വടകര, ജെ.ടി.റോഡിലെ നഗരസഭാ കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സുസ്ഥിരവികസന പ്രക്രിയയിലൂടെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരസഭയാക്കി വാടകരയെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിനുതകുന്നരീതിയില്‍ 5 മേഖലകളില്‍ ഇടപെടുന്നതിനുള്ള പരിശീലനം, സര്‍വീസ്, ടെക്‌നോളജി കൈമാറ്റങ്ങള്‍ എന്നിവക്കുള്ള കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുക.
മഴ വെള്ള സംരക്ഷണം, കിണര്‍ റീചാര്‍ജിങ്, ജലപരിശോധന തുടങ്ങിയവക്കുള്ള വാട്ടര്‍ ക്ലിനിക്, കൃഷിചെയ്തു കൊടുക്കുന്നതിനും കൃഷി ഉപകരണങ്ങള്‍ വാടകക്ക് നല്‍കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരിഹാരത്തിനുമായി അഗ്രി ക്ലിനിക് , ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എനര്‍ജി ഓഡിറ്റിംഗ്, പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന എനര്‍ജി ക്ലിനിക്, പാഴ് വസ്ത്രങ്ങളും മറ്റുല്‍പന്നങ്ങളും റിപ്പയര്‍ ചെയ്ത് പുനരുപയോഗിക്കുന്നതിന് അപ് സൈക്ലിങ് ക്ലിനിക്, വിവിധ മാലിന്യസംസ്‌കരണ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന വേസ്റ്റ് മാനേജ്‌മെന്റ് ക്ലിനിക് എന്നിവയുമുണ്ടാകും.
നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഹരിയാലി ഹരിത കര്‍മ്മ സേനക്കാണ് നടത്തിപ്പ് ചുമതല. ഈ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള ഒരു സെന്ററായും കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അറിയിച്ചു.
Discussion about this post