പൂക്കളുടെയും പച്ചക്കറികളുടെയും ഒരു മനോഹര ലോകം തന്നെയാണ് മുള്ളൂര്‍ക്കര കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ ചെന്നാല്‍ കാണാന്‍ കഴിയുക. പ്രാഥമികാരോഗ്യ കേന്ദ്രമാണെന്ന് തോന്നാത്ത രീതിയില്‍, വീടിന്റെ പ്രതീതിയിലാണ് ഇവിടെ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. അമ്പിളി തങ്കപ്പന്‍ എന്ന നഴ്‌സാണ് ഇത്രയും മനോഹരമായ രീതിയില്‍ ചെടികളും പച്ചക്കറികളും കൃഷി ചെയ്തിരിക്കുന്നത്.
ചെറുപ്പം മുതല്‍ തന്നെ ചെടികള്‍ നട്ടുപരിപാലിക്കുന്നതിനോടും പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനോടും അമ്പിളിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ദിവസത്തിന്റെ നല്ലൊരു ശതമാനം ജോലി സ്ഥലത്ത് ചിലവിടേണ്ടി വരുന്നത് തന്നെയാണ് ജോലി ചെയ്യുന്നിടം ഉദ്യാനമാക്കാന്‍ അമ്പിളിയെ പ്രേരിപ്പിച്ചത്. ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവുസമയമാണ് പച്ചക്കറികളും മറ്റും പരിപാലിക്കാന്‍ അമ്പിളി വിനിയോഗിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തുചെയ്താലും ജനങ്ങള്‍ ശ്രദ്ധിക്കും. ജൈവ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിലൂടെ വിഷമില്ലാത്ത പച്ചക്കറികള്‍ ഉപയോഗിക്കാമെന്ന് മാത്രമല്ല, ആളുകള്‍ക്ക് ഇത് നല്‍കുന്നത് വലിയൊരു സന്ദേശമാണെന്ന് കൂടി അമ്പിളി പറയുന്നു.
മുള്ളൂര്‍ക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പഞ്ചായത്തധികൃതരുമെല്ലാം പൂര്‍ണ പിന്തുണ നല്‍കി അമ്പിളിക്കൊപ്പമുണ്ട്.
Discussion about this post