മനസ് വെച്ചാല്‍ ഏത് പഴങ്ങളും പച്ചക്കറികളും എവിടെ വേണമെങ്കിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിട്ടുള്ള എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു കാര്യമാണ് മലയാളികളുടെ പ്രിയനടി ഉര്‍വ്വശിയും പറഞ്ഞുതരുന്നത്. ചെന്നൈയിലെ തന്റെ വീട്ടില്‍ പ്ലാവും മാവും മാതവളവും നാരകവും നെല്ലിക്കയും പപ്പായയും പേരയ്ക്കയുമെല്ലാം വളര്‍ത്താന്‍ കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ ഉര്‍വ്വശി പങ്കുവെക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു. തമിഴ് ചാനല്‍ പരിപാടിയിലാണ് ഉര്‍വ്വശി തന്റെ വീടും പരിസരവും പരിയചപ്പെടുത്തിയത്.
വീടിന്റെ ഗേറ്റിന് സമീപത്ത് തന്നെയുള്ള പ്ലാവില്‍ നിന്നാണ് തന്റെ പ്രിയപ്പെട്ട ചെടികളെ ഉര്‍വശി പരിചയപ്പെടുത്തി തുടങ്ങുന്നത്. ചെന്നൈയില്‍ അധികമാരും വെച്ചുപിടിപ്പിക്കാത്ത പ്ലാവ്, ഒരു ആഗ്രഹത്തിന്റെ പുറത്ത് വെച്ചുപിടിപ്പിച്ചതാണെന്ന് ഉര്‍വശി പറയുന്നു. ഇന്നതില്‍ നിന്ന് നിറയെ കായ്ഫലങ്ങള്‍ ലഭിക്കുന്നു.
ചെന്നൈയിലെ ഈ വീടിന്റെ പ്രധാന ആകര്‍ഷണം മുറ്റം നിറഞ്ഞുനില്‍ക്കുന്ന നാരകമാണ്. ഏഴ് വര്‍ഷം പ്രായമുള്ള ഈ നാരകം ആറാം വര്‍ഷത്തിലാണ് കായ്ച്ചുതുടങ്ങിയത്. ഇപ്പോള്‍ സുലഭമായി ഇതില്‍ നിന്ന് കായ്ഫലം ലഭിക്കുന്നു. അടുത്തുള്ളവര്‍ക്കും വരുന്നവര്‍ക്കുമെല്ലാം കൊടുത്തുവിടാറുണ്ടെന്ന് ഉര്‍വശി പറയുന്നു.
നാരകം കഴിഞ്ഞയുടന്‍ മുല്ലച്ചെടിയുണ്ട്. അതുകഴിഞ്ഞാല്‍ വീണ്ടുമൊരു പ്ലാവുണ്ട്. കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും സുലഭമായ മാവ്, പ്ലാവ്, വാഴ എന്നിവ ഇപ്പോള്‍ ടെറസില്‍ വരെ വളര്‍ത്തുന്നവരുണ്ട്. അങ്ങനെയാണ് എന്തുകൊണ്ട് പ്ലാവ് ചെന്നൈയിലും വളര്‍ത്തിക്കൂടാ എന്ന ചിന്തയിലേക്ക് എത്തിയതെന്ന് ഉര്‍വശി പറയുന്നു. ഇത് വെച്ച് കായ്ഫലം ലഭിച്ചപ്പോഴാണ് ഗേറ്റിന് സമീപത്തുള്ള പ്ലാവും വെക്കാന്‍ തീരുമാനിച്ചത്. വേര് പടര്‍ന്ന് വീടിന് കേടുപാടുണ്ടാകുമോ എന്ന ഭയത്താലാണ് പലരും പ്ലാവ് വെച്ചുപിടിപ്പിക്കാത്തത്. എന്നാല്‍ ഇവിടെ അല്‍പ്പം വിട്ടാണ് പ്ലാവ് വെച്ചിരിക്കുന്നത്. അല്‍പ്പമെങ്കിലും സ്ഥലമുള്ളവര്‍ക്കെല്ലാം പ്ലാവ് നട്ടുപിടിപ്പിക്കാമെന്ന് പറയുന്നു ഉര്‍വശി. പ്ലാവിലയുടെ ഔഷധഗുണങ്ങളും ഉര്‍വശി വിവരിക്കുന്നു.
താന്‍ വീട്ടില്‍ പല തവണ പ്ലാവ് വെച്ചുനോക്കിയെങ്കിലും പിടിച്ചില്ല. ഒടുവില്‍ വിജയിക്കുക തന്നെ ചെയ്തു. ഒരെണ്ണം നല്ല പോലെ വളര്‍ന്നു കായ്ച്ചു. ഒരെണ്ണം കായ്ച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഒരെണ്ണം കൂടി നട്ടു. മനസ് വെച്ചാല്‍ ഏത് പഴവും ഏത് സ്ഥലത്തും കായ്ക്കുമെന്ന് അനുഭവത്തിലൂടെ ഉര്‍വശി പറയുന്നു.
മാവുകളുമുണ്ട് ഇവിടെ. ഒരു മാവിന്റെ സമീപത്തായി ഒരു മീന്‍കുളവുമുണ്ട്. കിണറിന് പോലുമുണ്ട് പ്രത്യേകത. മരത്തിന്റെ രൂപത്തിലുള്ള കിണറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മാതളം, നാരകം, മാവ്, ലക്ഷ്മി തരു, സീതപ്പഴം, ഇരുമ്പന്‍പുളി, പേര, പപ്പായ തുടങ്ങിയവയുമുണ്ട്. ഓരോ പഴത്തിന്റെയും പ്രത്യേകതകളും ഔഷധഗുണങ്ങളുമെല്ലാം ഉര്‍വശി വിവരിക്കുന്നുണ്ട്.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും നട്ടുവളര്‍ത്താറുണ്ടെന്നും ഉര്‍വശി പറയുന്നു. സ്ഥലക്കുറവിന്റെ പേരില്‍ ആരും പച്ചക്കറികള്‍ വെച്ചുപിടിപ്പിക്കാതിരിക്കരുതെന്ന് പറയുന്നു ഉര്‍വശി. പ്ലാസ്റ്റിക് കവറിലോ പഴയ പാത്രത്തിലോ പ്ലാസ്റ്റിക് ബോട്ടിലിലോ പച്ചക്കറി നട്ടുവളര്‍ത്താമെന്നും ഉര്‍വ്വശി കൂട്ടിച്ചേര്‍ത്തു.
Discussion about this post