തിരുവനന്തപുരം: വിലക്കയറ്റത്തിൽ പച്ചക്കറി വിപണി. പച്ചമുളകിന്റെ വില കിലോയ്ക്ക് 140 വരെയായി. മൂന്നാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും 10 മുതൽ 50 രൂപ വരെ കൂടി.
തക്കാളി, പയർ, വെണ്ട, പാവൽ, മുരിങ്ങ, ബീൻസ്, കോളിഫ്ലവർ, പച്ചമുളക്, ചേന എന്നിവയുടെ വിലയാണ് പ്രധാനമായും കൂടിയത്. ബീൻസിന് കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപയിൽ താഴെയായിരുന്നു. ഇന്നലെ ചാലയിലെ മൊത്ത വിൽപന കിലോയ്ക്ക്ക് 100-120 രൂപ വരെ ആയിരുന്നു. തക്കാളി വില 20-25 രൂപയായിരുന്നത് 70-80 രൂപയും , കാപ്സിക്കം 40-ൽ നിന്ന് 75 രൂപയായും വർദ്ധിച്ചു. ചേന കിലോയ്ക്ക് 30 രൂപയായിരുന്നത് 80 രൂപയായി. പച്ചമുളകിന് 40 രൂപയിൽ താഴെയായിരുന്നത് 130 രൂപയായി വർദ്ധിച്ചു.
കോളിഫ്ലവർ, മപരിങ്ങ, കത്തിരിക്ക എന്നിവയുടെ വിലയും 10 രൂപ മുതൽ 30 രൂപ വരെ കൂടി. ചാല മാർക്കറ്റിൽ കത്തിരിക്കയുടെ ഇന്നലത്തെ വില 50 രൂപയായിരുന്നു. ഉരുളക്കിഴങ്ങ്, സവോള എന്നിവയ്ക്കും നേരിയ വില വർദ്ധനയുണ്ട്.
രണ്ട് മാസം മുൻപ് ഇഞ്ചിക്ക് 50 രൂപയായിരുന്നത് 160 രൂപയിലെത്തി. ചെറുനാരങ്ങ വില 120 രൂപയിൽ തുടരുകയാണ്. ഏത്തയ്ക്ക് കിലോയ്ക്ക് 30 രൂപയിൽ നിന്ന് 75 രൂപയിലെത്തി. ഇതര സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതും ഉത്പാദന കുറവുമാണ് വില വർദ്ധനവിന് പിന്നിലെന്നാണ് വ്യാപാരികൾ പറയുന്നത്.
Discussion about this post