തണ്ണിമത്തന്‍ കൃഷിക്ക് ഒരുങ്ങാം. സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ 6-8മണിക്കൂര്‍ വെയില്‍ കിട്ടുന്ന നല്ല ഇളക്കം ഉള്ള നീര്‍വാര്‍ച്ച ഉള്ള സ്ഥലം തന്നെ വേണം.
അകലം : വരികള്‍ തമ്മില്‍ 3 മീറ്റര്‍. വരിയിലെ തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ (ഒരു സെന്റില്‍ 7തടം).
രണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴി എടുത്ത് ,മേല്‍മണ്ണ് തിരികെ കുഴിയില്‍ ഇട്ടു പകുതി മൂടി, 200ഗ്രാം കുമ്മായം ചേര്‍ത്ത് നന്നായി ഇളക്കി 14 ദിവസം കഴിഞ്ഞു. ഒരു തടത്തില്‍ 15കിലോ അഴുകി പൊടിഞ്ഞ ചാണക പൊടി, 40 ഗ്രാം യൂറിയ, 75ഗ്രാം മസ്സൂറിഫോസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത് ഒരു തടത്തില്‍ 4-5വിത്തുകള്‍ പാകാം.
മുളച്ച് രണ്ടാഴ്ച കഴിഞ്ഞു കരുത്തുള്ള 3 തൈകള്‍ നിര്‍ത്തി ബാക്കി ഉള്ളവ പിഴുതു കളയാം.
പടരാന്‍ തുടങ്ങുമ്പോള്‍ വേണമെങ്കില്‍ ഓലകള്‍ തറയില്‍ ഇട്ടു കൊടുക്കാം.
വള്ളി വീശുമ്പോഴും പൂക്കള്‍ നിറയെ വരാന്‍ തുടങ്ങുമ്പോഴും 25ഗ്രാം വീതം യൂറിയ മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം .
തടങ്ങളില്‍ നന്നായി കരിയിലകള്‍ കൊണ്ട് പുതയിടുന്നത് നല്ലതാണ്.
മിതമായി നനച്ചു കൊടുക്കുക.
പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഒന്നിട വിട്ട ദിവസങ്ങളില്‍ നനയ്ക്കാം.
കായ്കള്‍ മൂത്തു വരുമ്പോള്‍ നന കുറയ്ക്കണം.
മത്തന്‍ വണ്ടുകള്‍, ആമ വണ്ട്, കായീച്ച എന്നിവ വരാതെ നോക്കണം.
മൃദു രോമ പൂപ്പു, പൊടിപ്പൂപ്പ് എന്നീ കുമിള്‍ രോഗങ്ങളെയും സൂക്ഷിക്കണം.
വള്ളികള്‍ ഒരു മീറ്റര്‍ നീളം എത്തുമ്പോള്‍ തലപ്പ് ഭാഗം നുള്ളി കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുന്നതു നല്ലതാണ്.
ഒരു വള്ളിയില്‍ 2-3 കായ്കളില്‍ കൂടുതല്‍ ഉണ്ടായാല്‍ വലിപ്പം കുറഞ്ഞേക്കാം.
നട്ടു 75-100 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയും. ഇനങ്ങള്‍ക്ക് അനുസരിച്ചു ഇത് വ്യത്യാസപ്പെടാം.
വള്ളിയും അതിന്റെ tendrils (സ്പ്രിങ് പോലെ ഉള്ള ഭാഗം ) ഒക്കെ ഉണങ്ങാന്‍ തുടങ്ങി, തറയില്‍ പറ്റി ഇരിക്കുന്ന കായുടെ ഭാഗം വെളുത്ത നിറമായി മാറുമ്പോള്‍, കായില്‍ തട്ടി നോക്കുമ്പോള്‍ അടഞ്ഞ ശബ്ദം ആകുമ്പോള്‍ വിളവെടുക്കാം.
ഒരു തടത്തില്‍ നിന്നും 15കിലോ വരെ കായ്കള്‍ ലഭിക്കും. ഷുഗര്‍ബേബി ഇനത്തിന് നീല കലര്‍ന്ന കറുപ്പ് നിറമുള്ള തോടും കടുത്ത പിങ്ക് നിറമുള്ള കാമ്പും ചെറിയ വിത്തുകളും ആണ്. 3-5കിലോ വരെ തൂക്കം ഉള്ള കായ്കള്‍. 85ദിവസം കൊണ്ട് കായ്കള്‍ മൂപ്പെത്തും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post