പച്ചക്കറി തൈകളിലെ ചുവടുചീയലും വാട്ടവുമാണ് പലരും നേരിടുന്ന പ്രശ്‌നം. എങ്ങനെ ഈ പ്രശ്‌നത്തിന് ഫലപ്രദമായ മാര്‍ഗം എന്ന് പലര്‍ക്കും അറിയുകയുമില്ല. ഈ പ്രശ്‌നം കാരണം അടുക്കളത്തോട്ടങ്ങള്‍ തന്നെ വേണ്ടെന്ന് വെക്കുന്നവരുണ്ട്. എന്നാല്‍ പച്ചക്കറി നടുന്നത് മുതല്‍ തന്നെ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മികച്ച വിളവ് ലഭിക്കുമെന്നതിന് യാതൊരു സംശയവുമില്ല. അതെന്തൊക്കെയാണെന്ന് നോക്കാം.
വിത്ത് നടുമ്പോള്‍ സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കാന്‍ സഹായിക്കും. തൈകള്‍ വേനല്‍ക്കാലത്താണ് ഉണ്ടാക്കുന്നതെങ്കില്‍ തൈചീയല്‍ വലിയ പ്രശ്നമാകാറില്ല. തൈകള്‍ പറിച്ച് നട്ടതിന് ശേഷമോ, പൂക്കള്‍ വിരിയുന്ന സമയത്തോ വാടാം. ഇത് ബാക്റ്റീരിയയുടെ ആക്രമണം മൂലവും കുമിളിന്റെയോ ചിതലിന്റെയോ ആക്രമണം മൂലവുമാകാം.
തൈ ചീയല്‍ ഒഴിവാക്കാനുള്ള ചില വഴികള്‍:
ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക.
ചെടികളുടെ കീഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ചുവടുഭാഗം ചേര്‍ത്ത് തടം ഉയര്‍ത്തി കൊടുക്കുക. വര്‍ഷക്കാലത്ത് അധികമുള്ള വെള്ളം ഒലിച്ച് പോകാനുമുള്ള സൗകര്യം ചെയ്യുകയും വേണം.
ട്രൈക്കോഡര്‍മ ചേര്‍ത്ത് തയ്യാറാക്കിയ കാലിവളം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക.
മഴക്കാലത്ത് മാത്രം പച്ചചാണകം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പച്ചച്ചാണകം ഉപയോഗിക്കുമ്പോള്‍ ചെടികളുടെ ചുവടില്‍ നിന്നും മാറി മാത്രം ഒഴിച്ച് കൊടുക്കുക.
ചിതലിന്റെ ആക്രമണം കൂടതലുള്ള മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി ഇട്ടതിന് ശേഷം നന്നായി നനയ്ക്കുക.
നല്ല ഉത്പാദനശേഷിയുള്ളതും എന്നാല്‍ വാട്ടരോഗം പെട്ടന്ന് ബാധിക്കുന്നതുമായ തൈകള്‍, വാട്ട രോഗം ബാധിക്കാത്ത ഇനം തൈകളുടെ മുകളില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ ദീര്‍ഘനാള്‍ വിളവ് ലഭിക്കുന്നതോടൊപ്പം വാട്ടരോഗത്തെ തടത്ത് നിറുത്തുകയും ചെയ്യുന്നു.
Discussion about this post