ഈ ഓണത്തിന് പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ? വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കാം എന്ന് മാത്രമല്ല രുചിയിലും അത് വേറിട്ടു നില്‍ക്കും. ഓണത്തിന് പച്ചക്കറി വിളവെടുക്കണമെങ്കില്‍ ഇപ്പോഴേ കൃഷി തുടങ്ങണം. എന്നാല്‍ വളരെ ശ്രദ്ധയോടെ കൃഷി ചെയ്താല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളു. ഏതൊക്കെ കൃഷികളാണ് ഓണക്കാലത്ത് വിളവെടുക്കാനായി ഇപ്പോഴേ നടേണ്ടതെന്ന് നോക്കാം.
മത്തന്‍, കുമ്പളം
മെയ് മാസം ആദ്യമാണ് മത്തന്‍, കുമ്പളം എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങേണ്ടത്. ഇത് നടുമ്പോള്‍ വരികള്‍ തമ്മില്‍ നാലര മീറ്ററും ചെടികള്‍ തമ്മില്‍ 2 മീറ്ററും അകലം ഉണ്ടായിരിക്കണം. നട്ട് 90 ദിവസം ആകുമ്പോള്‍ ഇതിന്റെ വിളവെടുക്കാം.
പാവല്‍, പടവലം
പാവല്‍, പടവലം എന്നിവയുടെ കൃഷി ജൂണ്‍ ആദ്യം തുടങ്ങണം. ചെറിയ പോളിബാഗിലോ ട്രേയിലോ തൈകള്‍ ഉണ്ടാക്കി നിര്‍ത്തണം. തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 60 ദിവസം മുതല്‍ ഇതിന്റെ വിളവെടുപ്പ് തുടങ്ങാം.
വള്ളി പയര്‍
ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് വള്ളി പയര്‍. ഗ്രോ ബാഗിലോ തടമുണ്ടാക്കിയോ വിത്തു നടാം. ചെറിയ പന്തലുണ്ടാക്കി കൊടുത്താല്‍ അതിലേക്ക് വള്ളി പടര്‍ന്ന് പോകും. ഒന്നരയടി അകലത്തില്‍ വിത്തിടണം. 50 ദിവസത്തില്‍ തന്നെ ഇതിന്റെ വിളവെടുക്കാം.
വെണ്ട
വെണ്ടയുടെ കൃഷി ജൂലൈ ആദ്യം തുടങ്ങണം. ഉയരത്തില്‍ പണകള്‍ എടുത്തു നടുക. പണകള്‍ തമ്മില്‍ രണ്ടടി അകലവും പണയിലെ ചെടികള്‍ തമ്മില്‍ 40 രാ അകലവും വേണം.ഒരു സെന്റില്‍ 150 എണ്ണം നടാം. നട്ടു 45 ദിവസം മുതല്‍ വിളവെടുക്കാം.
വെള്ളരി
വെള്ളരി കൃഷി ജൂണ്‍ പകുതിയോടെ തുടങ്ങണം. തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വരികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലവും വരിയിലെ ചെടികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലവും വേണം. നട്ട് 55 ദിവസം മുതല്‍ വിളവെടുക്കാം.
വഴുതന, മുളക്, തക്കാളി
വഴുതന, മുളക്, തക്കാളി എന്നിവ നടാന്‍ ഒരേ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ജൂണ്‍ ആദ്യമാണ് ഇത് നടേണ്ടത്. ചട്ടികളിലോ ട്രേകളിലോ തൈകള്‍ ഉണ്ടാക്കി നാലാഴ്ച കഴിയുമ്പോള്‍ പറിച്ചു നടണം. ഇവ 75ദിവസം മുതല്‍ വിളവെടുക്കാം.
Discussion about this post