പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനാണ് നാം ചെടികൾ വളർത്തുന്നത്. എന്നാൽ എത്ര ശ്രമിച്ചാലും പൂക്കൾ വരാൻ ഏറെ പണിപ്പെടേണ്ടിവരുന്നു. പല മരുന്നുകൾ പ്രയോഗിച്ചാലും ഫലം കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. എന്നാൽ രാസവളങ്ങൾ ഇല്ലാതെ തന്നെ അടുക്കള മാലിന്യം വളമാക്കി നൽകിയാൽ നല്ല മികവുറ്റ പൂക്കൾ വളർത്തിയെടുക്കാവുന്നതാണ്.
ചെടികൾക്ക് വളരെ മികച്ച ജൈവവളമാണ് മുട്ടത്തോട്. എന്നാലത് വെറുതെ ചെടികളുടെ ചുറ്റിനും ഇട്ടാൽ പോരാ. പൂക്കൾ പുഷ്പിക്കാൻ മുട്ടത്തോട് മികച്ച ഓപ്ഷനാണ്. മുട്ടത്തോട് പൊടിച്ച് നന്നായി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചയെങ്കിലും ഇപ്രകാരം വെയിലത്ത് വച്ച് നന്നായി ഉണക്കിയെങ്കിൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. ഉണക്കിയതിന് ശേഷം വീണ്ടും നന്നായി പൊടിക്കണം. ഇത് ചെടികളുടെ ചുറ്റുമായി നിക്ഷേപിക്കുക. ഏറ്റവും മികച്ച ജൈവവളമാണിത്.
ചായ ഉണ്ടാക്കിയതിന് ശേഷം ലഭിക്കുന്ന തേയില ചണ്ടിയും മികച്ച വളമാണ്. ഇതും വെയിലത്ത് വച്ച് ഉണക്കിയെടുത്താൽ ചെടികളിൽ വളമായി ഉപയോഗിക്കാം. പഴത്തൊലിയും ചെടികൾക്ക് നല്ലതാണ്. തൊലി വെറുതെ കഷ്ണങ്ങളാക്കി ചെടിയിൽ ഇടുകയോ ഉണക്കി പൊടിച്ചതിന് ശേഷം ഇടുകയോ ചെയ്യാം.
കപ്പലണ്ടി പിണ്ണാക്കും കടലപിണ്ണാക്കുമാണ് പൂവിടുന്ന ചെടികൾക്ക് പറ്റിയ മറ്റൊരു ജൈവവളം. ഇവ വെള്ളത്തിൽ മൂന്ന് ദിവസം ഇട്ട് പുളിപ്പിച്ചെടുക്കണം. തുടർന്ന് ഇത് തെളിച്ചെടുത്ത് സ്പ്രേ രൂപത്തിൽ ചെടിക്ക് അടിച്ചുകൊടുക്കുക. ഒരു ഗ്ളാസ് തെളിച്ചെടുത്ത പിണ്ണാക്കിന്റെ വെള്ളവും ഒപ്പം മൂന്ന് ഗ്ളാസ് വെള്ളവും ചേർത്ത് ചെടിക്ക് തളിച്ചുകൊടുക്കുക.
ways to blossom plants
Discussion about this post