കൃഷിവകുപ്പിന്റെ – “ജീവനി – സഞ്ജീവനി” ഓണ്‍ലൈന്‍ പഴം-പച്ചക്കറി വിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോര്‍ട്ടികോര്‍പ്പ് – വി.എഫ്.പി.സി.കെ – കേരഫെഡ് സ്ഥാപനങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി തുടങ്ങുന്നത്.
കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഷട്ട് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വീട്ടുപടിക്കല്‍ പച്ചക്കറി ലഭ്യമാക്കുന്നതിന് ആവശ്യമായ പദ്ധതി നടപ്പിലാക്കുന്നു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ പഴം-പച്ചക്കറികള്‍ എത്തിച്ചുകൊടുക്കുകയാണ് പരിപാടി. പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കിയ ‘ജീവനി’ എന്ന പദ്ധതിയുടെ തുടര്‍ച്ചയായി ജീവനി – സഞ്ജീവനി എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് വിതരണം നടത്തുന്നതിനുമായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുക.
ഈ പദ്ധതിയുടെ ആദ്യപടിയായി ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ എ.എം.നീഡ്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം മുഖേനയുള്ള വിതരണം കൊച്ചി നഗരത്തില്‍ 25.03.2020 ല്‍ ആരംഭിക്കുകയാണ്. വൈകുന്നേരം 7 മണിവരെ ഓര്‍ഡര്‍ ചെയ്യുന്ന പഴം-പച്ചക്കറി ഉല്പന്നങ്ങള്‍, കേരഫെഡ് വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ പിറ്റേന്ന് രാവിലെ മുതല്‍ വിതരണം ചെയ്യുകയാണ് പരിപാടി.
ഇതിനായി എ.എം.നീഡ്സ് എന്ന ആപ്പ് സ്മാര്‍ട്ട് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഈ ആപ്പില്‍ ജീവനി സഞ്ജീവനി എന്ന തലക്കെട്ടില്‍ ഹോര്‍ട്ടികോര്‍പ്പ്- വി.എഫ്.പി.സി.കെ വഴി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ലഭ്യമാണ്. നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ വി.എഫ്.പി.സി.കെ യുടേയും ഹോര്‍ട്ടികോര്‍പ്പിന്റെയും കട്ട് വെജിറ്റബിള്‍ ഉല്പന്നങ്ങള്‍ എ.എം.നീഡ്സ് മുഖേന വിതരണം നടത്തി വരുന്നുണ്ട്. കൂടുതല്‍ ഓണ്‍ലൈന്‍ വിതരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതു സംബന്ധിച്ച് മറ്റു സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് കൃഷി ഡയറക്ടര്‍ ഡോ.വാസുകി IAS നെ ചുമതലപ്പെടുത്തി. ഡയറക്ടറുടെ നേതൃത്വത്തില്‍ ഡയറക്ട്രേറ്റില്‍ ഒരു ക്രൈസിസ് മാനേജ്മെന്റ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്.
കടപ്പാട് :ഫേസ്ബുക് പേജ് ബഹു .കൃഷി മന്ത്രി വി എസ് സുനിൽ കുമാർ
Discussion about this post