ഉഷ്ണമേഖലയിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കുടംപുളി. പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭക്ഷണത്തിന് പുറമേ ആയുർവേദ മരുന്നുകളിലും കുടംപുളി ഉപയോഗിച്ച് വരുന്നു. ഇത്രേയറെ ഗുണങ്ങളുള്ള കുടുംപുളി കൃഷി ചെയ്യാവുന്നതാണ്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കുടംപുളി സാധാരണയായി നടേണ്ടത്. വിത്ത് പാകി മുളപ്പിച്ച് ഉണ്ടാകുന്ന കുടംപുളി തൈകൾ കായ്ക്കണമെങ്കിൽ ഏകദേശം 10 വർഷം വേണ്ടിവരും. ബഡ് തൈ നട്ടാൽ വിളവ് നേരത്തെയാക്കാം.ഒട്ട് തൈകൾക്ക് നന്നായി വളപ്രയോഗം നടത്തിയാൽ 3 വർഷം കഴിഞ്ഞാൽ കായ്ക്കും.
കുടംപുളി നടുന്നതിനായി 20 സെ.മി നീളവും വീതിയുമുള്ള കുഴികൾ എടുക്കണം. തൈ പിടിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ വളപ്രയോഗം നടത്താം. ചാണകവും കമ്പോസ്റ്റും യൂറിയയും വളമായി നൽകാം. ഇളം മഞ്ഞ നിറമാകുമ്പോൾ കുടംപുളി പാകമാകും. ഈ സമയത്ത് മരത്തിൽ നിന്ന് പറിച്ചെടുത്ത് രണ്ടായി പകുത്തെടുക്കുക. തുടർന്ന് പുളി വെയിലത്ത് വച്ചോ പുകയത്ത് വച്ചോ ഉണക്കിയെടുക്കുക.
ജൂൺ മാസം മുതലാണ് സാധാരണയായി കുടുംപുളി വിളയുന്നത്. ഈ സമയം വെയിലത്ത് വച്ച് ഉണക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട്
പുകയത്ത് വച്ച് ഉണക്കേണ്ടി വരും. നാല് ദിവസത്തോളം പുകയത്ത് വച്ചാൽ പുളി നന്നായി ഉണങ്ങും. പുളിക്ക് നല്ല മൃദുത്വവും നിറവും കിട്ടാനായി ഉപ്പും വെള്ളിച്ചെണ്ണയും പുരട്ടി വയ്ക്കാം.
പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാർന്ന് കഴിഞ്ഞാൽ പുളി ഒരു ദിവസം ചണച്ചാക്കിൽ നിരത്തിവയ്ക്കുക. ശേഷം അടപ്പുള്ള ജാറുകളിൽ മലർത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പ് വിതറാം. ഓരോ അടുക്കിനു മേലെയും ഉപ്പ് ഇടണം പുളി പൂത്തുപോകാതിരിക്കാനാണിത്. ജാറു നിറച്ച് അടച്ചുവയ്ക്കുക വൈൻ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ പ്ലാസ്‌മോസിസ് പ്രവർത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു.
ഈ ലായനിയിൽ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബർ ജനുവരി മാസത്തിൽ പുളി പുറത്തെടുത്ത് തണലിൽ പോളിത്തീൻ ഷീറ്റിൽ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.
Garcinia cambogia farming
Discussion about this post