” മണ്ണിന്റെ ജീവൻ നിലനിർത്തുക, ജൈവവൈവിധ്യം സംരക്ഷിക്കുക “എന്ന സന്ദേശവുമായി ഇന്ന് ലോകം മണ്ണ് ദിനം ആചരിക്കുകയാണ്. 2002 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്.
കോടാനു കോടി വർഷങ്ങളുടെ പ്രകൃതിയുടെ അധ്വാനമാണ് മണ്ണ്. പുല്ലുപോലും മുളയ്ക്കാത്ത പാറയെ കാറ്റും മഴയും മറ്റു പ്രകൃതി പ്രതിഭാസങ്ങളും ചേർന്ന് പൊടിച്ച് ഫലപുഷ്ടിയുള്ള മേൽമണ്ണാക്കി മാറ്റിയെടുക്കുകയാണ്. ആ മണ്ണിലാണ് സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്നത്. വായുവും ജലവും പോലെ തന്നെ പ്രാധാന്യമുണ്ട് മണ്ണിനും.
ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് മണ്ണ്. മണ്ണിന്റെ മൂല്യം ഏറ്റവുമധികം അറിയുന്നത് കർഷകർക്കാണ്. കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും കാൽച്ചുവട്ടിലെ മണ്ണിൽ സഹായികളായി ഒരുപാട് പേരുണ്ടെന്ന് അവർക്കറിയാം. അത്തരം സൂക്ഷ്മജീവികൾ സസ്യങ്ങൾക്ക് കരുത്തും ആരോഗ്യവും പോഷകങ്ങളും നൽകി സഹായിക്കുന്നുണ്ട്. പകരം സസ്യങ്ങൾ അവർക്ക് വേണ്ട ഭക്ഷണം നൽകുന്നു. മാലിന്യങ്ങളെല്ലാം വേർതിരിച്ച് ജീവജാലങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതും മണ്ണ് തന്നെ. മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് മണ്ണാണ്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ പ്രധാന കാരണക്കാരൻ മണ്ണ് തന്നെ.
മണ്ണിലെ ഈ അനന്തമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റേയും കർത്തവ്യമാണ്. മലിനീകരണവും രാസവളങ്ങളുടെ അളവിൽ കൂടുതലുള്ള പ്രയോഗവും കാലക്രമേണ മണ്ണിന്റെ ജീവൻ നശിപ്പിക്കുമെന്നതിൽ സംശയമില്ല. ഓരോ പ്രളയത്തിലും നമുക്ക് നഷ്ടമാകുന്നത് വിലപിടിപ്പുള്ള മേൽമണ്ണാണ്. വനനശീകരണം മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുന്നു.
ജൈവവൈവിധ്യങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, കൃത്യമായ മാലിന്യ സംസ്കരണം, സുസ്ഥിരവികസനം, മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കളുടെ പുനരുപയോഗം എന്നിവ വഴി മണ്ണിന്റെ ജീവൻ നിലനിർത്താനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും സാധിക്കും.
Discussion about this post