അടുക്കളത്തോട്ടങ്ങളില്‍ പച്ചക്കറികള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ അറിയാം.
പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും. കിഴങ്ങുവര്‍ഗങ്ങള്‍ കറുത്തവാവു സമയത്ത് നടുന്നത് നന്നായി വളര്‍ന്നു വരാന്‍ സഹായിക്കും.
പച്ചക്കറി ചെടികളിലെ ചെറുപ്രാണികളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.
10ഗ്രാം കാന്താരി മുളകും, 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലകളില്‍ സ്പ്രേ ചെയ്യുന്നത് പയറിലെ ചാഴിശല്യം അകറ്റാന്‍ സഹായിക്കും.
ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.
പടവലം, പാവക്ക, ചൂരക്ക, വെള്ളരി എന്നിവയില്‍ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്പ്രേ ചെയ്യുക. പയറിന്റെ പൂകൊഴിച്ചില്‍ മാറാന്‍ ചാരം തടത്തില്‍ ചേര്‍ത്ത് കൊടുക്കുക.
മത്തന്‍ വള്ളി വീശി മുന്‍പോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്പം പച്ചചാണകം വെച്ചു കൊടുക്കുന്നത് കായ പിടുത്തം കൂടാന്‍ സഹായിക്കും.
ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്ത് വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.
പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.
Discussion about this post