എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്.വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഉമ നെൽവിത്ത് കൃഷിഭവൻ വഴി സൗജന്യമായി വിതരണം നടത്തി. ഇപ്പോൾ കൊയ്ത്ത് ആരംഭിച്ചിരിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, ‘വടക്കേക്കര പൊന്നരി’ എന്ന ശീർഷകത്തിൽ വിപണിയിലെത്തിക്കുവാനുള്ള നടപടികൾ ചെയ്തു വരികയാണ്.
സമുദ്രനിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശമാണ് വടക്കേക്കരയുടേത്. കൂടാതെ ഉപ്പ് കലർന്ന മണ്ണും. ഒരു മഴ പെയ്താൽ ഇവിടത്തെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകും. ചിട്ടയായ പഠനങ്ങളിലൂടെ ഇവിടുത്തെ മണ്ണിൻ്റെ ഘടനയിലും കൃഷിരീതിയിലും സമഗ്രമായ മാറ്റം വരുത്തി. മഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കിളച്ച് നിലമൊരുക്കി നെൽകൃഷി ആരംഭിച്ചപ്പോൾ വടക്കേക്കരയിൽ കണ്ടത് അപ്രതീക്ഷിത വിജയം.
ജൈവ കാർഷികരംഗത്തെ ഇടപെടലുകളുടെ ഭാഗമായി പരമ്പരാഗതമായി നാട്ടിൽ കൃഷി ചെയ്തിരുന്നതും, എന്നാൽ വംശനാശ ഭീഷണി നേരിടുന്നതുമായ സുഗന്ധ ഔഷധ നെൽകൃഷിയും വടക്കേക്കരയിൽ ചെയ്യുന്നുണ്ട്. ഞവര, ഗന്ധകശാല, രക്തശാലി മുതലായ ഔഷധ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. ഉമ, ചെട്ടിവിരിപ്പ്, ജൈവ, കാഞ്ചന മുതലായ നെല്ലിനങ്ങളുടേയും കൃഷിയുണ്ട്.
Discussion about this post