തിരുവനന്തപുരം: വരുമാന കുതിപ്പിൽ മിൽമ. 2023-24 സാമ്പത്തിക വർഷത്തിൽ 4,311 കോടി രൂപയാണ് മില്‍മയുടെ മൊത്ത വരുമാനം. ഏപ്രില്‍ മാസത്തില്‍ മില്‍മയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ലിറ്ററായിരുന്നു. മേയ് മാസത്തില്‍ ഇത് 11.96 ലിറ്ററായിട്ടുണ്ട്. ഈ കാലയളവിലെ വില്പന 17.56 ലക്ഷം ലിറ്ററാണ്. മില്‍മ ചെയര്മാന് കെ.എസ് മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദകര്‍ ഇന്ത്യയാണെന്നും ആഗോള പാൽ ഉത്പാദനത്തിൻ്റെ 24.64 ശതമാനമാണ് ഈ മേഖലയിൽ ഇന്ത്യയുടെ സംഭാവനയെന്നും വലിയ നേട്ടമാണ് രാജ്യം കരസ്ഥമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിഭുവന്‍ദാസ് പട്ടേലും ധവളവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന മലയാളി ഡോ. വര്‍ഗീസ് കുര്യനും ചേര്‍ന്നുണ്ടാക്കിയ സഹകരണ പ്രസ്ഥാനത്തിലൂടെ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ഫെഡറലിസം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയ്ക്ക് മലബാര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ സംഘങ്ങളുണ്ട്. ഇവയിലെ 3,300 പ്രാഥമിക സഹകരണ സംഘങ്ങളിലായി 10 ലക്ഷത്തോളം ക്ഷീരകര്‍ഷകരാണ് മില്‍മയ്ക്കുള്ളത്. മില്‍മയുടെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം റിപൊസിഷനിംഗ് മില്‍മ എന്ന ബ്രാന്‍ഡ് നവീകരണമാണ്.
ചോക്ലേറ്റ്, ബട്ടര്‍ ബിസ്ക്കറ്റ്, ഇന്‍സ്റ്റന്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നീ പുതിയ ഉത്പന്നങ്ങള്‍ക്ക് പുറമെ പാലിന്റെ തരംതിരിക്കല്‍, വില ക്രമീകരിക്കല്‍ തുടങ്ങിയവ ഈ ഉദ്യമത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മില്‍മയുടെ വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന് ഇത് ഏറെ സഹായകരമായെന്നും കെ.എസ് മണി പറഞ്ഞു.















Discussion about this post