കണ്ണൂര്‍: കോവിഡ് കാലത്ത് സ്‌കൂളില്‍ നിന്ന് വിരമിച്ച രാജന്‍ മാഷ് വെറുതെയിരുന്നില്ല. രാജന്‍ കുന്നുമ്പ്രോനും അദ്ദേഹത്തിന്റെ മരതകം കൃഷി കൂട്ടായ്മയും കൂത്തുപറമ്പിലെ കൈതേരി വയലിലേക്കിറങ്ങി.
അങ്ങനെ എട്ടുവര്‍ഷം തരിശായിക്കിടന്ന രണ്ടരയേക്കര്‍ വയലിന് പച്ചക്കറി കൃഷിയിലൂടെ അവര്‍ ജീവന്‍ നല്‍കി.
ജൈവരീതിയിലാണ് ഇവിടെ രാജന്‍ മാഷും സംഘവും കൃഷി ചെയ്തത്. കൈതേരി വയലിലെ പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞ ദിവസം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.ലസിത ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറി വാങ്ങാന്‍ നിരവധി പേരാണ് എത്തിയത്.
മരതകം കൂട്ടായ്മയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കി മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവനും കൂടെയുണ്ട്. വി.വി.സുധാകരന്‍, കെ.കെ.സതീശന്‍, മുല്ലോളി സുധാകരന്‍, കെ.പി.ബാബുരാജന്‍, കുന്നുമ്പ്രോന്‍ രമേശന്‍ എന്നിവരും കുടുംബാംഗങ്ങളുമാണ് മരതകം കൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍.
തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസ്.എസിന് സംസ്ഥാനത്തെ മികച്ച സീഡ് വിദ്യാലയ പുരസ്‌കാരം നേടിക്കൊടുത്ത അധ്യാപകനാണ് രാജന്‍ കുന്നുമ്പ്രോന്‍.കൂടാതെ സംസ്ഥാനത്തെ മികച്ച കാര്‍ഷിക വിദ്യാലയ പുരസ്‌കാരവും രാജന്‍ മാഷിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയിരുന്നു.
Discussion about this post