അതിപുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ കൃഷി ചെയ്തുവരുന്ന സുഗന്ധവ്യഞ്ജന വിളയാണ് വെറ്റില. പൈപ്പെറേസീ കുടുംബത്തില്‍പ്പെട്ട വെറ്റില ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി കൂടിയാണ്. രണ്ടു പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യം. മേയ്- ജൂണില്‍ ക്യഷിയിറക്കുന്ന ഇടവക്കൊടിയും ഓഗസ്റ്റ് – സെപ്റ്റംബറില്‍ കൃഷിയിറക്കുന്ന തുലാക്കൊടിയുമാണ് കൃഷികാലങ്ങള്‍.
തുളസി, വെണ്മണി, അരിക്കോടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പുരം, ചിലാന്തികര്‍പ്പുരം, കൂറ്റക്കൊടി നന്ദന്‍, പെരുങ്കൊടി, അമരവിള, പ്രാമുട്ടന്‍ എന്നിവയാണ് പ്രധാന വെറ്റില ഇനങ്ങള്‍. 2-3 വര്‍ഷം പ്രായമായ കൊടിയുടെ തലപ്പാണ് പുതുകൃഷിയ്ക്കുപയോഗിക്കുന്നത്. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനുപയോഗിക്കേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തേക്കു ഏകദേശം 20000 -25000 തലപ്പുകള്‍ ആവശ്യമായി വരും.
നല്ല തണലുള്ളതും നനയ്ക്കാന്‍ വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ് വെറ്റിലകൃഷിക്കു അനുയോജ്യം. കിളച്ചൊരുക്കിയ മണ്ണില്‍ 10-15 മീറ്റര്‍ നീളവും 75 സെ. മീ. വീതം വീതിയും, ആയവുമുള്ള ചാലുകള്‍ കീറിയാണ് സാധാരണ കോടികള്‍ നടുന്നത്. ചാലുകള്‍ തമ്മില്‍ 1 മീറ്റര്‍ അകലമുണ്ടായിരിക്കണം. ചാണകവും, പച്ചിലയും, ചാരവും മേല്‍മണ്ണുമായി കലര്‍ത്തുക.
ജൈവവളമാണ് വെറ്റില കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും ഇട്ടുകൊടുക്കുക. ഇടയ്ക്കിടെ ചാണകം കലക്കി തളിക്കുകയും ചെയ്യണം. നട്ട് നാലു മാസക്കാലവും ഈ പരിചരണം വിളവെടുപ്പു വരെ തുടരാം. ശീമക്കൊന്നയില, മാവില തുടങ്ങി പലതരം ഇലകള്‍ മാസത്തില്‍ ഇട്ടുകൊടുക്കുന്നതു വള്ളികള്‍ക്ക് നല്ലതാണ്. തടത്തില്‍ ശരിയായ ഈര്‍പ്പം വെറ്റിലക്കൊടിക്ക് ആവശ്യമാണ്.എന്നാല്‍ തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. മഴ തീരെയില്ലാത്ത സമയത്ത് ദിവസം 2 നേരം നനയ്ക്കണം.
നട്ട് ഒരു മാസം കഴിയുമ്പോള്‍ കൊടി പടര്‍ത്താന്‍ തുടങ്ങാം. ഇതിനായി നാട്ടിയ മുളങ്കമ്പുമായി 15-20 സെന്റിമീറ്റര്‍ അകലത്തില്‍ പഴനാരുകൊണ്ട് ചെറുതായി ബന്ധിച്ച് പടര്‍ത്താവുന്നതാണ്. കൊടിയുടെ വളര്‍ച്ചയനുസരിച്ച് 15-20 ദിവസത്തിലൊരിക്കല്‍ മുളങ്കമ്പുമായി ചേര്‍ത്ത് കെട്ടിക്കൊടുക്കണം. തോട്ടം കളകള്‍ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം.
ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസമാണ് വള്ളി താഴ്ത്തിക്കെട്ടേണ്ട സമയം. താഴ്ത്തിക്കെട്ടും മുന്‍പ് വള്ളിയുടെ ചുവടറ്റത്തുള്ള എല്ലാ ഇലകളും 15 സെ.മീ. ഉയരത്തില്‍ നുള്ളി മാറ്റണം.കൊടി മുഴുവനും താങ്ങ് ചെടിയില്‍നിന്നും അഴിച്ചു മാറ്റിയതിനു ശേഷം അതിന്റെ അഗ്രഭാഗത്തുള്ള 30 മുതല്‍ 60 സെന്റീമീറ്റര്‍ തണ്ട് ഒഴിച്ചുള്ള വള്ളി താങ്ങ് ചെടിയുടെ ചുവട്ടില്‍ ശ്രദ്ധയോടെ ചുറ്റിവെക്കണം. താങ്ങ് ചെടിയുടെ ചുവട്ടില്‍ ഒരു ചെറിയ പാത്തിയുണ്ടാക്കി, പകുതിഭാഗം മണ്ണില്‍ മൂടിയിരിക്കത്തക്കവണ്ണം വള്ളിസിച്ചൂരുള്‍ പാത്തിയില്‍ വയ്ക്കണം. വെറ്റിലക്കൊടി ആദ്യത്തെ തവണ വള്ളി താഴ്ത്തിക്കെട്ടുന്നതിനു മുമ്പ് ശീലമുള്ള ഇല നുള്ളാന്‍ പാടില്ല എന്നാല്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും വെറ്റില നുള്ളി കഴിഞ്ഞാണ് വള്ളി താഴ്ത്തിക്കെട്ടേണ്ടത്.
മൂന്നു മുതല്‍ ആറുമാസത്തിനുള്ളില്‍ കൊടിക്ക് ഒന്നരമീറ്റര്‍ ഉയരം വെക്കും. ഈ അവസരത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്. ഇല ഞെട്ടോടുകൂടി നുള്ളിയെടുക്കണം. മാസത്തില്‍ രണ്ടു തവണയോ ആഴ്ചയില്‍ ഒരിക്കലോ ഇല നുള്ളാവുന്നതാണ്. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളം ചേര്‍ത്തുകൊടുക്കണം.
Discussion about this post