വെള്ളരി കൃഷി ചെയ്യാൻ ഏറ്റവും നല്ല സമയമാണ് ജനുവരി- മാർച്ച് മാസങ്ങൾ. ഇത്തവണത്തെ വിഷുവിന് കണിവെള്ളരി സ്വന്തം തോട്ടത്തിൽ നിന്ന് തന്നെ ശേഖരിച്ചാലോ…
കുക്കുർബിറ്റേസി കുടുംബത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറി വിളകളിലൊന്നാണ് വെള്ളരി. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ പച്ചക്കറികളിൽ ഒന്നാണത്രേ വെള്ളരി വർഗ്ഗ പച്ചക്കറികൾ. ഇന്ത്യയാണ് വെള്ളരിയുടെ ജന്മദേശം. കണിവെള്ളരി, സാലഡ് വെള്ളരി, ദോസകായി, ഗെർകിൻ, മധുര വെള്ളരി, മുള്ളൻ കക്കിരി തുടങ്ങി അനേകം വകഭേദങ്ങൾ വെള്ളരിക്കുണ്ട്. കേരളത്തിൽ സാധാരണയായി സാലഡ് വെള്ളരിയും കണിവെള്ളരിയും കൃഷിചെയ്ത് വരുന്നുണ്ട്.
ഉഷ്ണകാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണ് വെള്ളരി വർഗ്ഗങ്ങൾ. അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞ് അല്പം വരണ്ട കാലാവസ്ഥയാണ് വെള്ളരികൃഷിക്ക് അനുയോജ്യം. ജൈവാംശം കൂടുതലുള്ള നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണിൽ വെള്ളരി നന്നായി വളരും. പുഴയോരങ്ങളിൽ കൃഷി ചെയ്യാൻ ഏറ്റവും ഉതകുന്ന വിളകളിൽ ഒന്നാണ് വെള്ളരി.
പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് വെള്ളരി. ധാരാളം ജലാംശവും ഭക്ഷ്യ നാരുകളും പ്രോട്ടീനും ജീവകം ബി 1, ബി 2, ബി 3, ബി 5, ബി 6 ബി 9, ജീവകം സി, കാൽസ്യം ഇരുമ്പ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയും വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്.
ഇനങ്ങൾ
മുടിക്കോട് ലോക്കൽ, അരുണിമ, സൗഭാഗ്യ എന്നിവ കണിവെള്ളരി ഇനങ്ങളാണ്. സൗഭാഗ്യ എന്ന ഇനത്തിന് ഇടത്തരം വലിപ്പമുള്ള നീണ്ട കായ്കളാണ്. കായുടെ അഗ്രഭാഗം മൂക്കുമ്പോൾ സ്വർണ്ണനിറമാകും. മുടിക്കോട് ലോക്കൽ എന്ന ഇനത്തിന്റെ കായകൾ പാകമാകുമ്പോൾ സ്വർണ്ണ മഞ്ഞ നിറമാകും. 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഉത്തര കേരളത്തിൽ വളർത്താൻ യോജിച്ച ഇനമാണ് അരുണിമ.ഇടത്തരം വലിപ്പമുള്ള നീണ്ട കായ്കളാണ് .ശുഭ്ര, ഹീര, പൂസ ശീതൾ എന്നിവ സാലഡ് വെള്ളരി ഇനങ്ങളാണ്. കക്കിരി എന്നും സാലഡ് വെള്ളരി അറിയപ്പെടുന്നുണ്ട്. ഹീര എന്ന ഇനത്തിന് പച്ചകലർന്ന മഞ്ഞ നിറത്തോടു കൂടിയ കായ്കളാണ്. മഴമറ കൃഷിക്ക് ഏറ്റവും യോജിച്ച വിളയാണ് കക്കിരി.
കൃഷി രീതി
60 സെന്റീമീറ്റർ വ്യാസവും 30 മുതൽ 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളിലാണ് വെള്ളരി നടേണ്ടത്. വരികൾ തമ്മിൽ രണ്ടു മീറ്ററും കുഴികൾ തമ്മിൽ ഒന്നര മീറ്ററും അകലം പാലിക്കണം.കമ്പോസ്റ്റും ജൈവവളങ്ങളും ചാണകവും മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ നാലഞ്ച് വിത്തുകൾ പാകാം. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് ഇളക്കാൻ മറക്കരുത്.ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം, 100 ഗ്രാം എല്ലുപൊടി എന്നിവ ചേർക്കുന്നത് വളരെ നല്ലതാണ്. 100 ഗ്രാം വീതം കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും രണ്ട് കിലോഗ്രാം ചാരവുമായി കൂട്ടിക്കലർത്തി തടത്തിൽ വിതറുന്നത് ഗുണം ചെയ്യും. നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും.രണ്ടാഴ്ചയ്ക്ക് ശേഷം മുളച്ചുവന്ന തൈകളിൽ ഏറ്റവും ആരോഗ്യമുള്ള മൂന്നെണ്ണം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റാം. പാകി മുളപ്പിച്ച തൈകൾ പറിച്ചു നട്ടും വെള്ളരി വളർത്താം. 15 സെന്റീമീറ്റർ ഉയരമുള്ളതും 15 മുതൽ 20 ദിവസം വരെ പ്രായമുള്ളതുമായ തൈകളാണ് പറിച്ചു നടേണ്ടത്.
കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. രണ്ടാഴ്ച ഇടവിട്ട് ജൈവവളങ്ങൾ നൽകുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോആസിഡ്, പിണ്ണാക്ക് ലായനി തുടങ്ങിയവ പത്ര പോഷണം വഴി നൽകാം.
കക്കിരി വളർത്തുമ്പോൾ അത് നിലത്ത് പടർന്നു വളരാൻ അനുവദിക്കരുത്. താങ്ങുകൾ നാട്ടി കുത്തനെ പടർത്തിയാൽ കൂടുതൽ വിളവ് ലഭിക്കും. നിലത്ത് പടർത്തുകയാണെങ്കിൽ കായ്കൾ നിലം തട്ടാതെ പുതയിട്ടു കൊടുക്കാം. വിത്ത് മുളച്ച് ഒന്നര – രണ്ട് മാസങ്ങൾക്കുള്ളിൽ കായകൾ വിളവെടുക്കാനാകും. കണിവെള്ളരിയുടെ കായകൾ നന്നായി മൂത്ത ശേഷം മാത്രമേ വിളവെടുക്കാവൂ. കക്കിരി കായ്കൾ മൂപ്പെത്തുന്നതിനു മുൻപേ പറിച്ചെടുക്കണം.
Discussion about this post