തക്കാളിയുടെ ഇല ചിലപ്പോള്‍ മഞ്ഞ നിറമാകുന്നത് കണ്ടിട്ടില്ലേ? ഇതിന് പല കാരണങ്ങളുമുണ്ട്. ശരിയായ പരിചരണം ലഭിക്കാത്തത് തന്നെയാണ് പ്രധാന കാരണം. പരിചരണത്തില്‍ എവിടെയാണ് പാളിപോകുന്നതെന്ന് നോക്കാം.
പൂപ്പല്‍ബാധ
തക്കാളിയുടെ ഇല മഞ്ഞളിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കണ്ടുവരുന്നത് പൂപ്പല്‍ ബാധിക്കുന്നതാണ്. ഏര്‍ളി ബ്ലൈറ്റാണ് ഇതിന് കാരണം. ഇലകളിലും തണ്ടുകളിലും പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം.രോഗം മൂര്‍ച്ഛിച്ചാല്‍ മാത്രമേ തക്കാളിയിലേക്ക് രോഗം പടരൂ. ഫ്യൂസേറിയം വില്‍റ്റ് എന്ന രോഗമാണ് ഇല മഞ്ഞളിക്കാനുള്ള മറ്റൊരു കാരണം. ചൂടുള്ള കാലാവസ്ഥയിലാണ് ഇത് കണ്ടുവരുന്നത്. വളര്‍ച്ച മുരടിക്കാനും തക്കാളി ഉണ്ടാകാതിരിക്കാനും ഇത് ഇടയാക്കും.
ഇത്തരം ഫംഗല്‍ രോഗങ്ങള്‍ക്ക് ക്ലോറോത്തലോണില്‍ പ്രയോഗിക്കാം. കൃത്യമായി നന നല്‍കാനും ശ്രദ്ധിക്കണം. ചെടികള്‍ തമ്മില്‍ ആവശ്യത്തിന് അകലമുണ്ടായിരിക്കണം.
വൈറല്‍ രോഗങ്ങള്‍
തക്കാളി ചെടിയുടെ ഇല മഞ്ഞളിക്കുന്നതിന് വിവിധ വൈറല്‍ രോഗങ്ങളും കാരണമാകുന്നുണ്ട്. ടുമാറ്റോ മൊസൈക് വൈറസ്, ടുബാക്കോ മൊസൈക് വൈറസ്, സിംഗിള്‍ സ്ട്രീക് വൈറസ്, കുകുംബര്‍ മൊസൈക് വൈറസ്, ടുമാറ്റോ യെല്ലോ ലീഫ് കേള്‍ തുടങ്ങിയവയാണ് അവ. ഇവയുടെ ലക്ഷണങ്ങള്‍ പലതാകുമെങ്കിലും വളര്‍ച്ച മുരടിക്കുന്നതും ഇലകളില്‍ മൊസൈക് പാറ്റേണ്‍ കാണുന്നതുമാണ് പൊതുവായി കാണാറുള്ളത്. ചെടികള്‍ നശിച്ചുപോകുന്നതിന് പലപ്പോഴും വൈറസ് കാരണമാകാറുണ്ട്. പെസ്റ്റ് കണ്‍ട്രോള്‍ ഉപയോഗിക്കുകയും വെള്ളം കൃത്യമായി നല്‍കുകയും ചെയ്യുക.
കീടങ്ങള്‍
കീടങ്ങളുടെ ആക്രമണത്തിലൂടെയും തക്കാളി ചെടിയുടെ ഇല മഞ്ഞളിക്കാറുണ്ട്. ഇന്‍സെക്ടിസൈഡല്‍ സോപ്പോ ഹോര്‍ട്ടികള്‍ച്ചറല്‍ ഓയിലോ ആണ് ചെറുകീടങ്ങളെ നിയന്ത്രിക്കാനുള്ള മാര്‍ഗം.
നന ശരിയാകണം
വെള്ളം നനയ്ക്കുന്നത് കൂടുന്നതും കുറയുന്നതും ഇല മഞ്ഞളിപ്പിന് കാരണമാകാറുണ്ട്. ദിവസവും ഒരു നേരം നനയ്ക്കുക. കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും അനുസരിച്ചായിരിക്കണം നനയ്‌ക്കേണ്ടത്.
Discussion about this post