കൂത്തുപറമ്പ് : കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാങ്ങാട്ടിടം പഞ്ചായത്തില്‍ ‘പച്ചത്തുരുത്ത് ‘പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ ആദ്യത്തെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മാങ്ങാട്ടിടത്ത് നടപ്പാക്കുന്ന മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് പച്ചത്തുരുത്ത്. കണ്ടേരി പുഴയോരത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജൈവ നഴ്‌സറി ഒരുക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. കൂടുതലും മുളകായിരിക്കും നട്ടുപിടിപ്പിക്കുക. നാടന്‍ പ്ലാവ്, മാവ്, പുളി, വേപ്പ്, ഞാവല്‍ എന്നിവയും നട്ടുവളര്‍ത്തും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ ചെടിച്ചട്ടിയാണ് ഹരിത നഴ്‌സറിക്ക് ഉപയോഗിക്കുന്നത്. വൃക്ഷതൈകള്‍ വളര്‍ന്ന് കഴിഞ്ഞാല്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട്, ആയിത്തര എന്നീ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
പച്ചത്തുരുത്ത് നഴ്‌സറിയില്‍ നിന്ന് മറ്റ് പഞ്ചായത്തുകള്‍ക്കും വൃക്ഷ തൈകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം കണ്ടേരിയില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. കൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ. ലത പദ്ധതി വിശദീകരിച്ചു. എന്‍.വി.ശ്രീജ, കെ.സന്ധ്യാ ലക്ഷ്മി, പി.കെ.ബഷീര്‍, സി.സദാനന്ദന്‍, കെ.ഷിബു., കെ.സത്യഭാമ, ആര്‍.സന്തോഷ് കുമാര്‍, വിപിന്‍ദാസ്, കെ.സുനില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ യു.വി.മീര സ്വാഗതവും സി.കെ.ബിന്ദു നന്ദിയും പറഞ്ഞു.
Discussion about this post