മൂവാറ്റുപുഴ: ഒരു കോടി ഫലവർഗ തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായി 15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി മൂവാറ്റുപുഴയിലെ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം.സെപ്തംബർ 30 ന് തൈകളുടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനം തൈ വിതരണത്തിൻ്റെ വേഗത അൽപ്പം കുറച്ചു.
ലോക് ഡൗൺ കാലത്ത് വലിയൊരു വിഭാഗം ജനങ്ങൾ കൃഷിയിലേക്ക് തിരിഞ്ഞത് നടുക്കര പച്ചക്കറി ഉൽപ്പാദന കേന്ദ്രത്തിന് നേട്ടമായി. തൈകൾക്ക് ആവശ്യക്കാരേറെ ആയതിനാൽ മൂന്ന് ലക്ഷം രൂപയുടെ തൈകൾ വിറ്റഴിക്കാൻ കഴിഞ്ഞതിനാൽ പിടിച്ച് നിൽക്കാനായെന്ന് മാനേജർ ബിമൽ റോയി പറയുന്നു. ശീതകാല സീസൺ പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, ക്യാപ്‌സിക്കം എന്നിവയുടെ തൈകളും ഉല്പാദിപ്പിച്ച് തുടങ്ങി.ശീതകാല തൈകൾ എല്ലാം തന്നെ ഗുണമേന്മയുളള ഹൈബ്രിഡ് വിത്തുകൾ മുളപ്പിച്ചാണ് തൈകളാക്കുന്നത്.
2017 ഡിസംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.കൃഷി വകുപ്പിന്റെ കീഴിൽ വി.എഫ്.പി.സി.കെ.യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന് കൃഷി വകുപ്പിന് കീഴിലുളള കേരളത്തിലെ ഏക ഹൈടെക് തൈ ഉൽപ്പാദന കേന്ദ്രമെന്ന പ്രത്യകതയുമുണ്ട്. ചകിരിച്ചോറും പെർലൈറ്റും വെർമിക്കുലൈറ്റും ചേർന്നുളള നടീൽ മിശ്രിതം തയ്യാറാക്കുന്നത് മുതൽ പ്രോട്രേകളിൽ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയ്യാറാവുന്നതും വരെയുളള എല്ലാ ഘട്ടങ്ങളും ഹൈടെക് മയമാണ് ഇവിടം.
നടുക്കരയിൽ വി.എഫ്.പി.സി.കെ വക നാലേക്കർ 90 സെന്റ് സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൂർണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്‌ക്വയർ മീറ്റർ ഉളള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുളളത്. കൂടാതെ വിത്തുകൾ നടുവാനുളള ഓട്ടോമേറ്റഡ് സീഡിംഗ് മെഷീൻ, വളം നൽകാനുളള ഫെർട്ടിഗേഷനൻ യൂണിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിലയം, താപവും ഈർപ്പവും നിശ്ചിത അളവിൽ പോളിഹൗസുകളിൽ നിയന്ത്രിക്കാനുളള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്ന മുളക്, തക്കാളി, വഴുതന, പയറ്, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകൾ മുളപ്പിച്ച് തൈകളാക്കുന്നത് കൂടാതെ ശീതകാല സീസൺ പച്ചക്കറി തൈകളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. തക്കാളി 15 ദിവസവും വഴുതന, മുളക് തുടങ്ങിയവ 25 ദിവസവും വെണ്ട, അമര, പയറ്, പീച്ചിൽ തുടങ്ങിയവ എട്ടു ദിവസവും പ്രായമെത്തുമ്പോഴാണ് ഇവിടെ നിന്നും വില്പന നടത്തുന്നത്. അതു കൊണ്ട് തന്നെ ഇത്രയും ദിനങ്ങൾ ഓരോ ഇനത്തിന്റെയും കൃഷിക്കാലയളവിൽ നിന്നും കുറഞ്ഞു കിട്ടുന്നു എന്നത് കർഷകർക്ക് നേട്ടമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലുമായി കൃഷിഭവനുകൾ, സന്നദ്ധ സംഘടനകൾ , വി.എഫ്.പി.സി.കെ, സ്വാശ്രയ കർഷക സമിതികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ , വിവിധ എൻ .ജി.ഒകൾ തുടങ്ങി വിവിധ തുറകളിലായാണ് ഇവിടെ നിന്നും ലക്ഷക്കണക്കിന് തൈകളെത്തിയത്.
കൃത്യമായ പരിചരണമുണ്ടെങ്കിൽ മികച്ച വിളവ് നൽകുന്നവയാണ് ഇവിടുത്തെ തൈകൾ.പരമ്പരാഗത കർഷകർക്കും പുതുകർഷകർക്കുമെല്ലാം ആവേശം പകർന്ന് പ്രളയവും കോവിഡ് കാലവുമെല്ലാം അതിജീവിച്ച് മുന്നേറുകയാണ് ഈ കേന്ദ്രം.
Discussion about this post