ആലപ്പുഴ: തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതി മരിച്ചു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ.ഇന്ദു ആണ് മരിച്ചത്.
തുമ്പച്ചെടി തോരൻ വച്ച് കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് നിഗമനം. പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിൽസ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവർക്ക് അസ്വസ്ഥതകളില്ല മുറിയിൽ നിന്ന് വിഷാംശം കലർന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകൾ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ കൂട്ടത്തിലാണ് തുമ്പയെ പല പഠനങ്ങളും പെടുത്തിയിരിക്കുന്നത്. അരളിയിലയും പൂവുമെല്ലാം ശരീരത്തിന് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാൽ ഇത്രയും പ്രശ്നം തുമ്പയ്ക്ക് ഉള്ളതായി എവിടെയും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. തുമ്പ വ്യാപകമായി ലഭ്യമായ സസ്യമാണെങ്കിലും അത്രയും വ്യാപകമായി ഭക്ഷണത്തിൽ അവ ഉപയോഗിക്കുന്നില്ല. രോഗാവസ്ഥകൾ ഉള്ളവർക്ക് അപകടകാരിയായി തുമ്പ മാറുമെന്നതാകാം ഒരു പക്ഷേ ഇതിനുള്ള കാരണം. കൂടുതൽ വ്യക്തത വരാൻ മരിച്ച ഇന്ദുവിന്റെ സാമ്പിൾ പരിശോധനാ ഫലം കൂടി വരാൻ കാത്തിരിക്കേണ്ടി വരും.
Woman died after eating Leucas aspera
Discussion about this post