നെയ്യപ്പം തിന്നാൽ രണ്ടിണ്ടു കാര്യം , ഇത് മലയാളിക്കു ഏറെ പരിചയമുളള ഒരു ചൊല്ലാണ് . അതു പോലെത്തന്നെഅർത്ഥമുളള ഒരു പുതു ചൊല്ലാണ് വീട്ടിൽ ഒരു മൂട് ‘മാങ്ങയിഞ്ചി നട്ടാൽ മൂന്നുണ്ടു കാര്യം ‘ .
മാങ്ങയിഞ്ചികൊണ്ടു രുചികരമായ ആഹാര വസ്ക്കൾ ഉണ്ടാക്കാം. അവ കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം ,രോഗ പ്രതിരോധ ശേഷി നേടാം . അതോടൊപ്പം തന്നെ ഔഷധമായും മാങ്ങയിഞ്ചി ഉപയോഗിക്കാം .
മഞ്ഞളിൻെറ വർഗ്ഗത്തിൽ പെട്ട വിളയാണ് മാങ്ങയിഞ്ചി . കേരളത്തിൽ ചിലയിടങ്ങളിൽ മാങ്ങാഞ്ചിയെന്നും ഇഞ്ചി മാങ്ങയെന്നും വിളിക്കുന്നു. കാര്യമായ പരിചരണങ്ങളൊന്നും ആവശ്യമില്ലാതെത്തന്നെ അഞ്ച് / ആറ് മാസത്തിനുളളിൽ നല്ല വിള തരുന്നു.
മാങ്ങയിഞ്ചിയുടെ കിഴങ്ങാണ് നടീൽ വസ്തു . കിഴങ്ങിൽ നിന്നും മുളച്ചു വന്ന തണ്ടും വേരോടു കൂടി കുഴിച്ചിടാം.സാധാരണയായി മെയ് / ജൂൺ മാസങ്ങളിലാണ് മാങ്ങയിഞ്ചി കൃഷി ആരംഭിക്കുന്നത് . എന്നാൽ വെളളം നനക്കുവാനുളള സൗകര്യമുണ്ടെങ്കിൽ ഏതുകാലത്തും മാങ്ങയിഞ്ചി നടാം.
അച്ചാർ തയ്യാറാക്കുവാനും ചമ്മന്തിയരക്കുവാനും മാങ്ങയിഞ്ചി സൂപ്പറാണ്. ചുട്ടതേങ്ങയും മുളകും ചെറിയ ഉളളിയും ചേർത്തു ചമ്മന്തിയരച്ചാൽ ഊണിനു മറ്റൊന്നും വേണ്ട. സാലഡിലേക്കും മീൻ കറികളിലേക്കും ഇഞ്ചിക്കു പകരക്കാരനായി ഉൾപ്പെടുത്താം .
മാങ്ങയിഞ്ചി ചെറുതായി അരിഞ്ഞോ ചതച്ചിട്ടോ വെളളം തിളപ്പിച്ചു കുടിക്കാം . അതു പോലെത്തന്നെ , ചെറുനാരങ്ങ നീരിൽ മാങ്ങയിഞ്ചി അരിഞ്ഞു ചേർത്തു മിക്സിയിൽ അടിച്ചു പഞ്ചസാരയും തിളപ്പിച്ചാറിയ വെളളവും പാകത്തിനു ചേർത്തു കുടിക്കാം . മാങ്കോ ജിഞ്ചർ ലെമൺ ജ്യൂസ് കുട്ടികൾക്കും ഇഷ്ടമാകും .
മഞ്ഞളിൻെറയും ഇഞ്ചിയുടെയും വർഗത്തിൽ ഉൾപ്പെട്ട മാങ്ങയിഞ്ചിയും ഔഷധ ഗുണങ്ങളിൽ ഒട്ടും പിറകിലല്ല.ഇത് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉദരരോഗങ്ങൾ , വിശപ്പില്ലായ്മ , പ്രതിരോധ ശേഷിക്കുറവ്, മലബന്ധം , വിരശല്ല്യം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു സഹായകരമാകും. ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുളള പല രോഗങ്ങൾക്കും മാങ്ങയിഞ്ചി ഔഷധമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പാലക്കാട് മാത്തൂർ സ്വദേശി ഇല്ലത്തിൽ മണികണ്ഠൻ മകൻ നാഗരാജ് മണികണ്ഠൻ എന്നിവർ തങ്ങളുടെ നാലേക്കർ സ്ഥലത്തു മാങ്ങയിഞ്ചി കൃഷി ചെയ്യുന്നു .കർഷകർക്കു ആവശ്യമായ നിർദ്ധേശങ്ങൾ നൽകുന്നതോടൊപ്പം വിത്തുകൾ നൽകുകയും വിളകൾ തിരിച്ചെടുക്കുവാനും ഇവർ തയ്യാറാണ്…
നമ്മുടെ പറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന മാങ്ങയിഞ്ചി ഇപ്പോൾ വളരെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതു തിരിച്ചറിഞ്ഞ് കാര്യമായ പരിചരണങ്ങൾ ആവശ്യമില്ലാതെ നല്ല വിളവു തരുന്ന മാങ്ങയിഞ്ചിയുടെ പ്രചാരം വർദ്ധിപ്പിക്കുവാനുളള പരിശ്രമങ്ങൾ നടക്കേണ്ടതുണ്ട്..
തയ്യാറാക്കിയത്
താജിഷ് ചേക്കോട്
Discussion about this post