാരണയായി വിരിപ്പ് കൃഷിയാണ് കര്‍ഷകര്‍ ആദ്യമിറക്കുക. എങ്കിലും ഇക്കുറി വിരിപ്പും പുഞ്ചയും ഉപേക്ഷിച്ച് ഭൂരിഭാഗം കര്‍ഷകരും മുണ്ടകനില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്. ജൂലൈ പകുതിയോടെയാണ് രണ്ടാം വിളയായ മുണ്ടകന്‍റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.
നിലമൊരുക്കലും ഞാറ്റടി തയ്യാറാക്കലുമാണ് ഇതിന്‍റെ ആദ്യഘട്ടം.
തുടര്‍ന്ന് ആഗസ്റ്റ് ,സെപ്റ്റംബര്‍ മാസങ്ങളിലായി വിത്തിറക്കുകയും നടില്‍ പണികള്‍ ആരംഭിക്കുകയും ചെയ്യുന്നു.120-130 ദിവസത്തോളം വേണ്ടി വരും നെല്ലിനു മൂപ്പെത്താന്‍.ഈ സമയത്ത് വിവിധ പ്രവ്യത്തികളുമായി തൊഴിലാളികള്‍ പാടങ്ങളില്‍ തന്നെയുണ്ടാകും.
ഇക്കുറി മുണ്ടകന്‍ തുടങ്ങുമ്പോഴേക്കും തൊഴിലാളികളെ കിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സംസ്ഥാനത്തെ നെലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ഏറെ പങ്കു വഹിച്ചിരുന്നവരാണ് അതിഥിതൊഴിലാളികള്‍. കൂടുതല്‍ പേരുടെ അധ്വാനം വേണ്ടി വരുന്ന ഇടമാണ് നെല്‍കൃഷി.അതിനാല്‍ അതിഥിതൊഴിലാളികളുടെ ആവശ്യകത ഇവിടെ കൂടുതലായിരുന്നു.
തമിഴ്‌നാട്,ബംഗാള്‍,ആസം,ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് നടീല്‍ പ്രവ്യത്തിയില്‍ സഹായിച്ചിരുന്നവരിലെ ഭൂരിഭാഗവും. ഏക്കറിന് ഏകദേശം 4000-5000 രൂപയാണ് ഇക്കൂട്ടര്‍ക്ക് കൂലിയായി നല്കിയിരുന്നത്.
നാട്ടിലെ തൊഴിലാളികള്‍ നെല്‍കൃഷിയുടെ പണികള്‍ക്ക് പൊതുവേ ഇറങ്ങാറില്ല എന്നതാണ് അതിഥി തൊഴിലാളികളെ ആശ്രയിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല നാട്ടിലുള്ളവര്‍ക്ക് കൂലിയിനത്തില്‍ ചെലവ് കൂടുതലുമാണ്.
നിലവില്‍ യന്ത്രവല്‍കൃത നടില്‍ സംവിധാനം ഉണ്ടെങ്കിലും ചില പാടശേഖരങ്ങളില്‍ യന്ത്രമിറക്കിയുള്ള നടീല്‍ പ്രായോഗികമല്ല. കൂടാതെ നടില്‍ നടത്തുന്ന സമയം മുതല്‍ രണ്ടാഴ്ച വരെ പാടത്ത് അധികം വെള്ളമുണ്ടാകാനും പാടില്ല. ഈ സമയത്ത് ശക്തമായ മഴ ഉണ്ടാകുന്നത് വെള്ളം നിയന്ത്രിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
Discussion about this post