കൃഷിയിടങ്ങളിലെ എലിശല്യം വലിയ പ്രതിസന്ധി തന്നെയാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. ഭക്ഷ്യധാന്യങ്ങളും മറ്റുല്‍പ്പന്നങ്ങളും ഭക്ഷണമാക്കുന്നതിനൊപ്പം വലിയൊരു ശതമാനം ഭക്ഷ്യവസ്തുക്കള്‍ കാഷ്ഠവും രോമവും മൂത്രവും കൊണ്ട് മലിനമാക്കപ്പെടുന്നുണ്ട്. കൂടാതെ പ്രധാന ജന്തുജന്യ രോഗങ്ങളുടെ വാഹകരായും എലികള്‍ വര്‍ത്തിക്കുന്നു. വളരെ പെട്ടെന്ന് വംശവര്‍ദ്ധന നടത്താനുള്ള കഴിവ്, ഒളിഞ്ഞിരിക്കുന്ന സ്വഭാവം, ചെറിയ ശരീരം എന്നിവയെല്ലാം ഇവയുടെ നിയന്ത്രണം ബുദ്ധിമുട്ടുള്ളവയാക്കുന്നു.കൃഷിയിടങ്ങളിലെ എലി ശല്യം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
മൂഷിക വര്‍ഗത്തില്‍പ്പെടുന്ന വിവിധ ജീവികള്‍
വിവിധയിനം എലികള്‍ തന്നെയാണ് കൃഷിയിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വീടുകളിലും പരിസരങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഇനമാണ് റാറ്റസ് റാറ്റസ് എന്ന ശാസ്ത്രനാമമുള്ള വീട്ടെലികള്‍. ശുചിത്വം കുറഞ്ഞ ചുറ്റുപാടുകളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഇവയുടെ ഏകദേശം 16 ഉപവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. പൊതുവെ ഇവയുടെ വാല്‍ മൊത്തം ശരീര വലിപ്പത്തേക്കാള്‍ നീളം കൂടിയതും ഇരുണ്ടതുമായിരിക്കും.
വലിപ്പത്തില്‍ കുഞ്ഞനെങ്കിലും നാശമുണ്ടാക്കുന്നതില്‍ മുന്നിലാണ് ചുണ്ടെലികള്‍. മസ് മസ്‌കുലസ്, മസ് ബുടുക എന്ന രണ്ടിനം ചുണ്ടെലികളുണ്ട്. വീട്ടിലും പരിസരങ്ങളിലും നാശമുണ്ടാക്കുന്നവയാണ് മസ് മസ്‌കുലസ്. ഇവ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍ തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം കേടുവരുത്തുന്നു. കൃഷിയിടങ്ങളില്‍ കണ്ടുവരുന്ന മസ് ബുടുഗ വിവിധ വിളകള്‍ക്ക് പലതരം നാശമുണ്ടാക്കുന്നു.
കൃഷിയിടങ്ങളില്‍ സാധാരണ കണ്ടുവരുന്ന വലിപ്പമുള്ള എലികളാണ് തുരപ്പന്‍ എലി എന്നറിയപ്പെടുന്ന ബാന്റികോട്ട ബംഗാളെന്‍സസ്. നെല്ല്, മരച്ചീനി, പഴങ്ങള്‍, പച്ചക്കറികള്‍ എന്ന വേണ്ട മണ്ണില്‍ വളരുന്ന എല്ലാ വിളകള്‍ക്കും ഇവന്‍ ഒരു പേടി സ്വപ്‌നമാണ്. കൃഷിയിടങ്ങളില്‍ കാണുന്ന വലിയ മാളങ്ങളും അതിന് മുന്നിലെ ഇളകിയ മണ്ണും ഇവന്റെ സാന്നിധ്യം അറിയിക്കുന്നു.
തുരപ്പന്‍ എലിയേക്കാള്‍ വലിപ്പമുള്ളവയാണ് പന്നി എലി എന്നറിയപ്പെടുന്ന ബാന്റികോട്ട ഇന്‍ഡിക്ക. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവ വീടുകള്‍, മതിലുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഭീഷണിയാണ്. ഇതിന് പുറമെ ജര്‍ബിലുകള്‍, വയലെലി, ബ്രൗണ്‍ എലി, ഹിമാലയന്‍ എലി തുടങ്ങിയ വിവിധയിനം എലികളും പല തരത്തിലുള്ള നാശമുണ്ടാക്കുന്നു.
എലികളെ കൂടാതെ വിളകള്‍ക്ക് നാശമുണ്ടാക്കുന്ന മൂഷിക വര്‍ഗത്തില്‍പ്പെട്ട മറ്റൊരു ജീവിയാണ് അണ്ണാന്‍. മനുഷ്യവാസമുള്ള പ്രദേശങ്ങള്‍, മരപ്പൊത്തുകള്‍, ചുമരിന്റെ വിടവുകള്‍, പാറക്കെട്ടുകള്‍ തുടങ്ങി പലയിടത്തും ഇവ കാണപ്പെടുന്നു. കൊക്കോ പോലുള്ള വിളകളില്‍ വലിയ നാശമാണ് ഇവയുണ്ടാക്കുന്നത്.
ഈ അടുത്ത കാലത്തായി കേരളത്തില്‍ തെങ്ങുകൃഷിക്ക് ഏറെ ഭീഷണിയായിട്ടുള്ള ജീവിയാണ് മലയണ്ണാന്‍. വൃക്ഷങ്ങളില്‍ നിന്ന് വൃക്ഷങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇവ മറ്റ് വിളകള്‍ക്കും ഏറെ നാശമുണ്ടാക്കുന്നു.
പാറയിടുക്കുകളില്‍ വസിച്ച് ചുറ്റുമുള്ള കാര്‍ഷിക വിളകള്‍ക്ക് നാശമുണ്ടാക്കുന്ന മൂഷിക വര്‍ഗത്തില്‍പ്പെട്ട മറ്റൊരു ജീവിയാണ് ഇന്ത്യന്‍ മുള്ളന്‍പന്നി എന്നറിയപ്പെടുന്ന ഹിസ്ട്രിക്‌സ് ഇന്‍ഡിക. ഇവയുടെ ശരീരം മുഴുവന്‍ വെളുപ്പും തവിട്ടു കലര്‍ന്ന കറുപ്പും ഇടകലര്‍ന്ന മുള്ളുകള്‍ നിറഞ്ഞതാണ്.
ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഉളിപ്പല്ലുകളാണ് മൂഷികവര്‍ഗ ജീവികളുടെ പൊതുവായ സവിശേഷത. ഉളപ്പല്ലുകള്‍ അമിതമായി വളരുന്നത് ഇവയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നതിനാല്‍ എപ്പോഴും കാര്‍ന്നുതിന്നുക എന്നത് ഇവയുടെ സ്വഭാവമാണ്. അതുകൊണ്ടാണ് ഏത് സാഹചര്യത്തില്‍ ജീവിച്ചാലും ഇവ നമുക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത്.
നെല്‍കൃഷി സംരക്ഷിക്കാന്‍
കൃഷിയിടത്തില്‍ നേരിട്ടുണ്ടാക്കുന്ന നഷ്ടം വിളകളുടെ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുന്നു. നെല്‍കൃഷിയുടെ എല്ല ഘട്ടങ്ങളിലും എലികളുടെ ആക്രമണമുണ്ടാകാറുണ്ട്. പാകിയ വിത്തുകളും പറിച്ചുനടുന്ന തൈകളും നശിപ്പിക്കുന്നത് മുതല്‍ നെന്മണികള്‍ നശിപ്പിച്ചുമെല്ലാം ഇവ നെല്‍കൃഷിക്ക് നാശമുണ്ടാക്കുന്നു. കൃഷിയിടങ്ങളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നതും കള നിയന്ത്രണം ഉറപ്പുവരുത്തുന്നതുമെല്ലാം കൃഷിയിലെ എലി ശല്യം കുറയ്ക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളാണ്. കൃഷിയിടങ്ങളില്‍ പറ്റുന്നിടത്ത് വെള്ളം കെട്ടിനിര്‍ത്തുന്നത് എലികളുടെ മാളങ്ങള്‍ നശിപ്പിക്കുന്നതിന് സഹായിക്കും. ഇതിന് പുറമെ വരമ്പുകള്‍ ചെറുതാക്കി നിര്‍മ്മിക്കുകയാണെങ്കില്‍ എലികള്‍ക്ക് മാളങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. മടലുകള്‍ നാട്ടി മൂങ്ങ പോലുള്ള പക്ഷികള്‍ക്ക് ഇരിപ്പിടം ഒരുക്കി എലികളെ നശിപ്പിക്കാനാകും. പാടശേഖരത്തിന് ചുറ്റുമുള്ള പുല്ലുകളും കുറ്റിക്കാടുകളും വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ എലികളെ നിയന്ത്രിക്കാന്‍ സാധിക്കും.
കിഴങ്ങുവര്‍ഗ വിളകളും എലികളും
കിഴങ്ങുവര്‍ഗ വിളകളില്‍ എലികളുടെ ആക്രമണം രൂക്ഷമാണ്. മരച്ചീനി കൃഷിയില്‍ തടങ്ങള്‍ ആക്രമിക്കുന്നതിലൂടെ ചെറുപ്രായത്തില്‍ ചെടിക്ക് മുഴുവനായും വളര്‍ന്ന ശേഷം കിഴങ്ങുകള്‍ക്കും നാശമുണ്ടാക്കുന്നു. ബാന്റികോട്ട ബംഗാളന്‍സസ് എന്ന തുരപ്പന്‍ എലിയാണ് ഇവിടത്തെ പ്രധാന പ്രശ്‌നക്കാരന്‍. ഇതുകൂടാതെ കൊക്കോ തുടങ്ങിയ തോട്ടവിളകള്‍, പഴം-പച്ചക്കറി വിളകള്‍, ഉദ്യാന സസ്യങ്ങള്‍ തുടങ്ങിയവയിലും എലികളുടെ ആക്രമണം നാശനഷ്ടങ്ങളുണ്ടാക്കുന്നു.
ഗോഡൗണുകളും ധാന്യപുരകളും
മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഭീഷണിയാണ്. കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണുകളിലും എലികള്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്. സംഭരിക്കുന്ന ധാന്യത്തിന്റെ ഏകദേശം 25-30 ശതമാനം വരെ നഷ്ടമാണ് ഗോഡൗണുകളിലും ധാന്യപുരകളിലും വീട്ടെലി, ചുണ്ടെലി മുതലായവ മൂലമുണ്ടാകുന്നത്. ഷെഡുകളിലും മറ്റും ചെയ്യുന്ന കൂണ്‍കൃഷി ഉള്‍പ്പെടെയുള്ളവയ്ക്കും എലികള്‍ വലിയ നാശനഷ്ടമുണ്ടാക്കുന്നു. ഗോഡൗണുകളും ധാന്യപുരകളും ഉണ്ടാക്കുമ്പോള്‍ പരിസരത്ത് നിന്നും എലികള്‍ക്ക് കെട്ടിടത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്ന രീതിയില്‍ വേണം നിര്‍മ്മാണം.കെട്ടിടത്തിന്റെ ചുവരുകളും വാതിലുകളുമെല്ലാം എലിശല്യം ഒഴിവാക്കുന്ന രീതിയിലായിരിക്കണം. കെട്ടിടത്തിനുള്ളില്‍ ശാസ്ത്രീയമായ ഭൂമീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
തെങ്ങുകള്‍ നശിക്കാതെ നോക്കാം
എലികള്‍ ചെറുതെങ്ങുകളുടെ കടകള്‍ തിന്നുനശിപ്പിക്കുകയും കായ്ക്കുന്ന തെങ്ങുകളില്‍ കരിക്കിന്റെ ഞെട്ടിന്റെ ഭാഗം തുരന്ന് ഭക്ഷിക്കുകയും ചെയ്യുന്നു. തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നത് തെങ്ങില്‍ എലികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.താഴെ നിന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ വീതിയുള്ള ലോഹ തകിടോ കട്ടിയുള്ള പ്ലാസ്റ്റിക്കോ തെങ്ങിന്‍ തടിയില്‍ കെട്ടിവെക്കുന്നത് വഴി തടിയിലൂടെ മണ്ടയിലെത്തുന്ന എലികളെ തടയുന്നു.
തെങ്ങിന്‍കുലകളിലെ കരിക്കും തേങ്ങയും കുറഞ്ഞ സമയം കൊണ്ട് പൂര്‍ണമായും നശിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും. പുളി തുടങ്ങിയവയിലും ഇവയുടെ ശല്യമുണ്ട്. വൃക്ഷങ്ങളിലൂടെ ചാടി സഞ്ചരിക്കുന്നതിനാല്‍ ഇവ വളരെ വേഗം നാശമുണ്ടാക്കുന്നു. എന്നാല്‍ വന്യമൃഗ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇവയെ നശിപ്പിക്കാന്‍ കഴിയില്ല എന്നത് കര്‍ഷകരെ അലട്ടുന്ന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ അവ കൃഷി സ്ഥലങ്ങളില്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ.
എലികളുടെ അത്ര പ്രശ്‌നക്കാരല്ലെങ്കിലും അണ്ണാനും വിവിധ വിളകളില്‍ നാശമുണ്ടാക്കുന്നുണ്ട്. കായയുടെ നടുഭാഗം തിന്ന് നശിപ്പിക്കുന്നതാണ് കൊക്കോയില്‍ അണ്ണാന്റെ ആക്രമണ ലക്ഷണം. കൊക്കോയില്‍ പലപ്പോഴും മലയണ്ണാന്റെ ശല്യവും രൂക്ഷമാണ്.ഇവ കായ്കള്‍ മുഴുവനായി നശിപ്പിക്കുന്നു.
വിവിധ എലിവിഷങ്ങള്‍
കൃഷിയിടങ്ങളില്‍ ഫലപ്രദമായ നിയന്ത്രണം ഒരുക്കുന്നതിന് എലികളുടെ സാന്നിധ്യവും സജീവതയും പരിശോധിക്കണം. പല വിധ കെണികള്‍ ഒരുക്കിയും എലിവിഷം വെച്ചുമാണ് കൃഷിയിടങ്ങളില്‍ സാധാരണ നിയന്ത്രണം സാധ്യമാക്കുന്നത്. പല വിളകളില്‍ ആക്രമണം നടത്തുന്ന വ്യത്യസ്തയിനം എലികളെ പിടിക്കാനായി വിവിധയിനം കെണികളാണ് സജ്ജമാക്കാറുള്ളത്. അടിച്ചില്‍ കെണി, എലിപ്പെട്ടികള്‍, ഷര്‍മാന്‍ കെണി തുടങ്ങിയവയെല്ലാം ഉപയോഗിക്കാറുണ്ട്. എലിശല്യം കൂടുതല്‍ കാണുന്ന ഇടങ്ങളിലോ അവയുടെ സഞ്ചാരപാതകളിലോ മാളങ്ങള്‍ക്കരികിലോ കാഷ്ഠങ്ങള്‍ കാണപ്പെടുന്ന ഇടങ്ങളിലോ കെണികള്‍ ഒരുക്കിയാല്‍ ഇവയെ പെട്ടെന്ന് പിടിക്കാനാകും. നിലക്കടല വെണ്ണയോ മറ്റ് വസ്തുക്കളോ ഇത്തം കെണികളില്‍ എലികളെ ആകര്‍ഷിക്കാനുള്ള ഇരയായി വെക്കാറുണ്ട്.
എലിവിഷം ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഏത് വിഷം, എത്ര അളവില്‍, എങ്ങനെ ഉപയോഗിക്കണം എന്നുള്ള ശാസ്ത്രീയ ശുപാര്‍ശ കൃത്യമായി പാലിക്കണം. രണ്ട് തരത്തിലാണ് എലിവിഷം മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്. അക്യൂട്ട് പോയ്‌സണ്‍ എന്ന് പറയുന്ന സിങ്ക് ഫോസ്‌ഫൈഡ് പോലുള്ള വിഷങ്ങളും ക്രോണിക് പോയ്‌സണെന്ന് പറയുന്ന ബ്രോമോണ്‍ ഡൈലാന്‍ അടിസ്ഥാനത്തിലുള്ള വിഷങ്ങളുമാണ് അവ. സിങ്ക് ഫോസ്‌ഫൈഡ് തുടങ്ങി പൊടിരൂപത്തിലുള്ളതും പെട്ടെന്ന് മരണകാരണമാകുന്നതുമായ വിഷം ഉപയോഗിച്ചുള്ള രാസനിയന്ത്രണം ഫലപ്രദമാകണമെങ്കില്‍ എലികള്‍ ഇവയിലേക്ക് വികര്‍ഷിക്കപ്പെടാതിരിക്കണം. ഇതിനായി ആദ്യ ദിവസങ്ങളില്‍ വിഷം ചേര്‍ക്കാത്ത ആഹാരം മാളങ്ങളില്‍ വെച്ചുകൊടുക്കണം. പ്രീബെയ്റ്റിംഗ് എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ബ്രോമാ ഡൈലോണ്‍ തുടങ്ങിയ കേക്ക് രൂപത്തിലുള്ള വിഷ വസ്തുക്കള്‍ പതിയെ മരണം വിതയ്ക്കുന്നവയാണ്. ഇവ വെക്കുമ്പോള്‍ പ്രീ ബെയ്റ്റിംഗ് ആവശ്യമില്ല. സാധാരണ ആദ്യ മൂന്ന് ദിവസങ്ങളില്‍ പ്രീ ബെയ്റ്റിംഗിനായി തീറ്റ മിശ്രിതം വെക്കുകയും നാലാം ദിവസം ഒരു കിലോ തീറ്റമിശ്രിതത്തിന് 20 ഗ്രാം എന്ന തോതില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ത്തി വെക്കുകയും എട്ടാം ദിവസത്തിന് ശേഷം ബ്രോമാ ഡൈലോണ്‍ തുടങ്ങിയ കേക്ക് രൂപത്തിലുള്ള വിഷ വസ്തുക്കള്‍ വെക്കുകയുമാണ് ഫലപ്രദമായ രീതി.
കെണിയൊരുക്കാം
ഒരു ഹെക്ടറില്‍ ഏതാണ്ട് 54 ഷര്‍മാന്‍ കെണികളും 60 അടിച്ചില്‍ കെണികളും ഒരുക്കാം. ഇതോടൊപ്പം മങ്കൊമ്പ് കെണി, നാടന്‍ കെണികള്‍ തുടങ്ങിയ പരമ്പരാഗത കെണികളും കര്‍ഷകര്‍ ഒരുക്കാറുണ്ട്.കൃഷിയിടങ്ങളിലെ എലി നിയന്ത്രണം ഫലവത്താകാന്‍ അവിടെയുള്ള എലികളുടെ സ്വഭാവം നിരീക്ഷിക്കേണ്ടതുണ്ട്. പല തരത്തിലുള്ള ഭക്ഷണം കൃഷിയിടത്തില്‍ വിവിധ ഇടങ്ങളിലായി വെക്കണം.അടുത്ത ദിവസം വെയിറ്റ് നോക്കി എലി എത്ര അളവ് എടുത്തു എന്ന് മനസിലാക്കണം.എലി ഏത് തരം ഭക്ഷണമാണ് കഴിക്കുന്നത് എന്ന് മനസിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ആ ഭക്ഷണത്തിലായിരിക്കണം എലിക്കുള്ള വിഷം വെക്കേണ്ടത്.
കെണികള്‍ വെച്ചോ, എലിവിഷം വെച്ചോ ഏത് രീതിയില്‍ എലികളെ കൊന്നാലും അവയെ ശരിയായ രീതിയില്‍ മറവുചെയ്യേണ്ടത് അത്യാവശ്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, തൃശൂര്‍
Discussion about this post