അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഫലങ്ങളിലൊന്നാണ് തണ്ണിമത്തൻ അഥവാ വത്തക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി കൃഷി ചെയ്യാൻ സാധിക്കുന്ന തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയാണ്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള ഫലമാണിത്. 95 ശതമാനം വരെ ജലാംശം അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. വൈറ്റമിൻ എ, സി, പൊട്ടാസ്യം, കാൽസ്യം എന്നിങ്ങനെ മറ്റനേകം പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനുമെല്ലാം ഉത്തമഫലമാണ് തണ്ണിമത്തൻ.
ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ സമയം. ഷുഗർ ബേബി, അർക്ക ജ്യോതി എന്നിവയാണ് പ്രധാന ഇനങ്ങൾ. ഷോണിമ, സ്വർണ്ണ എന്നിവ വിത്ത് ഇല്ലാത്ത ഇനങ്ങളാണ്. നന്നായി വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ നടാനായി ഉപയോഗിക്കാം.
നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. നല്ല നീർവാർച്ചയുള്ള, മണൽ കലർന്ന പശിമരാശി മണ്ണാണ് കൃഷിക്ക് നല്ലത്.6.5 മുതൽ ഏഴു വരെയാണ് അനുയോജ്യമായ പി എച്ച്. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ വരികൾ തമ്മിൽ 3 മീറ്ററും ചെടികൾ തമ്മിൽ രണ്ട് മീറ്ററും അകലം പാലിക്കാൻ ശ്രദ്ധിക്കാം. 45 സെന്റീമീറ്റർ ആഴത്തിലും 60 സെന്റീമീറ്റർ വീതിയുമുള്ള കുഴികളിൽ മേൽമണ്ണ്, ചാണകം, രാജ്ഫോസ്, പൊട്ടാഷ് എന്നിവ അടിവളമായി ചേർത്ത് വിത്തു പാകാം. ഒരു കുഴിയിൽ 4 മുതൽ 5 വിത്തുകൾ വരെ പാകണം. വിത്തുകൾ മുളച്ച് കഴിഞ്ഞാൽ ആരോഗ്യമുള്ള തൈകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റാം.
പച്ചചാണകം, കടലപ്പിണ്ണാക്ക് മിശ്രിതം പുളിപ്പിച്ച ലായിനി എന്നിവ തണ്ണിമത്തന് പറ്റിയ വളങ്ങളാണ്. ജലസേചനം ആവശ്യത്തിന് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നര മാസം കൊണ്ട് വിളവെടുക്കാനാകും. 3 മാസം കൊണ്ട് വിളവ് തരുന്ന ഇനമാണ് അർക്കാ ജ്യോതി.
ഇലകൾ കരണ്ട് തിന്നുകയും വേരുകൾ നശിപ്പിക്കുകയും ചെയ്യുന്ന മത്തൻ വണ്ടുകളാണ് തണ്ണിമത്തൻ കൃഷിയിലെ പ്രധാന ശല്യക്കാർ. ഇവയെ നിയന്ത്രിക്കാൻ ഓരോ കുഴിയിലും 20 ഗ്രാം എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ചേർത്ത് കൊടുക്കാം. ഇലകളുടെ അടിയിൽ പതിക്കത്തക്കവിധം പുകയില കഷായം തളിക്കുന്നതും നല്ലതാണ്.
Discussion about this post