ലോക്ഡൗണ്‍ സമയം എങ്ങനെ ചെലവിടണമെന്ന് ആലോചിക്കുകയാണോ? എങ്കില്‍ കൃഷിയൊന്ന് പരീക്ഷിച്ചാലോ? പങ്കുചേരാം നിങ്ങള്‍ക്കും,
കോവിഡ് പ്രതിരോധത്തിനൊപ്പം കൃഷിയും എന്ന ആശയത്തിലൂന്നി അഗ്രി ടിവി നടത്തുന്ന ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയില്‍.
വെള്ളരി എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം.
ഒന്ന് മനസ് വെച്ചാല്‍ എല്ലാവര്‍ക്കും ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നല്ല ശുദ്ധമായ പച്ചക്കറികള്‍ വിളയിക്കാം. ഈ സമയം കൃഷി ചെയ്യാന്‍ എറ്റവും അനുയോജ്യമായ വിളയാണ് വെള്ളരി(മാര്‍ച്ച് -ഏപ്രില്‍ അനുയോജ്യം). ഉഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണ് വെള്ളരി.
വൈറ്റമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടമാണ് വെള്ളരി. കൊഴുപ്പ് വളരെ കുറഞ്ഞ അളവില്‍ മാത്രമേ വെള്ളരിയില്‍ അടങ്ങിയിട്ടുള്ളൂ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പച്ചക്കറി കൂടിയാണ് വെള്ളരി.
അന്തരീക്ഷത്തിലെ ഈര്‍പ്പം കുറഞ്ഞ് അല്പം വരണ്ട കാലാവസ്ഥയാണ് വെള്ളരി കൃഷിയ്ക്ക് അനുയോജ്യം. ജൈവാംശം കൂടുതലുള്ളതും നീര്‍വാര്‍ച്ചയുള്ളതും വളക്കൂറുള്ളതുമായ പശിമരാശി മണ്ണാണ് കൃഷി ചെയ്യാന്‍ ഉത്തമം.
സൗഭാഗ്യ, മുടിക്കോട് ലോക്കല്‍, അരുണിമ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇടത്തരം വലിപ്പമുള്ള നീണ്ട കായകള്‍ നല്‍കുന്ന ഇനമാണ് സൗഭാഗ്യ. കായയുടെ അഗ്രഭാഗം മൂക്കുമ്പോള്‍ സ്വര്‍ണ്ണനിറം ആകുന്നു. ഒരു കായക്ക് ശരാശരി ഒരു കിലോയില്‍ കൂടുതല്‍ ഭാരം വരും. വലിപ്പമുള്ളതും നീണ്ട കായകളുള്ളതുമായ മുടിക്കോട് ലോക്കല്‍ പാകമാകുമ്പോള്‍ സ്വര്‍ണ്ണ മഞ്ഞ നിറമാകും. പച്ച നിറത്തില്‍ വെള്ളപ്പൊട്ടോടുകൂടിയ കായകള്‍ ഉള്ള ഇനമാണ് അരുണിമ. പഴുക്കുമ്പോള്‍ സ്വര്‍ണ്ണ മഞ്ഞ നിറമാകും. ശരാശരി രണ്ട് കിലോഗ്രാം വരെ തൂക്കം വരും. ഉത്തര കേരളത്തിന് യോജിച്ച ഇനമാണിത്.
കൃഷി ചെയ്യേണ്ട വിധം
തടങ്ങള്‍ എടുത്ത് കൃഷി ചെയ്യാം. വരികള്‍ തമ്മില്‍ രണ്ടു മീറ്ററും ചെടികള്‍ തമ്മില്‍ ഒന്നര മീറ്ററും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. 60 സെന്റീമീറ്റര്‍ വ്യാസത്തിലും 30 മുതല്‍ 45 സെന്റി മീറ്റര്‍ ആഴത്തിലും കുഴികള്‍ എടുക്കാം. ഇതിലേക്ക് ഒരു ചിരട്ട കുമ്മായം ഇട്ട് ഇളക്കി കൊടുക്കാം. കുമ്മായം ചേര്‍ത്ത് ഒരാഴ്ചയ്ക്കുശേഷം നന്നായി അഴുകിയ ജൈവ വളം ചുവട്ടില്‍ ഇട്ടുകൊടുക്കുക. ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം 100 ഗ്രാം എല്ലുപൊടി എന്നിവ മേല്‍മണ്ണുമായി കലര്‍ത്തി നിറയ്ക്കുന്നത് നല്ലതാണ്. ഒരു തടത്തില്‍ 3 മുതല്‍ 5 വരെ വിത്തുകള്‍ സ്യൂഡോമോണാസുമായി കലര്‍ത്തി പാകാം. വിത്ത് വിതയ്ക്കുന്ന സമയത്ത് തടങ്ങളില്‍ ഈര്‍പ്പം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് രണ്ടില വന്നതിനുശേഷം കരുത്തുള്ള മൂന്ന് തൈകള്‍ നിലനിര്‍ത്തി ബാക്കിയുള്ള തൈകള്‍ പിഴുതു കളയണം.
വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും ജൈവവളം നല്‍കണം. ഒരു സെന്റിന് കോഴിവളമോ വെര്‍മി കമ്പോസ്റ്റോ ആണെങ്കില്‍ 16 കിലോയും പച്ചിലവളമാണെങ്കില്‍ 32 കിലോയും ചേര്‍ക്കണം. ഇത് 2 തവണകളായി വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും നല്‍കാം. അതല്ലെങ്കില്‍ 100 ഗ്രാം വീതം കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ രണ്ട് കിലോഗ്രാം ചാരവുമായി കൂട്ടിക്കലര്‍ത്തി തടങ്ങളില്‍ വിതറുന്നതും നല്ലതാണ്.രണ്ടാഴ്ച ഇടവിട്ട് ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളവുമായി കലര്‍ത്തി തളിക്കാം. വളര്‍ച്ച കുറയുകയാണെങ്കില്‍ വളര്‍ച്ചാ ത്വരകങ്ങളായ ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, പിണ്ണാക്ക് ലായനി തുടങ്ങിയവ ആഴ്ചതോറും പത്ര പോഷണം വഴി നല്‍കുന്നതും ഗുണം ചെയ്യും.
മണ്ണുണങ്ങാത്ത രീതിയില്‍ നന ക്രമീകരിക്കണം. പൂത്തു തുടങ്ങിയാല്‍ നന മുടക്കാന്‍ പാടില്ല. യാതൊരു കാരണവശാലും ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഇതിനോടൊപ്പം കള നിയന്ത്രണവും ഉറപ്പുവരുത്തണം. മണ്ണില്‍ ഓലകള്‍ വിരിച്ച് അതില്‍ വള്ളികള്‍ പടര്‍ത്തുന്ന രീതി സ്വീകരിക്കാം.
പരാഗണം മുഖേന കായ് പിടിക്കുന്ന വെള്ളരിയുടെ പരാഗണ സമയം രാവിലെയാണ്. തേനീച്ചകളാണ് പരാഗണത്തിന് ഏറ്റവുമധികം സഹായിക്കുന്നത്. അതിനാല്‍ വെള്ളരിയോടൊപ്പം തേനീച്ച വളര്‍ത്തുന്നത് കൃത്യമായി പരാഗണം നടക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. രണ്ടുമാസത്തിനുള്ളില്‍ വെള്ളരി വിളവെടുക്കാന്‍ പാകമാകും.
രോഗ കീട നിയന്ത്രണ മാര്‍ഗങ്ങള്‍
കായീച്ചകളെ തുരത്താനായി കായകള്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു നിര്‍ത്താന്‍ ശ്രദ്ധിക്കാം. ആക്രമണം നേരിട്ട കായ്കള്‍ യഥാസമയം പറിച്ച് നശിപ്പിക്കാം. നടുന്ന സമയത്തും നട്ട് ഒരു മാസത്തിന് ശേഷവും 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചുവട്ടില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഇതോടൊപ്പം കഞ്ഞിവെള്ള കെണി, മീന്‍ കെണി, പഴക്കെണി, തുളസിക്കെണി എന്നിവയും ഉപയോഗിക്കാം. ഫിറമോണ്‍ കെണി ആയ ക്യൂ ലൂര്‍ ഉപയോഗിച്ചും കായീച്ചകളെ കുടുക്കാം.കായീച്ചയുടെ ഫിറമോണ്‍ കെണി കാര്‍ഷിക സര്‍വകലാശാലയില്‍ ലഭ്യമാണ്. രണ്ടുമാസം വരെ ഫിറമോണ്‍ കെണികള്‍ ഉപയോഗിക്കാം. പൂവിടുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് തന്നെ കെണികള്‍ തോട്ടത്തില്‍ തൂക്കിയിടണം. ഒരുതവണ വെള്ളരി വര്‍ഗ്ഗ പച്ചക്കറികള്‍ കൃഷി ചെയ്തിടത്ത് അടുത്ത തവണ മറ്റ് വര്‍ഗ്ഗത്തില്‍പെട്ട പച്ചക്കറികള്‍ കൃഷി ചെയ്യുന്നതും കായീച്ചകളുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും.
50 ഗ്രാം വേപ്പിന്‍കുരു സത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് മത്തന്‍ വണ്ടുകളെ പ്രതിരോധിക്കാന്‍ സഹായിക്കും. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം, കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റര്‍ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റര്‍ വെള്ളവും ചേര്‍ത്ത് നിര്‍മ്മിച്ച ലായനി അരിച്ചെടുത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. ചിത്ര കീടങ്ങളെ തുരത്താന്‍ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കാം.
പലതരം മിത്രകീടങ്ങള്‍ തോട്ടത്തില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകള്‍ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ്. ജൈവകീടനാശിനികള്‍ക്കൊപ്പം ഇവയുടെ പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ ശത്രു കീടങ്ങളെ പരമാവധി നിയന്ത്രിക്കാനാകും. മിത്ര കീടങ്ങളുടെ ജീവിതചക്രത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ പ്രാണികള്‍ ഭക്ഷിക്കുന്നത് പൂമ്പൊടിയും പൂന്തേനുമാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസി, മൈലാഞ്ചി, ബന്ധി, ചെമ്പരത്തി എന്നീ പൂച്ചെടികള്‍ തോട്ടത്തില്‍ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വെള്ളരി വര്‍ഗ പച്ചക്കറികളോടൊപ്പം തേനീച്ച വളര്‍ത്തുന്നതും കൃത്യമായി പരാഗണം നടക്കാന്‍ സഹായിക്കും.
20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. മൃദുരോമപൂപ്പല്‍, ചൂര്‍ണ്ണപൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ മുകള്‍ ഭാഗത്തും അടിഭാഗത്തും തളിച്ചു കൊടുക്കാവുന്നതാണ്. രോഗാരംഭത്തില്‍ തന്നെ ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങള്‍ തീയിട്ടു നശിപ്പിച്ച ശേഷമാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്.
വൈറസ് രോഗമായ മൊസൈക്ക് പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞകളെയും തുരത്താന്‍ മുകളില്‍ പ്രതിപാദിച്ചിട്ടുള്ള ജൈവമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
Discussion about this post