നാട്ടുവക്കിലെല്ലാം സുലഭമായി കാണപ്പെടുന്ന ഒരു മരമാണ് വെസ്റ്റിന്ത്യന്‍ ചെറി. വൈറ്റമിന്‍ സിയുടെ കലവറയാണ് വെസ്റ്റിന്ത്യന്‍ ചെറി,. ബാര്‍ബഡോസ് ചെറി എന്നും വിളിക്കാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. വീടുകള്‍ക്ക് മുന്നില്‍ വെസ്റ്റിന്ത്യന്‍ ചെറി നട്ടുപിടിപ്പിച്ചാല്‍ രണ്ടുണ്ട് കാര്യം. തണല്‍ നല്‍കുന്ന ഒരു അലങ്കാരച്ചെടിയുമാവും പോഷകസമൃദ്ധമായ ഫലവും ലഭിക്കും. കുട്ടികള്‍ക്ക് ഏറെ ഇഷ്ടം തോന്നുന്ന രുചിയാണ്. നേരിയ പുളിയും നല്ല മധുരവുമുണ്ട്.
ഇനങ്ങള്‍
രണ്ടുതരം ഇനങ്ങളുണ്ട്. പിങ്ക് പൂക്കളുള്ളതും വെളുത്ത പൂക്കളുള്ളതും. വലിയ ഫലങ്ങള്‍ ലഭിക്കുന്നത് പിങ്ക് പൂക്കളുള്ള ഇനങ്ങളില്‍ നിന്നാണ്. ഏകദേശം ആറ് ഗ്രാം വരെ ഭാരം വരും. പഴുക്കുമ്പോള്‍ കടും ചുവപ്പു നിറമായിരിക്കും. വെളുത്ത പൂക്കള്‍ ഉള്ള ഇനങ്ങളില്‍ ചെറിയ കായ്കള്‍ ആണ് ഉണ്ടാവുക. ഒരു ഗ്രാം ഭാരമുണ്ടാകും. പഴുക്കുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.
തൈകള്‍ ഉല്‍പാദിപ്പിക്കാം
ചെറി തൈകള്‍ അന്വേഷിച്ചിട്ട് ലഭിക്കുന്നില്ലേ? വിഷമിക്കേണ്ട. നാട്ടില്‍ കാണുന്ന ഏതെങ്കിലും ചെറി മരത്തില്‍ ഒരു പരീക്ഷണം നടത്തിയാലോ? എയര്‍ ലയറിങ് ആണ് സംഭവം. ചെറിതൈകള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത് എയര്‍ ലയറിങ് വഴിയാണ്. ഇടത്തരം വണ്ണവും നല്ല ആരോഗ്യവുമുള്ള പാകമായ കമ്പുകള്‍ തിരഞ്ഞെടുക്കാം. . ഒരു പെന്‍സിലിന്റെയത്ര വണ്ണം ഉണ്ടാവണം. ശേഷം നോഡുകള്‍ക്കിടയില്‍നിന്ന് ഒരിഞ്ചു നീളത്തില്‍ ചുറ്റിനുമുള്ള തോല് നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഉള്ളിലെ തടിക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണും മണലും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് പോട്ടിങ് മിക്‌സ്ച്ചര്‍ തയ്യാറാക്കാം. ഇത് ഒരു പോളിത്തീന്‍ ഷീറ്റില്‍ എടുത്തശേഷം തോല്‍ നീക്കിയ ഭാഗത്ത് മിഠായിപൊതിയുന്നതുപോലെ പൊതിഞ്ഞു വയ്ക്കാം. ഇരുവശങ്ങളിലും ചണം കൊണ്ട് കെട്ടി മുറുക്കണം. ഒരു മാസം കഴിയുമ്പോള്‍ ലയര്‍ ചെയ്ത ഭാഗത്ത് വേര് വന്നു തുടങ്ങും. ഈ സമയത്ത് ലെയറിനു താഴെ വി ആകൃതിയില്‍ മുറിവ് ഉണ്ടാക്കാം. നല്ല രീതിയില്‍ വേരുകള്‍ വളര്‍ന്നു എന്ന് ഉറപ്പു വരുത്തിയാല്‍ ലയര്‍ ചെയ്ത ഭാഗം ചെടിയില്‍ നിന്നും വേര്‍പെടുത്താം. ഉടന്‍തന്നെ കവറുകളില്‍ മാറ്റി നടണം. പുതിയ ഇലകള്‍ വരുന്നതുവരെ തണലത്തു വളര്‍ത്താം. മണ്ണില്‍ നടുന്നതിന് മുന്‍പ് കുറച്ചുദിവസം വെയില് കൊള്ളിക്കാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ ചിലവില്ലാതെ നമുക്ക് തന്നെ വെസ്റ്റിന്ത്യന്‍ ചെറി തൈകള്‍ നിര്‍മ്മിക്കാം.
നടേണ്ടതെങ്ങനെ?
അര മീറ്റര്‍ ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ ആണ് വെസ്റ്റിന്ത്യന്‍ ചെറി നടേണ്ടത്. കുഴികളില്‍ മേല്‍മണ്ണും പത്ത് കിലോഗ്രാം ചാണകവും നിറയ്ക്കാം. ചെടി നട്ട ശേഷം ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് തൈ നടാന്‍ പറ്റിയ സമയം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ നാല് ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തണം. ഒരു വര്‍ഷം വരെ ഇത് തുടരാം. പിന്നീട് പത്ത് ദിവസത്തിലൊരിക്കല്‍ വെള്ളമൊഴിച്ചാല്‍ മതിയാകും.
വളപ്രയോഗം
നന്നായി വളര്‍ന്ന കായ്ക്കുന്ന മരത്തിന് 100 ഗ്രാം നൈട്രജനും 160 ഗ്രാം ഫോസ്ഫറസും 260 ഗ്രാം പൊട്ടാസ്യവും നല്‍കണം. ഇവ ഒരേ തോതില്‍ രണ്ടു തവണയായി ജൂണ്‍-ജൂലൈ മാസങ്ങളിലും ജനുവരിയിലും നല്‍കാം. ആരോഗ്യവും ഘടനയും നിലനിര്‍ത്തുന്നതിനായി ഇടയ്ക്ക് കോതി ഒതുക്കുകയുമാവാം.
ലയറുചെയ്ത് ഉത്പാദിപ്പിച്ച തൈകള്‍, നട്ട് ആറുമാസത്തിനുള്ളില്‍ പുഷ്പിക്കും. വിത്ത് മുളപ്പിച്ച തൈകള്‍ രണ്ടുവര്‍ഷം കഴിഞ്ഞാണ് കായ്ക്കുക.മെയ് മാസം പകുതിയോടെ പൂക്കള്‍ ഉണ്ടാകും. ഓഗസ്റ്റ് മാസം മുതല്‍ നവംബര്‍ മാസം വരെ വിളവെടുക്കാം. ചില മരങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പുഷ്പിക്കാറുണ്ട്. ഏപ്രില്‍ മാസത്തോടുകൂടി വിളവെടുക്കാന്‍ പാകമാകും.
വെസ്റ്റിന്ത്യന്‍ ചെറിക്ക് രോഗങ്ങളും കീടങ്ങളും കുറവാണെന്നതിനാല്‍ വലിയ രീതിയിലുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കേണ്ടതില്ല
പഴങ്ങളുടെ പള്‍പ്പ് ജ്യൂസ്, ജാം, ജെല്ലി, സിറപ്പ് എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.
Discussion about this post