അമ്പലവയലിൽ പൂക്കളുടെ ഉത്സവത്തിന് കൊടിയേറി. ജനുവരി 1 മുതൽ 15 വരെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഒരുക്കുന്ന പുഷ്പോത്സവം തുടങ്ങി കഴിഞ്ഞു. ഇത്തവണയും പൂക്കളിൽ ഒരുക്കിയ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് പൂപ്പൊലി രാജ്യാന്തര പുഷ്പോത്സവം. 200ലധികം സ്റ്റാളുകളാണ് ഇതിൻറെ ഭാഗമായി അധികൃതർ ഒരുക്കിയിട്ടുള്ളത്. ഒപ്പം വടംവലി, പുഷ്പലങ്കാരം പച്ചക്കറികളിലെ കൊത്തുപണി, കാർഷിക പ്രശ്നോത്തരി, കുക്കറി ഷോ പെൻസിൽ ഡ്രോയിങ്,ഫ്ലവർ ബോയ് ആൻഡ് ഫ്ലവർ ഗേൾ തുടങ്ങിയ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും.
എല്ലാ വർഷത്തെയും പോലെ വിദേശ വിഭാഗത്തിൽപ്പെട്ട വിവിധയിനം പൂക്കൾ ഈ പുഷ്പോത്സവത്തിന്റെ ഭാഗമാകും. ഒപ്പം പൂക്കൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള അനേകം കലാസൃഷ്ടികളും ഉണ്ടാകും. കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നൽകുന്ന രീതിയിൽ ലംബ രീതിയിലുള്ള പൂന്തോട്ട ഘടകങ്ങൾ ഇത്തവണത്തെ പുഷ്പോത്സവത്തിന്റെ പ്രധാന ആകർഷക ഘടകമായി മാറും. ഒപ്പം നിരവധി കാർഷിക വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ഉണ്ടാകും. ഒപ്പം എല്ലാ ദിവസവും കലാസന്ധ്യയും ഉണ്ടാകും. കെഎസ്ആർടിസിയുമായി സഹകരിച്ച് ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡുകളിൽ പ്രത്യേകം ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നതാണ്.
Discussion about this post