കൃഷിയുടെ മാലാഖമാര്‍ എന്നാണ് തേനീച്ചകളെ വിശേഷിപ്പിക്കുന്നത്. പച്ചക്കറി വിളകളിലെ പരാഗണത്തിന് മുഖ്യ പങ്ക് വഹിക്കുന്നത് തേനീച്ചകളാണ്. ഇന്ത്യയിലെ 150 മില്യണ്‍ ഹെക്ടറോളം വരുന്ന കൃഷിസ്ഥലത്തില്‍ 56 മില്യണ്‍ ഹെക്ടറിലധികവും പരാഗണത്തിനായി തേനീച്ചകളെ ആശ്രയിക്കുന്നു. കേരളത്തില്‍ കൃഷി ചെയ്യുന്ന ഒരു പ്രധാന പച്ചക്കറി വിളയാണ് വെള്ളരിവര്‍ഗ വിളകള്‍. കായ്പിടുത്തത്തിന് പരാഗണം അത്യന്താപേക്ഷിതമായ ഇത്തരം വിളകളില്‍, വര്‍ദ്ധിച്ച കായ്പിടുത്തത്തിനും, വിത്തുല്‍പ്പാദനത്തിനും മികച്ച അങ്കുരണശേഷിക്കും തേനീച്ചകള്‍ വളരെയേറെ സഹായിക്കുന്നു. വെള്ളരിയില്‍ 75 ശതമാനം വരെ തേനീച്ചകളുടെ മാത്രം സംഭാവനയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വെള്ളരി കൃഷിയില്‍ തേനീച്ചക്കൂടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതിയുടെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. ഇതിലൂടെ പരാഗകാരികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും ശരിയായ പരാഗണം സാധ്യമാക്കുകയും ചെയ്യുന്നു. ഓരോ വിളയ്ക്കും അവയുടെ പരാഗണത്തിനായി ഉപയോഗിക്കേണ്ട കൂടുകളുടെ എണ്ണം വ്യത്യസ്തമാണ്. വെള്ളരിയുടെ വിള വര്‍ദ്ധനവിനായി ഉപയോഗിക്കേണ്ട ഞൊടിയല്‍ തേനീച്ചക്കൂടുകളുടെ എണ്ണം(പുഴു അറയില്‍ ആറ് അടകളോട് കൂടിയത്) ഒരു ഹെക്ടറിലേക്ക് നാല് ആണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തന്മൂലം വിളവ് 50 മുതല്‍ 57 ശതമാനം വരെ വര്‍ദ്ധിക്കുമെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. വെള്ളരി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ പൂവിട്ടതിന് ശേഷം (വിത്ത് പാകി 28 ദിവസങ്ങള്‍ക്ക് ശേഷം) കൂടുതല്‍ സ്ഥാപിക്കാവുന്നതാണ്. കൃഷിയിടത്തില്‍ എല്ലാ ചെടികള്‍ക്കും പരാഗണം കിട്ടത്തക്കവിധത്തില്‍ തുല്യമായി കൂടുകള്‍ സ്ഥാപിക്കണം.
വിളയുടെ സംരക്ഷണത്തിനായി കീടനാശിനികള്‍ പരിമിതമായി ഉപയോഗിക്കുന്നത് നന്നായിരിക്കും.മധുവിലൂടെയും പൂമ്പൊടികളിലൂടെയും തേനീച്ചകളിലേക്കെത്തുന്ന കീടനാശിനികള്‍ അവയെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട്തന്നെ കൂടുകള്‍ സ്ഥാപിച്ച ശേഷം, ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ഗ്രീന്‍ ലേബല്‍ ഉള്ളവ ഉപയോഗിക്കാം. ഇലതീനി പുഴുക്കള്‍ക്കെതിരെ കൊറാജന്‍ (ക്ലോറാന്‍ ട്രാനിലിപ്രോള്‍-3 മി.ലി/10 ലിറ്റര്‍), ഫെയിം (ഫ്‌ളൂബൈന്‍ഡിയാമൈഡ്- 1 മി.ലി/10 ലിറ്റര്‍) മുതലായ കീടനാശിനികള്‍ വിപണിയില്‍ ലഭ്യമാണ്. കായീച്ചക്കെണികള്‍ ഉപയോഗിക്കുന്നത് വഴി കീടനാശിനിപ്രയോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍,ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
അസി.പ്രൊഫസര്‍& പ്രിന്‍സിപ്പല്‍ ഇന്‍വേസ്റ്റിഗേറ്റര്‍, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ്, വെള്ളായണി, ഫോണ്‍: 0471 2384422















Discussion about this post