കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് മിക്കവരും ചെറിയ രീതിയില്‍ വീട്ടില്‍ പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണല്ലോ. പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ചാല്‍ മാത്രം പോര അവയ്ക്ക് വേണ്ട പരിപാലനവും നല്‍കണം. അടുക്കളത്തോട്ടത്തിന് വേണ്ട വളങ്ങളും കീടനാശിനികളും അടുക്കളയില്‍ നിന്ന് തന്നെ ഉണ്ടാക്കാം. ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന്. അതെടുത്ത് കളയുകയാവും പതിവ്. എന്നാല്‍ അതെല്ലാം പച്ചക്കറിക്ക് വേണ്ട ജൈവവളങ്ങളാക്കിയാല്‍ മതി.
ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു നോക്കാം.
മുട്ടത്തോട്, തേയിലയും കാപ്പിയും
പച്ചക്കറികള്‍ നന്നായി വളരാന്‍ മുട്ടത്തോട് സഹായിക്കും. പൂച്ചെടികള്‍ക്കും മുട്ടത്തോട് നല്ലതാണ്. തേയിലയുടെയും കാപ്പിയുടെയു അവശിഷ്ടങ്ങള്‍ ചെടികള്‍ക്ക് ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം.
കഞ്ഞിവെള്ളവും കാടിവെള്ളവും
ദിനംപ്രതി പലരും പാഴാക്കി കളയുന്നതാണ് കഞ്ഞിവെള്ളവും അരികഴുകിയ കാടിവെള്ളവും. ഇവ ചെടികള്‍ക്ക് നല്ല വളമാണ്. ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. ചിത്രകീടം, മീലിമുട്ട എന്നീ കിടങ്ങള്‍ നിയന്ത്രിക്കാന്‍ മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നതിലൂടെ സാധിക്കും.
മത്സ്യാവശിഷ്ടവും മത്സ്യം കഴുകിയ വെള്ളവും
മത്സ്യാവശിഷ്ടങ്ങളും മത്സ്യം കഴുകിയ വെള്ളവും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. ചുവട്ടില്‍ ഇട്ട് അല്‍പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ ധാരാളം പൂക്കളുണ്ടാകാനും മത്സ്യ കഴുകിയ വെള്ളം ഉത്തമമാണ്. മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും.
പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്‍
ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ് വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും സാധാരണ കുഴിക്കമ്പോസ്റ്റും നിര്‍മിച്ച് വളമാക്കി മാറ്റാം.
ചാരം
പച്ചക്കറികള്‍ ചാരം നല്ലൊരു വളമാണ്. അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം ദിവസവും ലഭിക്കും. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കു പുറമെ ഇത് കീടനാശിനിയായും ചാരം പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മൂഞ്ഞയും മാറിക്കിട്ടും.
ചിരട്ടക്കരി
ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി മാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
തേങ്ങാവെള്ളം
തേങ്ങാവെള്ളം പച്ചക്കറികളില്‍ കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉത്പാദനവര്‍ദ്ധനവുണ്ടാകും.
Discussion about this post