സസ്യങ്ങളുടെ വേരുകളിൽ വളർന്ന്, അവയിൽ നിന്നും നീരൂറ്റി കുടിച്ച് വിളകളുടെ വളർച്ചയെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന സൂക്ഷ്മ പരാദങ്ങളാണ് നിമാവിരകൾ. നിമാവിരകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണ് വേരു ബന്ധക നിമാവിരകൾ. ഇവയുടെ തല ഭാഗത്തെ സൂചിപോലെയുള്ള അവയവം ഉപയോഗിച്ച് സസ്യങ്ങളിൽ നിന്ന് നീരൂറ്റിക്കുടിക്കുകയും അതേസമയം തന്നെ അവയുടെ ഉമിനീർ കോശങ്ങളിലേക്ക് കുത്തിവയ്ക്കുകയും ചെയ്യും. ഈ ഉമിനീരിന്റെ പ്രവർത്തനഫലമായി ചില വളർച്ചാഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുകയും തന്മൂലം കോശങ്ങൾ അമിതമായി വിഭജിച്ച് ട്യൂമർ പോലെയുള്ള മുഴകൾ ഉണ്ടാവുകയും ചെയ്യും. ഇത്തരം സസ്യങ്ങൾക്ക് മണ്ണിൽനിന്ന് പോഷകങ്ങളും വെള്ളവും വലിച്ചെടുക്കാൻ ബുദ്ധിമുട്ടാകും. ഇതോടെ ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും. ശിഖരങ്ങളുടെ എണ്ണം കുറയുന്നതും ഇലകൾ മഞ്ഞ നിറമാകുന്നതും കാണാം. മണ്ണിൽ ഈർപ്പമുണ്ടെങ്കിലും പകൽസമയത്ത് ചെടികൾ വാടി വീഴും . വേരു ബന്ധക നിമാവിരകൾ കൂടാതെ വൃക്ക നിമാവിരകൾ, ചെടി മുരടിപ്പൻ നിമാവിരകൾ എന്നിങ്ങനെ പലതരം നിമാവിരകളുടെ ആക്രമണങ്ങൾ പച്ചക്കറികളിൽ കാണാറുണ്ട്. ഇവയുണ്ടാക്കുന്ന മുറിവുകളിലൂടെ മറ്റ് രോഗകാരികളായ ഫംഗസുകളും ബാക്ടീരിയകളും വേരിലേക്ക് പ്രവേശിക്കുകയും ചെയ്യും. തക്കാളി, പയർ, പാവൽ, വെണ്ട, വഴുതന, ക്യാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നീ വിളകളെ വേരു ബന്ധക നിമാവിരകൾ സാരമായി ബാധിക്കുന്നുണ്ട്. ഇവയുടെ ആക്രമണ ലക്ഷണങ്ങൾ പലപ്പോഴും പോഷകക്കുറവായി തെറ്റിദ്ധരിക്കാറുമുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
പോഷകക്കുറവ് പോലെയുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ചെടികളുടെ വേര് പരിശോധിച്ച് നിമാവിരകളുടെ അളവിൽ കവിഞ്ഞ സാന്നിധ്യം തിരിച്ചറിയാം. വേരിൽനിന്ന് എളുപ്പത്തിൽ അടർത്തി മാറ്റാൻ കഴിയാത്ത മുഴകൾ കാണാം. മണ്ണിൽ ഇവയുടെ സംഖ്യ പെരുകാത്തിരിക്കാൻ കൃഷിയുടെ ആരംഭത്തിൽ തന്നെ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാം. നഴ്സറികളിലും കൃഷിയിടങ്ങളിലും നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം.
കൃഷിയിടം തയ്യാറാക്കുന്ന സമയത്ത് നിലം നന്നായി ഉഴുത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെയിൽ കൊള്ളാൻ അനുവദിക്കണം. വ്യത്യസ്തമായ വിളകൾ കൊണ്ട് വിള പരിക്രമണം നടത്താം. ഒരേ വിള തന്നെ സ്ഥിരമായി ഒരു സ്ഥലത്ത് കൃഷി ചെയ്യുന്നത് രോഗ കീടങ്ങളുടെ വർദ്ധനവിന് കാരണമാകും. നഴ്സറികളിൽ ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. നിലത്ത് വെള്ളം സ്പ്രേ ചെയ്തശേഷം 150 ഗേജ് കട്ടിയുള്ള പോളിത്തീൻ ഷീറ്റുകൾകൊണ്ട് നഴ്സറി ബെഡ്ഡുകൾ മൂടി വായു കടക്കാതെ രണ്ടുമൂന്നാഴ്ച സൂര്യതാപീകരണം നടത്തിയാൽ മണ്ണിന്റെ ഊഷ്മാവ് അന്തരീക്ഷ ഊഷ്മാവ്നേക്കാൾ അഞ്ചു മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇത് നിമാവിരകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കാൻ സഹായിക്കും. ട്രൈക്കോഡർമ, സ്യൂഡോമോണാസ് എന്നിവയിലേതെങ്കിലും 25 ഗ്രാം ഒരു കിലോ ചാണകപ്പൊടിയും ചേർത്ത് നഴ്സറി തടങ്ങളിൽ ഇട്ടുകൊടുക്കാം. കാബേജ് കോളിഫ്ലവർ എന്നീ ചെടികളുടെ അവശിഷ്ടങ്ങൾ ലഭ്യമാണെങ്കിൽ ചെറുതായി മുറിച്ച് മണ്ണിൽ ചേർത്തശേഷം വെള്ളം നനച്ച് പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിവച്ച്, രണ്ടാഴ്ചയ്ക്കുശേഷം വിത്തു പാകുന്നത് നല്ലതാണ്. ഈ പ്രക്രിയയെ ജൈവധൂമീകരണം എന്ന് വിളിക്കുന്നു. നഴ്സറിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക് തൈകൾ പറിച്ചു നടുന്നതിന് മുൻപ് ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വേരുകൾ ഒരു മണിക്കൂർ നേരം മുക്കിവച്ചശേഷം നടാനായി ഉപയോഗിക്കാം. തൈകൾ നടുന്നതിന് മൂന്നാഴ്ച മുൻപ് കൃഷിയിടത്തിൽ വേപ്പില അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ചേർക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ചതുരശ്രമീറ്ററിന് 100 ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് ചേർത്തുകൊടുക്കാം. വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് പല രോഗ കീടങ്ങളെയും നശിപ്പിക്കുകയും മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം മണ്ണിൽ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ മാർഗങ്ങളിൽ ഉചിതമായവ സ്വീകരിച്ച് മണ്ണിലെ നിമാവിരകളുടെ അളവ് നിയന്ത്രിക്കാനാകും.
Discussion about this post