വാണ്ടറിംഗ് ജ്യൂ എന്ന പേരിൽ തന്നെയുണ്ട് ഈ സസ്യത്തിന്റെ സ്വഭാവം. വാണ്ടറിങ് എന്ന വാക്കിന്റെ അർത്ഥം അലഞ്ഞുതിരിയുക എന്നാണല്ലോ. ഒരിടത്ത് നട്ടാൽ പിന്നെ ദിശ നോക്കാതെ എല്ലാ വശങ്ങളിലേക്കും പടർന്നു പോകുന്ന സസ്യമാണിത്. കാര്യമായ പരിചരണമോ വളപ്രയോഗമോ ഒന്നുംതന്നെ ആവശ്യമില്ല. പൂന്തോട്ടങ്ങളിലും അകത്തളങ്ങളിലും ഒരുപോലെ സൗന്ദര്യം പകരുന്ന അലങ്കാര സസ്യമാണ് വാണ്ടറിംഗ് ജ്യൂ.
ട്രെടെസ്കാൻഷ്യ എന്ന ജനുസ്സിൽപ്പെട്ട സസ്യങ്ങളാണ് വാണ്ടറിംഗ് ജ്യൂ എന്ന പേരിൽ അറിയപ്പെടുന്നത്.സെബ്രിന, ഫ്ലുമിനെൻസിസ്, പല്ലിട എന്നീ സ്പീഷീസുകളാണ് സാധാരണയായി നാം നട്ടുവളർത്തുന്നത്. സീബ്രയെ അനുസ്മരിപ്പിക്കുന്ന ഇലകളാണ് സെബ്രിനയുടേത്. വെളുപ്പും പച്ചയും പർപ്പിളുംകലർന്ന വരയൻ ഇലകളാണിവയ്ക്ക്. കൂട്ടത്തിൽ ഏറ്റവും സുന്ദരിയാണ് പല്ലിട. നീളമുള്ള കൂർത്ത ഇലകൾക്ക് പർപ്പിൾ നിറമാണ്. പിങ്ക്, ലാവെൻഡർ, വെള്ള എന്നീ നിറങ്ങളിലുള്ള പൂക്കളും വാണ്ടറിംഗ് ജ്യൂ ചെടിയിൽ കാണാം.
ഗ്രൗണ്ട് കവറായി വളർത്താൻ ഏറ്റവും അനുയോജ്യമായ സസ്യങ്ങളിലൊന്നാണ് വാണ്ടറിംഗ് ജ്യൂ. വളരെ വേഗത്തിൽ ഇവ പടർന്നു വളരും. വൃക്ഷങ്ങളുടെ ചുവട്ടിൽ നട്ടുപിടിപ്പിച്ചാൽ നല്ല ഭംഗിയുണ്ടാകും. ഹാങ്ങിങ് പ്ലാന്റായി വളർത്താനും ഏറെ നല്ലതാണ്. ഇലകളുടെ അടിയിലെ പർപ്പിൾ നിറം എടുത്തറിയുന്നത് ഇങ്ങനെ വളർത്തുമ്പോഴാണ്.
വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവ് വാണ്ടറിംഗ് ജ്യൂവിനെ ഒരു നല്ല അകത്തള സസ്യമാക്കി മാറ്റുന്നു നല്ല വെയിൽ ഉള്ള ഇടങ്ങളിൽ നട്ടാൽ ഇലകൾക്ക് നല്ല നിറമുണ്ടാകും. എന്നാൽ തണലുള്ള ഇടങ്ങളിലും ഇവ നന്നായി വളരും ഇലകളുടെ നിറം മങ്ങി ഇരിക്കാൻ സാധ്യതയുണ്ടെന്ന് മാത്രം. ഇൻഡോർ പ്ലാന്റായി വളർത്തുമ്പോഴും ഇലകൾക്ക് നിറം കുറവായിരിക്കും.
നല്ല നീർവാർച്ചയുള്ള ഇടങ്ങളിലാണ് വാണ്ടറിംഗ് ജ്യൂ നടേണ്ടത്. മണ്ണ് വരണ്ട് പോകാത്ത വിധത്തിൽ നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ചെടികൾക്ക് ആരോഗ്യം കുറവാണെങ്കിൽ വളരെ കുറഞ്ഞ തോതിൽ നേർപ്പിച്ച ദ്രാവക ജൈവവളങ്ങളോ കമ്പോസ്റ്റോ കാലിവളമോ ചേർത്തുകൊടുക്കാം. ചട്ടികളിൽ വളർത്തുമ്പോൾ വളർന്ന്നിറയുന്നതിനനുസരിച്ച് മാറ്റി നടാം. ചെടിയുടെ ആരോഗ്യവും ആകൃതിയും നിലനിർത്തുന്നതിന് കൊമ്പുകോതുന്നത് നല്ലതാണ്. കമ്പുകൾ ഒടിച്ചു നട്ടു പുതിയ തൈകൾ ഉൽപാദിപ്പിക്കാം. മണൽ, ചാണകപ്പൊടി, മണ്ണ് എന്നിവ സമം ചേർത്ത് നിറച്ച ചട്ടിയിൽ കമ്പുകൾ നട്ട് പുതിയ ചെടികൾ വളർത്തിയെടുക്കാം..
Discussion about this post