ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പെരിയാറിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ കർഷകർക്ക് 5 കോടിക്ക് മുകളിൽ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. നാശനഷ്ടം സംഭവിച്ച കർഷകരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളിൽ അതാത് തദ്ദേശസ്ഥാപനങ്ങളിൽ വച്ച് ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥർ നേരിട്ട് എത്തി ശേഖരിച്ചിരുന്നു.
പെരിയാറിലൂടെ ഒഴുകിയെത്തിയ വിഷലത്തിൽ നിന്നാണ് മത്സ്യ കർഷകർക്ക് നാശനഷ്ടം സംഭവിച്ചത്.കൂടു മത്സ്യകൃഷി ചെയ്യുന്ന കർഷകർക്ക് ആണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. കരിമീൻ,കാളാഞ്ചി,തിലോപ്പിയ തുടങ്ങിയ മീനുകളാണ് കൂടുകളിൽ പ്രധാനമായും കർഷകർ വളർത്തിയിരുന്നത്. ഒരു കൂടിൽ മത്സ്യകൃഷി ചെയ്യുന്നതിന് മൂന്നുലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് മുതൽമുടക്ക് വേണ്ടി വരുന്നത്. ഒരു കൂടിൽ മത്സ്യം വളർത്തുന്നതിന് ഫിഷറീസ് വകുപ്പ് പ്രോജക്ട് പ്രകാരം മൂന്നുലക്ഷം രൂപ മുതൽമുടക്കണം. ഇതിൽ 40% സബ്സിഡിയായി ലഭിക്കും. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കിയിരുന്നത്. വരാപ്പുഴ പഞ്ചായത്തിന്റെ പരിധിയിൽ മാത്രം നൂറോളം കൂടുകളാണ് നിലവിലുള്ളത്. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ ദുരന്തം നാശനഷ്ടത്തിന്റെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. കടമക്കുടി പഞ്ചായത്തിന്റെ കീഴിൽ ഉള്ള 200 ലേറെ മത്സ്യ കൂടുകളിലും ദുരന്തത്തിന്റെ അടുത്ത ദിവസങ്ങളിൽ വിളവെടുപ്പിന് സജ്ജമാക്കിയതായിരുന്നു.
മത്സ്യ കർഷകരും തൊഴിലാളികളും കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വരാത്തത് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കൂടുതൽ നടപടിക്രമങ്ങളിലേക്ക് സമയമെടുക്കും എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു കർഷകർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം നിലവിൽ ആലോചിക്കുന്നു.
Discussion about this post