അകക്കണ്ണിന്റെ വെളിച്ചത്തിൽ ജീവിതത്തെ തിരിച്ച് പിടിച്ചവൾ. ഒരൊറ്റ വാചകത്തിൽ തൃശ്ശൂർ സ്വദേശിനിയായ ഗീതയെ ഇങ്ങനെ വിശേഷിപ്പിക്കാം. അപൂർവ ജനതിക വൈകല്യം ബാധിച്ച് പതിനഞ്ചാം വയസ്സിലാണ് ഗീതയ്ക്ക് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്നത്. കാഴ്ച ശക്തി നഷ്ടപ്പെട്ടപ്പോഴും അവളുടെ മനസ്സിലെ സ്വപ്നങ്ങൾക്ക് നിറം മങ്ങിയില്ല. മികച്ച ജോലി തന്നെ ഗീത സ്വപ്നം കണ്ടിരുന്നു. അങ്ങനെ ബ്രെയിൻ ലിപി പഠിച്ച് ബിരുദ പഠനം പൂർത്തിയാക്കി. അന്ന് ഒപ്പം പഠിച്ച സഹപാഠിയും ജീവിതത്തിന് കൂട്ടായി വന്നപ്പോൾ വീണ്ടും അവളുടെ സ്വപ്നങ്ങൾ കൂടുതൽ ഉയരത്തിൽ പറന്നു. അങ്ങനെ ഭർത്താവ് സലീഷ് കുമാറിനൊപ്പം ചേർന്നാണ് ഗീത പുതിയ സംരംഭം ആരംഭിക്കുന്നത്.
ആദ്യം തുടങ്ങിയത് ഓർഗാനിക് റസ്റ്റോറൻറ് ആയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ വാടകയ്ക്ക് എടുത്ത സ്ഥലം നഷ്ടപ്പെട്ടപ്പോൾ അത് അവർക്ക് അടച്ചു പൂട്ടേണ്ടി വന്നു. പക്ഷേ ആ അനുഭവത്തിൽ നിന്നാണ് ഗീത ഓൺലൈൻ ഫുഡ് ബിസിനസ് തുടങ്ങാനുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത്. വീണ്ടും ബിസിനസിന്റെ പാതയിലേക്ക് തന്നെ ഗീത തിരിച്ചെത്തി. മനുഷ്യ ശരീരത്തിന് കൂടുതൽ രോഗപ്രതിരോധശേഷി നൽകുന്ന മഞ്ഞൾ ഉപയോഗപ്പെടുത്തിയിരുന്നു പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തിയത്.
അങ്ങനെ ഗീത ഹോം ടു ഹോം എന്ന പേരിൽ ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവന്നു. കൂടുതൽ കുറുക്കുമീൽ അളവുള്ള പ്രതിഭ മഞ്ഞളിനം ഉപയോഗപ്പെടുത്തിയാണ് ഉത്പന്നങ്ങൾ നിർമ്മിച്ചത്. ഇതിനാവശ്യമായ മഞ്ഞൾ ഉത്പാദിപ്പിക്കുന്നതും ഗീതയുടെ മേൽനോട്ടത്തിൽ ഉള്ള കൃഷി സ്ഥലങ്ങളിലാണ്. സ്വന്തം കൃഷിയിടത്തിലെ മഞ്ഞള്‍ ആയതുകൊണ്ട് തന്നെ മികച്ച ക്വാളിറ്റിയിൽ തന്നെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ടെന്നും, ഓർഗാനിക് ചേരുവകൾ മാത്രമുള്ളതുകൊണ്ട് വിപണിയിൽ കൂടുതൽ ഡിമാൻഡും തങ്ങളുടെ പ്രോഡക്റ്റിന് ഉണ്ടെന്ന് ഈ വീട്ടമ്മ കൂട്ടിച്ചേർക്കുന്നു.
Discussion about this post