ഓണക്കാലമായാല്‍ പിന്നെ പൂക്കള്‍ തിരക്കിയുള്ള നടപ്പിലാകും. എന്നാല്‍ അല്‍പ്പമൊന്ന് കരുതിയാല്‍ സുഖമായി വീട്ടില്‍ വളര്‍ത്താം. അത്തരത്തില്‍ അനായാസം വളര്‍ത്താവുന്ന ഒന്നാണ് ചെണ്ടുമല്ലി.ഹ്രസ്വകാല വിളയാണ് ചെണ്ടുമല്ലി കൃഷി. 15 ഡിഗ്രി മുതല്‍ 29 ഡിഗ്രി വരെയുള്ള താപനില ആണ് കൃഷിയ്ക്ക് അനുയോജ്യം. അമ്ലത കുറഞ്ഞ മണ്ണില്‍ കൃഷി ഇറക്കുന്നത് അഴുകല്‍ പോലുള്ള രോഗങ്ങളെ ചെറുക്കും.
ഒരു സെന്റ് സ്ഥലത്ത് ആറ് ഗാം വിത്തുകള്‍ വേണ്ടി വന്നേക്കാം. പ്രോ ട്രേ കളില്‍ 3:1 അനുപാതത്തില്‍ നാര് കളഞ്ഞ ചകിരി ചോറ്, ചാണകപ്പൊടി അല്ലെങ്കില്‍ അരിച്ച മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്ത മിശ്രിതത്തില്‍ തൈകള്‍ വളര്‍ത്തി എടുക്കാം. ആവശ്യത്തിന് വെയില്‍ കിട്ടിയില്ലെങ്കില്‍ തൈകള്‍ ബലം കുറഞ്ഞു നീണ്ടു വളരും.
തൈകള്‍ നാലാഴ്ച പ്രായമാകുമ്പോള്‍ പറിച്ചു നടാവുന്നതാണ്. വൈകുന്നേരങ്ങളില്‍ പറിച്ചു നടണം. ആവശ്യത്തിന് നനയ്ക്കണം.വരികളും ചെടികളും തമ്മില്‍ ഒന്നര അടി അകലം നല്‍കാം. (45cmx45cm). ഒരു സെന്റില്‍ ഏതാണ്ട് 200 ചെടികള്‍ നടാം.നട്ട് ഇരുപതു ദിവസം കഴിയുമ്പോള്‍ ഇടയിളക്കി സെന്റിന് 220ഗ്രാം യൂറിയ,100ഗ്രാം പൊട്ടാഷ് എന്നിവ മേല്‍ വളമായി നല്‍കാം.
പറിച്ചു നട്ട് 27 ദിവസം കഴിയുമ്പോള്‍ മണ്ട നുള്ളിക്കൊടുക്കുന്നത് കൂടുതല്‍ ശിഖരങ്ങള്‍ വരാനും ചെടികള്‍ക്ക് കരുത്തു കൂടാനും സഹായിക്കും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പൂക്കളും ഉണ്ടാകും. പറിച്ചു നട്ട് ഏതാണ്ട് 60-65 ദിവസങ്ങള്‍ കഴിയുമ്പോള്‍ പൂക്കള്‍ വിളവെടുത്ത് തുടങ്ങാം. മൂന്ന് ദിവസത്തിലൊരിക്കല്‍ പൂക്കള്‍ വിളവെടുക്കാം.
Discussion about this post