വണ്ടൻമേട് : പോലീസുകാർക്കെന്താ മത്സ്യകൃഷിയിൽ കാര്യമെന്ന് ഇനി ചോദിക്കരുത്. അതും വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ. സ്റ്റേഷന് വളപ്പിലെ അഞ്ചു സെന്റിൽ പടുതാക്കുളം നിർമ്മിച്ച് മത്സ്യകൃഷി നടത്തിയ പോലീസുകാർക്ക് വിളവെടുപ്പിൽ ലഭിച്ചത് 500 കിലോയോളം മീന്‍.
കഴിഞ്ഞ ജൂണിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷൻ വളപ്പിൽ പടുതാകുളം നിര്‍മ്മിച്ച് മത്സ്യകൃഷി ആരംഭിച്ചത്. ഫിഷറീസിന്റെയും ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ ആയിരുന്നു കൃഷി. 500 അസം വാള മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മത്സ്യകൃഷിയ്ക്കായി 40,018 രൂപ ഫിഷറീസില്‍ നിന്നും സബ്സിഡി ലഭിച്ചു.
മത്സ്യകൃഷി ആരംഭിക്കുന്നതിനു മുന്‍പു സ്റ്റേഷന് വളപ്പിലെ പച്ചക്കറി കൃഷി കൊണ്ട് വണ്ടന്മേട് പോലീസ് സ്റ്റേഷന് ജനശ്രദ്ധ നേടിയിരുന്നു. പച്ചക്കറി കൃഷിയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മികച്ച സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം ഇവര്‍ കരസ്ഥമാക്കിയിരുന്നു. പോലീസ് സ്റ്റേഷന്റെ എല്ലാ മേഖലയിലുമുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ മികച്ച 87 സ്റ്റേഷനുകളില്‍ 26-ാം സ്ഥാനവും ഇവർക്ക് ലഭിച്ചിരുന്നു.
സ്റ്റേഷന് വളപ്പിലെ അരക്കേറോളം സ്ഥലത്ത് വഴുതന, കാബേജ്, പയര്‍, പച്ചമുളക്, തക്കാളി, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കുഴല്‍കിണറില്‍ നിന്നുള്ള വെള്ളത്തിനു പുറമെ
സ്റ്റേഷന് കെട്ടിടത്തില്‍ നിന്നു വീഴുന്ന മഴവെള്ളവും പൈപ്പ് ഉപയോഗിച്ച് മീന്കുളത്തിലെത്തിക്കുന്നു. തുടര്‍ന്ന് മീന്‍കുളത്തിലെ വെള്ളം ഡ്രിപ്പ് ഇറിഗേഷനിലൂടെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നു.
വണ്ടന്മേട് സി.ഐ സുനീഷ്.റ്റി.തങ്കച്ചന്, എസ്.ഐ പി.എച്ച് നൗഷാദ് എന്നിവരുള്‍പ്പെടെ 35 ഓളം പോലീസ് ഉദ്യാഗസ്ഥരാണ് വിശ്രമസമയം സ്റ്റേഷന് വളപ്പിലെ കൃഷിയ്ക്കായി വിനിയോഗിക്കുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ആര്.സുനില്‍കുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കൃഷി പുരോഗമിക്കുന്നത്. പടുതാക്കുളത്തിൽ രണ്ടാം ഘട്ടത്തില്‍ ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന ഗിഫ്റ്റ് തിലോപ്പിയ മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തുവാനാണ് പദ്ധതി.
കാടുപിടിച്ചു കിടന്ന പ്രദേശം വെട്ടിത്തെളിച്ച് 2018ല്‍ ആദ്യമായി പച്ചക്കറി കൃഷി ആരംഭിച്ചെങ്കിലും കുരങ്ങ് ശല്യത്താല്‍ വിജയിച്ചില്ല. തുടര്‍ന്ന് നടത്തിയ കൃഷിയെ പ്രളയം ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് മൂന്നാം തവണ നടത്തിയ പച്ചക്കറി കൃഷി വലിയ വിജയമായതോടൊപ്പം മത്സ്യകൃഷിയിലും മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് വണ്ടന്മേട് സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കര്‍ഷകര്‍.
ഭക്ഷ്യോല്‍പ്പാദന സ്വയംപര്യാപ്തയ്ക്ക് വണ്ടൻമേട് പോലീസ് സ്റ്റേഷന് മാതൃകയാണെന്ന് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം.മണി പറഞ്ഞു. അഡീഷണല്‍ എസ്.പി.എ.രാജന്, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ് മോഹന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്, ഫിഷറീസ് ഉദ്യോഗസ്ഥനായ പി.കണ്ണന് തുടങ്ങിവര്‍ പങ്കെടുത്തു
Discussion about this post