മലയാളിയുടെ അടുക്കളയിലെ പ്രധാന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക. രുചിയേറിയതും ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതുമായ അനേകം ഗുണങ്ങൾ വെണ്ടയ്ക്കക്കുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഫലമാണിത്.
കൃഷിയെ സ്നേഹിക്കുന്ന വരെ തിരിച്ചും സ്നേഹിക്കുന്ന വിളയാണ് വെണ്ട. ശരിയായ രീതിയിൽ പരിപാലിച്ചാൽ അത് നല്ല വിളവ് നൽകും. വളരെ എളുപ്പത്തിൽ വീട്ടുവളപ്പിൽ തന്നെ നമുക്ക് വെണ്ട കൃഷി ചെയ്യാം. ഫെബ്രുവരി-മാർച്ച്, ജൂൺ- ജൂലൈ, ഒക്ടോബർ- നവംബർ എന്നീ മാസങ്ങളാണ് വെണ്ട നടാൻ ഏറ്റവും നല്ലത്.
പ്രത്യേകം തയ്യാറാക്കിയ മണ്ണിലോ ഗ്രോബാഗിലോ വെണ്ട നടാം. മണ്ണിൽ നടുമ്പോൾ, വരികൾക്കിടയിൽ 60 സെന്റീമീറ്ററും ഓരോ വരിയിലെയും ചെടികൾക്കിടയിൽ 45 സെന്റീമീറ്ററും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വളം നൽകേണ്ടത് എങ്ങനെ?
അടിവളമായി ജൈവവളമോ കമ്പോസ്റ്റോ ഉപയോഗിക്കാം. ഒരു സെന്റിന് 48 കിലോ എന്ന രീതിയിലാണ് അടിവളം നൽകേണ്ടത്. വിത്ത് പാകുന്ന സമയത്ത് എൻ പി കെ വളം നൽകുന്നതും നല്ലതാണ്. ഒരു സെറ്റിന് 220 ഗ്രാം നൈട്രജൻ 140 ഗ്രാം ഫോസ്ഫറസ് 250 ഗ്രാം പൊട്ടാസ്യം എന്ന രീതിയിൽ ചേർക്കാം. പാകി ഒരു മാസത്തിനുശേഷം ഒരു സെറ്റിൽ 220 ഗ്രാം നൈട്രജൻ ഒരിക്കൽ കൂടി നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും.
ഗ്രോബാഗിൽ എങ്ങനെ വെണ്ട കൃഷി ചെയ്യാം?
പ്രധാനമായും ശ്രദ്ധിക്കേണ്ടത് നടീൽ മിശ്രിതത്തിന്റെ അനുപാതമാണ്. മേൽമണ്ണ് ചകിരിച്ചോറ് ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ. പിന്നീട് ഈ മിശ്രിതം ഗ്രോ ബാഗിന്റെ മുക്കാൽഭാഗത്തോളം നിറയ്ക്കാം. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം എന്നിവ ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ ഗ്രോബാഗുകളിൽ, 10 ദിവസത്തിനുശേഷം കള നീക്കി വിത്ത് പാകാം. മിതമായ രീതിയിൽ മാത്രം നനയ്ക്കാൻ ശ്രദ്ധിക്കണം. ഗ്രോബാഗിലെ കൃഷിക്ക് ജൈവവളങ്ങൾ ആയ എല്ലുപൊടി, ചാരം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഇളം പച്ച കായകൾ ഉള്ള കിരൺ, സൽക്കീർത്തി എന്നിവയും ചുവന്ന ഫലങ്ങളുള്ള അരുണയും നല്ല വിളവ് നൽകുന്ന ഇനങ്ങളാണ്. അർക്ക അനാമിക, അർക്ക അഭയ്, സുസ്ഥിര, അഞ്ജിത, മഞ്ജിമ എന്നിവ മൊസൈക്ക് രോഗത്തെ ചെറുക്കാൻ കഴിവുള്ളവയാണ്.
സസ്യസംരക്ഷണം
കീടങ്ങളുടെ ആക്രമണം എങ്ങനെ തടയാം?
ഇലച്ചാടികളും തണ്ടും കായും തുരക്കുന്ന പുഴുക്കളും ഇലചുരുട്ടിപ്പുഴുക്കളും നിമാവിരകളുമാണ് സാധാരണയായി കണ്ടു വരുന്ന കീടങ്ങൾ.
ഇലച്ചാടികൾ
വെണ്ടയുടെ അടിഭാഗത്ത് നീരൂറ്റിക്കുടിക്കുന്ന ചെറിയ പച്ചനിറത്തിലുള്ള ചാടികളെ കാണാം. ഇവയുടെ ആക്രമണത്താൽ ഇലകൾ മുകളിലേക്ക് ചുരുളുകയും പൊള്ളലേറ്റ പോലെ കാണപ്പെടുകയും ചെയ്യും. ആക്രമണം ശക്തമായാൽ ചെടിയുടെ വളർച്ച മുരടിക്കും
ഇലച്ചാടികളെ തുരത്തുന്നതിനായി 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുകയോ 2 ml/ലിറ്റർ എന്ന തോതിൽ നിൻബിസിഡിൻ തളിക്കുകയോ ചെയ്യാം.
കായ്തുരപ്പനും തണ്ടുതുരപ്പനും
വെണ്ടയുടെ തണ്ടുകളും കായകളും തിന്നുന്ന പുഴുക്കളെ കാണാറില്ലേ? അങ്ങനെ കണ്ടാൽ അവയെ പറിച്ചെടുത്ത് ആഴത്തിൽ കുഴിച്ചിടുക. കൂടുതൽ ആക്രമണങ്ങൾ തടയാനായി 20 ദിവസത്തെ ഇടവേളകളിൽ 5 ശതമാനം വീര്യമുള്ള വേപ്പെണ്ണയോ വേപ്പിൻകുരു സത്തോ തളിക്കാം.
ഇലചുരുട്ടിപ്പുഴു
ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി ഇലകൾപറിച്ചു കളയുകയും മിത്രകീടമായ ബ്യൂവേറിയ ബാസിയാന 10 ശതമാനം വീര്യത്തിൽ തളിച്ചു കൊടുക്കുകയും ചെയ്യാം.
നിമാവിരകൾ
വേരുകളെയാണ് നിമാവിരകൾ ആക്രമിക്കുന്നത്. വേരുകളിൽ കാണപ്പെടുന്ന ഉരുണ്ട ഗാളുകൾ നിമാവിരകൾ ഉണ്ടാക്കുന്നതാണ്. ഇലകൾ മഞ്ഞളിക്കുന്നതും വളർച്ച മുരടിക്കുന്നതും കാണാം.
ചെടി നടാനുള്ള തടങ്ങളിൽ വിത്ത് പാകുന്നതിന് ഒരാഴ്ച മുൻപ് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയോ കൊണ്ട് പുതയിടുക. അതിനെ സ്ഥിരമായി നനയ്ക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത് 75 ദിവസം വരെ നിമാവിരകളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ സഹായിക്കും.
രോഗങ്ങളെ തുരത്താൻ ചെയ്യേണ്ടത്.
ഇലകളുടെ ഞരമ്പുകൾ തെളിയുകയും മഞ്ഞിക്കുകയും ചെയ്യുന്നത് കാണാം. ഇതാണ് മൊസൈക്ക് രോഗം. വെള്ളീച്ചകളും ഇലച്ചാടികളും ഈ രോഗത്തിന്റെ വാഹകരാണ്. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുകയോ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ അർക്ക -അനാമിക, സുസ്ഥിര എന്നീ ഇനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. സ്ഥിരമായി കളകൾ നീക്കം ചെയ്യുന്നതും രോഗം വരുന്നത് ഒരു പരിധി വരെ തടയും.
തൈകൾ വാടിപ്പോകാതിരിക്കാനായി പാകുന്നതിനു മുൻപ് ട്രൈക്കോഡർമ എന്ന മിത്രകൂൺ കൊണ്ട് സീഡ് ട്രീറ്റ്മെന്റ് ചെയ്യുക. ഫ്യൂസേരിയം എന്ന ഫങ്‌ഗസ് മൂലമുണ്ടാകുന്ന വാട്ടം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം സ്ഥിരമായി ഒരേ മണ്ണിൽ വെണ്ടകൃഷി ചെയ്യാതിരിക്കുക എന്നതാണ്. മണ്ണിൽ നിന്നാണ് ഈ രോഗം പകരുന്നത്.
കൃത്യമായി വളപ്രയോഗം നടത്തുന്നതും രോഗം വന്ന ഭാഗങ്ങൾ പറിച്ചു നശിപ്പിക്കുന്നതും വഴി പല കുമിൾ രോഗങ്ങളെയും തടയാനാകും.
Discussion about this post