ചെടികളുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കും വെള്ളീച്ച. ഇലകളുടെ അടിയില്‍ വെളുത്തപൊടി പോലെയാണ് ഇവ പറ്റിപ്പിടിച്ച് കിടക്കുക.
വെള്ളീച്ചയുടെ ആക്രമണം മുഖ്യമായും കാണുന്നത് തക്കാളി, പച്ചമുളക്, വഴുതന എന്നിവയിലാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ മാത്രമേ വെള്ളീച്ചയെ പ്രതിരോധിക്കാന്‍ സാധിക്കൂ. അതല്ലെങ്കില്‍ ചെടി പൂര്‍ണമായും അവ നശിപ്പിക്കും.
വെള്ളീച്ച ശല്യം ഒഴിവാക്കാന്‍ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ പ്രയോഗിക്കാം. ജൈവകീടനാശിനികള്‍ ഇലകളുടെ അടിയിലാണ് തളിച്ചുകൊടുക്കേണ്ടത്. തുടര്‍ച്ചയായി മൂന്ന് ദിവസമെങ്കിലും ഇങ്ങനെ തളിക്കണം.
ആവണക്കെണ്ണയും വേപ്പെണ്ണയും ചേര്‍ന്ന മിശ്രിതം വെള്ളീച്ചയെ പ്രതിരോധിക്കാന്‍ പറ്റിയ ജൈവകീടനാശിനിയാണ്. നൂറുമില്ലി ലിറ്റര്‍ വേപ്പെണ്ണയും അമ്പത് മില്ലി ആവണക്കെണ്ണയും 15 മില്ലി സ്റ്റാനൊവെറ്റും ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം അതില്‍ നിന്നും 10 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ അടിയിലും വരത്തക്കവിധം തളിച്ചുകൊടുക്കണം.
വെര്‍ട്ടിസീലിയം മിശ്രിതമാണ് മറ്റൊരു പ്രതിരോധമാര്‍ഗം. വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതിന് ശേഷം അതിലേക്ക് 10 മില്ലി ആവണക്കെണ്ണയും 10 ഗ്രാം പൊടിച്ച ശര്‍ക്കരയും ചേര്‍ത്തിളക്കി തളിച്ചാല്‍ വെള്ളീച്ചകളെ തുരത്താം.
വേപ്പെണ്ണ എമെല്‍ഷന്‍ ഉപയോഗിച്ചും വെള്ളീച്ചയെ തുരത്താം. ഇതിനായി 200 മില്ലിലിറ്റര്‍ വേപ്പെണ്ണയില്‍ 50 ഗ്രാം അലക്ക് സോപ്പ് അല്‍പ്പം ചൂടുവെള്ളത്തില്‍ കലക്കിയതും 100 ഗ്രാം വെളുത്തുള്ളി അരച്ച് കലക്കിയെടുത്തതും ചേര്‍ത്ത് ശക്തികൂട്ടിയ ലായനി 15 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
അതേസമയം ചെടികളെ വെള്ളീച്ച ഗുരുതരമായി ബാധിച്ചുകഴിഞ്ഞാല്‍ ജൈവകീടനാശിനി പ്രയോഗം കൊണ്ട് കാര്യമില്ല. ഗുരുതരമായി രോഗം ബാധിച്ച ഇലകളും കൂമ്പുകളും വെട്ടിയെടുത്ത് കരിച്ച് നശിപ്പിച്ചതിന് ശേഷമാണ് ജൈവകീടനാശിനിപ്രയോഗം നടത്തേണ്ടത്.
പച്ചക്കറികളില്‍ വെള്ളീച്ചയുണ്ടോയെന്ന് ശ്രദ്ധിക്കുന്നതിനൊപ്പം ചുറ്റുമുള്ള ചെടികളിലും നിരീക്ഷണം നടത്തണം. സമീപമുള്ള പപ്പായ, ചെമ്പരത്തി തുടങ്ങിയവയുടെ ഇലകള്‍ക്കടിയില്‍ വെള്ളീച്ച താവളമാക്കാനും സാധ്യതയുണ്ട്. ഇത്തരം ചെടികളിലും മരുന്നു തളിച്ചുകൊടുക്കണം.
Discussion about this post